20 April Saturday

വൈകിപ്പിക്കരുത്‌ ; ജഡ്‌ജി നിയമനത്തിൽ കടുപ്പിച്ച്‌ കൊളീജിയത്തിന്റെ പ്രമേയം

എം അഖിൽUpdated: Wednesday Mar 22, 2023


ന്യൂഡൽഹി
ജഡ്‌ജി നിയമനത്തിൽ കേന്ദ്ര സർക്കാരിന്റെ പക്ഷപാതിത്വം അംഗീകരിക്കാനാകില്ലെന്നും നിയമനം വൈകിപ്പിക്കരുതെന്നും താക്കീത്‌ നൽകി സുപ്രീംകോടതി കൊളീജിയം.  കൈമാറുന്ന ശുപാർശകളിൽ ചിലത്‌ തെരഞ്ഞുപിടിച്ച്‌ തടഞ്ഞുവയ്ക്കുന്ന കേന്ദ്രനിലപാടിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി കൊളീജിയം പ്രമേയം പുറപ്പെടുവിച്ചതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായി.

സംഘപരിവാർ രാഷ്‌ട്രീയത്തിന്‌ അനഭിമതരായവരെ നീതിന്യായ രംഗത്തുനിന്നും കേന്ദ്രസർക്കാർ മാറ്റിനിർത്തുകയാണെന്ന വിമർശം ശക്തമാണ്‌. ഇതിനെതിരെ നേരത്തേയും സുപ്രീംകോടതി കൊളീജിയം രംഗത്ത്‌ വന്നിരുന്നു. ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിനുപുറമേ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്‌ജിമാരായ ജസ്റ്റിസ്‌ സഞ്‌ജയ്‌കിഷൻകൗൾ, ജസ്റ്റിസ്‌ കെ എം ജോസഫ്‌ എന്നിവരും പ്രമേയത്തിൽ ഒപ്പിട്ടു.
കൊളീജിയം കൈമാറിയ ശുപാർശകളിൽ ഉടൻ തീരുമാനം വേണമെന്ന്‌ പ്രമേയം ആവശ്യപ്പെട്ടു. നേരത്തേ കൈമാറിയതും ആവർത്തിച്ചതുമായ ശുപാർശകളും തടഞ്ഞുവയ്ക്കുന്നു. മദ്രാസ്‌ ഹൈക്കോടതി ജഡ്‌ജിയായി അഡ്വ. ജോൺ സത്യനെ നിയമിക്കാമെന്ന്‌ ജനുവരി 17ന്‌ കൊളീജിയം രണ്ടാമതും ശുപാർശ ചെയ്‌തിരുന്നു. ഇതും കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ജോൺ സത്യന്‌ ഒപ്പം കൈമാറിയ മറ്റ്‌ ചില ശുപാർശകൾ  നേരത്തേ അംഗീകരിച്ചു. പ്രധാനമന്ത്രി മോദിക്ക്‌ എതിരായ ലേഖനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതാണ്‌ ജോൺ സത്യന്റെ ‘അയോഗ്യത’യ്‌ക്ക്‌ കാരണം. ആർഎസ്‌എസ്‌, ബിജെപി സഹയാത്രികയായ വിക്ടോറിയാഗൗരിയെ ജഡ്‌ജിയാക്കാമെന്ന ശുപാർശ കേന്ദ്രം അതിവേഗം അംഗീകരിച്ചിരുന്നു. കേരളാ ഹൈക്കോടതിയിലെ മുതിർന്ന ജഡ്‌ജിമാരിൽ ഒരാളായ ജസ്റ്റിസ്‌ കെ വിനോദ്‌ചന്ദ്രനെ പട്‌ന ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി നിയമിക്കാമെന്ന കൊളീജിയം ശുപാർശയിലും തീരുമാനമെടുത്തിട്ടില്ല.

ആദ്യം നൽകിയ ശുപാർശകൾ പിടിച്ചുവയ്ക്കുകയും പിന്നീട്‌ നൽകിയ ശുപാർശകൾ അംഗീകരിക്കുകയും ചെയ്യുന്നത്‌ ശരിയായ പ്രവണതയല്ലെന്ന്‌ പ്രമേയം ചൂണ്ടിക്കാട്ടി.  ജഡ്‌ജിമാരുടെ സീനിയോറിറ്റി പട്ടികയിൽ വലിയ മാറ്റമുണ്ടാക്കും. ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്ന വിഷയമാണിതെന്നും കൊളീജിയം വ്യക്തമാക്കി. മദ്രാസ്‌ ഹൈക്കോടതിയിലേക്ക്‌ പുതിയതായി നാല്‌ ജഡ്‌ജിമാരെ  നിയമിക്കാനുള്ള ശുപാർശ പരിഗണിക്കവെയാണ്‌ കൊളീജിയത്തിന്റെ പ്രമേയം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top