01 December Friday

ചാന്ദ്രയാൻ 3 : ലാൻഡറും റോവറും ഉണരുന്നില്ല ; ശ്രമം ഇന്നുകൂടി

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023


തിരുവനന്തപുരം
ചാന്ദ്രയാൻ 3 ദൗത്യ ലാൻഡറിനെയും റോവറിനെയും വീണ്ടും പ്രവർത്തിപ്പിക്കാൻ ശനിയാഴ്‌ച കൂടി ഐഎസ്‌ആർഒ ശ്രമം നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 18 ദിവസമായി ശീതനിദ്രയിലാണ്‌ ഇരുപേടകങ്ങളും. ലാൻഡർ ഇരിക്കുന്ന ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം പൂർണതോതിൽ എത്തിയിട്ടുണ്ട്‌. 100 മീറ്റർ അപ്പുറത്തുള്ള റോവറിലെ സൗരോർജപാനലിലും സൂര്യപ്രകാശം എത്തിയതായാണ്‌ നിഗമനം. ബാറ്ററി പ്രവർത്തിച്ചിരുന്നെങ്കിൽ സിഗ്‌നലുകൾ ലഭിച്ചു തുടങ്ങേണ്ടതാണ്‌. എന്നാൽ അതുണ്ടായിട്ടില്ല. ബംഗളൂരുവിലെ ഐഎസ്‌ആർഒ സെന്ററായ ഇസ്‌ട്രാക്കിൽനിന്ന്‌ കമാൻഡുകൾ അയച്ചെങ്കിലും ലാൻഡർ പ്രതികരിച്ചില്ല.

ദക്ഷിണധ്രുവത്തിലെ രാത്രി താപനില മൈനസ്‌ 200 ഡിഗ്രിസെൽഷ്യസുവരെ താണിരുന്നു. രണ്ടാഴ്‌ച നീളുന്ന ഈ അതിതീവ്ര തണുപ്പിനെ അതിജീവിക്കാൻ ഇരു പേടകങ്ങൾക്കും കഴിഞ്ഞോ എന്നറിയാൻ ഒരു ദിവസം കൂടി കാക്കേണ്ടിവരും. ദക്ഷിണധ്രുവത്തെപ്പറ്റി നിർണായക വിവരങ്ങളും ചിത്രങ്ങളും രണ്ടാഴ്‌ച നീണ്ട പര്യവേക്ഷണ കാലാവധിയിൽ ഇവ ലഭ്യമാക്കിയിരുന്നു. ചാന്ദ്രപ്രതലത്തിനടിയിൽ ജലസാന്നിധ്യത്തെപ്പറ്റിയുള്ള വിവരങ്ങളും ഇക്കൂട്ടത്തിൽപ്പെടും. പേടകങ്ങൾ അയച്ച വിവരങ്ങൾ ശാസ്‌ത്രലോകം പഠിക്കുകയാണ്‌. ചന്ദ്രനിൽ പകൽ അവസാനിച്ചതോടെ സുരക്ഷയ്ക്കായി  കഴിഞ്ഞ അഞ്ചിനാണ്‌ പേടകങ്ങളെ സ്ലീപ്‌ മോഡിലാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top