29 March Friday

പുറത്തുനിന്നുള്ളവർക്ക്‌ വോട്ട്‌ : കശ്‌മീരിൽ പ്രതിഷേധം കത്തുന്നു

ഗുൽസാർ നഖാസിUpdated: Saturday Aug 20, 2022


ശ്രീനഗർ
ജമ്മു കശ്‌മീരിൽ പുറത്തുനിന്നുള്ളവർക്കും വോട്ടവകാശം നൽകുമെന്ന മുഖ്യതെരഞ്ഞെടുപ്പ്‌ കമീഷണറുടെ പ്രഖ്യാപനത്തിൽ എതിർപ്പ്‌ വ്യാപകം. വെള്ളിയാഴ്‌ച ശ്രീനഗറിൽ പിഡിപി പ്രവർത്തകർ പ്രതിഷേധിച്ചു. 22ന്‌ ഫാറൂഖ്‌ അബ്‌ദുള്ളയുടെ വസതിയിൽ ചേരുന്ന ബിജെപി ഒഴികെയുള്ള പാർടികളുടെ യോഗം ഭാവിപ്രക്ഷോഭങ്ങള്‍ പ്രഖ്യാപിക്കും.

370–-ാം വകുപ്പ്‌ റദ്ദാക്കിയതോടെ ജനപ്രാതിനിധ്യനിയമം ജമ്മു കശ്‌മീരിനും ബാധകമായെന്നും രാജ്യത്തിന്റെ മറ്റിടങ്ങളിൽനിന്നുവന്ന്‌ കശ്‌മീരിൽ താമസിക്കുന്നവർക്ക്‌ വോട്ടവകാശം നൽകുമെന്നുമാണ്‌ മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസർ ഹിർദേഷ് കുമാർ പ്രഖ്യാപിച്ചത്‌. താമസ സർട്ടിഫിക്കറ്റ്‌ ഇല്ലാത്തവർക്കും വോട്ടവകാശം നൽകും. ഭാവിയിൽ സ്ഥിരതാമസമാക്കുമെന്ന്‌ എഴുതി നൽകിയാലും വോട്ട്‌ ചെയ്യാമെന്നാണ്‌ വിചിത്ര വ്യവസ്ഥ. പുറത്തുനിന്നുള്ളവർക്ക്‌ കശ്‌മീരിൽ സ്ഥലം വാങ്ങാനും അനുമതി കേന്ദ്രസർക്കാർ നൽകി. പതിനൊന്ന്‌ ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളും നാല്‌ ലക്ഷത്തോളം സുരക്ഷാ സേനാംഗങ്ങളും കശ്‌മീരിലുണ്ടെന്നാണ്‌ കണക്കുകൾ. നിലവിൽ 76 ലക്ഷം വോട്ടർമാരാണുള്ളത്‌. പുറത്തുനിന്നുള്ളവർ വോട്ടുചെയ്യുന്നതോടെ തദ്ദേശീയർ രാഷ്‌ട്രീയമായി ദുർബലപ്പെടുമെന്നും ബിജെപി കുറുക്കുവഴിയിൽ ഭരണം പിടിക്കാൻ പുറത്തുനിന്ന്‌ ആളെ ഇറക്കുകയാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

സായുധസേന പ്രത്യേക അധികാര നിയമത്തിനു കീഴിലുള്ള കശ്‌മീരിൽ പുറത്തുനിന്നുള്ള സുരക്ഷാ സേനാംഗങ്ങൾക്ക്‌ വോട്ടു ചെയ്യാനാകില്ലെന്ന്‌ നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടി. സ്വദേശികളല്ലാത്തവരെ ഉൾപ്പെടുത്തുന്നത് തദ്ദേശീയരുടെ അവകാശം ഇല്ലാതാക്കുമെന്ന് മുതിർന്ന പൗരനായ ജാവേദ് അഹമ്മദ് ‘ദേശാഭിമാനി’യോട് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top