13 July Sunday
2021 ഐടി ചട്ടങ്ങളിലെ അടിയന്തര ഘട്ടങ്ങളിലെ 
അധികാരങ്ങൾ പ്രകാരമാണ്‌ വിലക്ക്‌

മോഡിക്ക് വിമർശനം : ബിബിസി ഡോക്യുമെൻറി ‘ഇന്ത്യ: ദി മോഡി ക്വസ്റ്റ്യൻ’ കേന്ദ്രം നിരോധിച്ചു

സ്വന്തം ലേഖകൻUpdated: Saturday Jan 21, 2023


ന്യൂഡൽഹി   
ഗുജറാത്ത്‌ വംശഹത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക്‌ തുറന്നുകാട്ടിയ ബിബിസി ഡോക്യുമെന്ററിക്ക്‌ ഇന്ത്യയിൽ സമൂഹ മാധ്യമങ്ങളിലും പൂർണ വിലക്ക്‌. രണ്ടു ഭാഗമായുള്ള ഡോക്യുമെന്ററി ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നതിൽനിന്ന്‌ ബിബിസിയെ നേരത്തേ വിലക്കിയിരുന്നു. ഇതിനു പുറമെയാണ്‌ യുട്യൂബ്‌, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഡോക്യുമെന്ററി പങ്കുവയ്‌ക്കുന്നതും കേന്ദ്ര സർക്കാർ വിലക്കിയത്‌. 2021 ഐടി ചട്ടങ്ങളിലെ അടിയന്തര ഘട്ടങ്ങളിലെ അധികാരങ്ങൾ പ്രകാരം  വാർത്താവിതരണ–- പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്രയാണ്‌ ബിബിസി ഡോക്യുമെന്ററി വിലക്കി ഉത്തരവിട്ടത്‌. ഇതിനു പുറമെ ബ്രിട്ടനൊഴികെയുള്ള മറ്റ്‌ ചില പശ്‌ചാത്യരാജ്യങ്ങളിലും വീഡിയോയ്‌ക്ക്‌ അപ്രഖ്യാപിത വിലക്കുണ്ട്‌.

അപ്‌ലോഡ്‌ ചെയ്‌ത വീഡിയോകൾ നീക്കംചെയ്യാൻ യുട്യൂബിനോട്‌ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. യുട്യൂബ്‌ വീഡിയോ ലിങ്ക്‌ പങ്കുവച്ച അമ്പതിലേറെ ട്വീറ്റുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോടും നിർദേശിച്ചു. എല്ലാ സമൂഹമാധ്യമങ്ങളും നിർദേശം വേഗത്തിൽ പാലിച്ചതായി സർക്കാർ അറിയിച്ചു. ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ബിബിസി ഡോക്യുമെന്ററി വിദേശകാര്യം, ആഭ്യന്തരം, വാർത്താവിതരണ–- പ്രക്ഷേപണം മന്ത്രാലയങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചിരുന്നു. സുപ്രീംകോടതിയുടെ അധികാരങ്ങളിലും വിശ്വാസ്യതയിലും സംശയങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടതാണെന്നായിരുന്നു ഉദ്യോഗസ്ഥസംഘത്തിന്റെ വിലയിരുത്തൽ.

സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പ്‌ വളർത്തൽ, വിദേശ സർക്കാരുകളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച്‌ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തൽ, ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ഇകഴ്‌ത്തൽ, വിദേശരാജ്യങ്ങളുമായുള്ള സൗഹാർദത്തിൽ വെള്ളം വീഴ്‌ത്തൽ, ക്രമസമാധാനം തകർക്കൽ എന്നീ ലക്ഷ്യങ്ങളും ഉദ്യോഗസ്ഥർ ബിബിസിക്കുമേൽ ആരോപിച്ചിട്ടുണ്ട്‌. ബ്രിട്ടന്റെ കൊളോണിയൽ ചിന്താഗതി പ്രതിഫലിക്കുന്നതാണ്‌ ഡോക്യുമെന്ററിയെന്ന്‌ വിദേശവക്താവ്‌ പ്രതികരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top