26 April Friday

നേതാവാര്‌: പഞ്ചാബ്‌ കോൺഗ്രസിൽ പ്രതിസന്ധി ; ചന്നിക്കെതിരെ അകാലിദൾ നേതാവ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022


ന്യൂഡൽഹി
മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കണമെന്ന സമ്മർദ്ദവും പ്രഖ്യപിച്ചാലുള്ള ആഘാതവും പഞ്ചാബ്‌ കോൺഗ്രസിൽ പ്രതിസന്ധി സൃഷ്ടിച്ചു. ഭഗ്‌വന്ത്‌ മാനിനെ എഎപി പ്രഖ്യാപിച്ച സാഹചര്യത്തിൽ നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത്‌ സിങ്‌ ചന്നിയെ തന്നെ ഉയർത്തിക്കാട്ടണമെന്നാണ്‌ ഒരുവിഭാഗത്തിന്റെ ആവശ്യം. പിസിസി അധ്യക്ഷൻ നവ്‌ജ്യോത്‌ സിങ്‌ സിദ്ദു, മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝക്കർ തുടങ്ങിയവരും മുഖ്യമന്ത്രിസ്ഥാനത്തിൽ കണ്ണുവച്ചിട്ടുള്ളതിനാൽ ഹൈക്കമാൻഡ്‌ പ്രതിസന്ധിയിലാണ്‌. കൂട്ടായ നേതൃത്വം തെരഞ്ഞെടുപ്പിനെ നേരിടുമെന്നാണ്‌ ഹൈക്കമാൻഡ്‌ പ്രഖ്യാപിച്ചിരുന്നത്‌.

എന്നാൽ, എഎപി പ്രഖ്യാപിച്ച സാഹചര്യത്തിൽ കോൺഗ്രസും തയ്യാറാകണമെന്നാണ്‌ ചന്നി പക്ഷത്തിന്റെ ആവശ്യം. 2012ലും 2017ലും അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നുവെന്ന്‌ ചന്നി പക്ഷക്കാരനായ മന്ത്രി ബ്രം മൊഹീന്ദ്ര പറഞ്ഞു. മന്ത്രിയായ റാണ ഗുർജിത്ത്‌ സിങ്ങും മൊഹീന്ദ്രയോട്‌ യോജിച്ചു.

ചന്നിയുടെ കാര്യത്തിൽ ആശയകുഴപ്പം തുടരുന്നത്‌ ഗുണം ചെയ്യില്ലെന്ന്‌- ഗുർജീത്ത്‌ സിങ്‌ പറഞ്ഞു. ചന്നിയെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ സിദ്ദു അടക്കമുള്ളവർ ഇടയുമോയെന്ന ആശങ്കയിലാണ്‌ നേതൃത്വം. ദളിത്‌ സിഖ്‌ വിഭാഗക്കാരനായ ചന്നിയെ പ്രഖ്യാപിച്ചാൽ മറ്റ്‌ ജാതി വിഭാഗങ്ങൾ എതിരാകുമോയെന്ന ഭയവുമുണ്ട്‌.

ചന്നിക്കെതിരെ അകാലിദൾ നേതാവ്
പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് മുതിർന്ന അകാലി നേതാവ് ബിക്രം സിങ്‌ മജിതിയ. തന്റെ മണ്ഡലമായ രൂപ്‌നഗർ ജില്ലയിലെ ചംകൗർ സാഹിബിൽ ന‌ടന്ന മണൽ ഖനനത്തിൽ മുഖ്യമന്ത്രിക്കു പങ്കുണ്ട്. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം സംബന്ധിച്ച് തെരഞ്ഞെടുപ്പു കമീഷന് പരാതി നൽകുന്നതിനു  മുമ്പ് ചന്നിയു‌ടെ അനന്തരവന്റെ സ്ഥാപനത്തിൽനിന്ന് എങ്ങനെയാണ് വൻതുക പിടിച്ചെടുത്തതെന്ന് കോൺഗ്രസ് വിശദീകരിക്കണമായിരുന്നുവെന്നും മജിതിയ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top