18 April Thursday

ഖാദറിന്റെ ആർഎസ്‌എസ്‌ പ്രേമത്തിൽ വെട്ടിലായി ലീഗ്‌ ; പരിപാടിയിൽ പങ്കെടുത്തത്‌ 
പാർടി നിലപാടെന്ന്‌ ഖാദർ

റഷീദ്‌ ആനപ്പുറംUpdated: Thursday Jun 23, 2022


മലപ്പുറം
മുസ്ലിംലീഗ്‌ നേതാവ്‌ കെ എൻ എ ഖാദറിന്റെ ആർഎസ്‌എസ്‌ പ്രേമത്തോട്‌ പ്രതികരിക്കാനാകാതെ നേതാക്കൾ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കൻ സംസ്ഥാന പ്രസിഡ‍‍‍‍ന്റ്‌ സാദിഖലി തങ്ങൾ തയ്യാറായില്ല. ആർഎസ്എസ്‌ വേദിയിൽ ലീഗ്‌ പോകാറില്ലെന്നു പറഞ്ഞ്‌ ഒഴിഞ്ഞുമാറുകയായിരുന്നു അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഡോ. എം കെ മുനീർ മാത്രമാണ്‌ ഖാദറിനെ തള്ളിപ്പറഞ്ഞത്‌.

എന്നാൽ, ആർഎസ്‌എസ്‌ പരിപാടിയിൽ പങ്കെടുത്തതിനെ ന്യായീകരിക്കുകയാണ്‌ ഖാദർ. നേതൃത്വം മൗനംതുടരുമ്പോൾ സമൂഹമാധ്യമങ്ങളിൽ ഖാദറിനെതിരെ അണികളുടെ പൊങ്കാലയാണ്‌.  പ്രവാസി വ്യവസായി എം എ യൂസഫലിക്കെതിരെ കെ എം ഷാജി നടത്തിയ പ്രസ്‌താവനയുടെ ക്ഷീണം മാറുംമുമ്പാണ്‌ ഖാദറിന്റെ പുതിയ ബോംബ്‌. ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ വീടുകൾ സംഘപരിവാർ ബുൾഡോസർ ഉപയോഗിച്ചു തകർക്കുമ്പോൾ  നേതാവിന്റെ ആർഎസ്‌എസ്‌ ചങ്ങാത്തം ലീഗിനെ വരുംദിവസങ്ങളിലും വേട്ടയാടും. അതിനിടെ, ഖാദറിൽനിന്ന്‌ വിശദീകരണംതേടി മുഖംരക്ഷിക്കാനുള്ള നീക്കത്തിലാണ്‌  നേതൃത്വം.

ചൊവ്വ വൈകിട്ടാണ്‌ കോഴിക്കോട്‌ കേസരിയിൽ ആർഎസ്‌എസ്‌ സംഘടിപ്പിച്ച സ്‌നേഹബോധി സാംസ്‌കാരിക സംഗമത്തിൽ ഖാദർ പങ്കെടുത്തത്‌. ആർഎസ്‌എസ്‌ പ്രജ്ഞാപ്രവാഹ്‌ അഖില ഭാരതീയ കാര്യദർശി ജെ നന്ദകുമാർ ഷാളണിയിച്ചാണ്‌ സ്വീകരിച്ചത്‌. ഇവിടെ ഖാദർ ആർഎസ്‌എസിനെതിരെ ഒരക്ഷരം മിണ്ടിയതുമില്ല.

ആർഎസ്‌എസിനോടുള്ള ലീഗിന്റെ ചങ്ങാത്തം ആദ്യമല്ല. കഴിഞ്ഞദിവസം തിരൂരിൽ ലീഗ്‌ യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ എം ഷാജി ലൗ ജിഹാദ്‌ വിഷയത്തിൽ ആർഎസ്‌എസിന് ക്ലീൻചിറ്റ്‌ നൽകിയിരുന്നു. മോദി മോഡലിനെ വാഴ്‌ത്തിയ നേതാവാണ്‌ ഷാജി.  പൗരത്വ രജിസ്‌റ്റർ ഫോറം പൂരിപ്പിക്കാൻ ലീഗ്‌ വള​ന്റിയർമാരെ നിയോഗിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ ആർഎസ്‌എസിന്റെ പ്രീതി പിടിച്ചുപറ്റിയതും കെ എൻ എ ഖാദറായിരുന്നു. ഇതിന്‌ പ്രത്യുപകാരമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ ഖാദറിന്‌ ബിജെപിയുടെ പിന്തുണയും കിട്ടി. സുരേഷ്‌ ഗോപി  എംപി പരസ്യമായാണ്‌ ഖാദറിന്‌  പിന്തുണ പ്രഖ്യാപിച്ചത്‌. സാദിഖലി ശിഹാബ്‌ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ലീഗ്‌ സൗഹൃദസംഗമം അവസാനിക്കാറായപ്പോഴാണ്‌ പുതിയ തലവേദന.

പരിപാടിയിൽ പങ്കെടുത്തത്‌ 
പാർടി നിലപാടെന്ന്‌ ഖാദർ
ആർഎസ്‌എസിന്റെ പരിപാടിയിൽ പങ്കെടുത്തത്‌ മുസ്ലിംലീഗ്‌ നിലപാടനുസരിച്ചെന്ന്‌ കെ എൻ എ ഖാദർ. സംഘപരിവാർ സംഘടനകളുടെ മുഖ പ്രസിദ്ധീകരണമായ കേസരി കോഴിക്കോട്ട്‌ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത്‌ തെറ്റാണെന്ന്‌ തോന്നുന്നില്ലെന്ന്‌ ഖാദർ സമൂഹമാധ്യമങ്ങളിൽ ന്യായീകരിച്ചു. പ്രസിഡന്റ്‌ സാദിഖലി ശിഹാബ്‌ തങ്ങൾ എല്ലാ ജില്ലകളിലും നടത്തിവരുന്ന സൗഹാർദ സദസിൽ സന്യാസിമാരെയും മഹർഷിമാരെയും ക്രിസ്‌ത്യാനികളെയും ബിഷപ്പുമാരെയും പാതിരിമാരെയുമൊക്കെ പങ്കെടുപ്പിച്ചിട്ടുണ്ട്‌.  അപ്പോൾ അവർ വിളിച്ചാൽ നമ്മൾ പോകുന്നത്‌  തെറ്റാണെന്ന്‌ തോന്നുന്നില്ലെന്നും രണ്ടര മിനിറ്റ്‌ വീഡിയോയിൽ  ഖാദർ ന്യായീകരിച്ചു. എന്നാൽ ഹിന്ദുമത വക്താക്കളായി അവതരിപ്പിച്ച്‌ ആർഎസ്‌എസിനെ  വെള്ളപൂശാനുള്ള    ഖാദറിന്റെ ശ്രമം അപലപനീയമാണെന്ന്‌ ലീഗ്‌ അണികളും നേതാക്കളും  വിമർശിച്ചു.  ആർഎസ്‌എസ്‌ ചടങ്ങിൽ പങ്കെടുത്തതിനേക്കാൾ അപകടകരമാണ്‌ ഖാദറിന്റെ ന്യായീകരണം എന്നാണ്‌ പൊതുവികാരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top