05 December Tuesday
ഇനി പുതിയ പാര്‍ലമെന്റ്

പഴയ പാർലമെന്റ്‌ ഇനി ഭരണഘടനാ മന്ദിരം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023


ന്യൂഡൽഹി
പുതിയ പാർലമെന്റ്‌ മന്ദിരത്തോടു ചേർന്നുനിൽക്കുന്ന പഴയ പാർലമെന്റ്‌ മന്ദിരം ഇനി ഭരണഘടനാ മന്ദിരമെന്ന്‌ അറിയപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയുമാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇന്ത്യൻ ഭരണഘടനയ്‌ക്ക്‌ രൂപം നൽകിയ ഭരണഘടനാ നിർമാണസഭ ചേർന്ന മന്ദിരമെന്ന നിലയിലാണ്‌ ഭരണഘടനാ മന്ദിരമെന്ന പേര്‌ നൽകിയത്‌. ഭരണഘടനാ മന്ദിരം  ചരിത്രസ്‌മാരകമായി നിലനിർത്തുന്നതിനൊപ്പം പാർലമെന്റിന്റെ വിവിധ ആവശ്യങ്ങൾക്കായും വിനിയോഗിക്കും.

പഴയ പാർലമെന്റ്‌ മന്ദിരത്തിന്റെ സെൻട്രൽ ഹാളിലാണ്‌ ബുധനാഴ്‌ച അവസാനത്തെ കാര്യപരിപാടികളുണ്ടായത്‌. പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ സെൻട്രൽ ഹാളില്ല. ലോക്‌സഭ–- രാജ്യസഭ എംപിമാർക്ക്‌ ഒത്തുചേരലിന്‌ അവസരമൊരുക്കിയിരുന്ന സെൻട്രൽ ഹാൾ സംവിധാനം പുതിയ പാർലമെന്റിൽ ഒഴിവാക്കിയതിൽ ഭരണ– -പ്രതിപക്ഷ ഭേദമന്യേ എംപിമാരിൽ പ്രതിഷേധമുണ്ട്‌. മുതിർന്ന മാധ്യമപ്രവർത്തകർക്കും പഴയ പാർലമെന്റിലെ സെൻട്രൽ ഹാളിൽ പ്രവേശനമുണ്ടായിരുന്നു. സെൻട്രൽ ഹാൾ ഇല്ലാതായതോടെ മാധ്യമപ്രവർത്തകർക്ക്‌ എംപിമാരെയും മന്ത്രിമാരെയും കണ്ട്‌ വിവരശേഖരണത്തിനുള്ള അവസരംകൂടിയാണ്‌ ഇല്ലാതാകുന്നത്‌.

പുതിയ പാർലമെന്റിന്‌ ‘പാർലമെന്റ്‌ ഓഫ്‌ ഇന്ത്യ’യെന്നും ‘ഭാരത്‌ കാ സൻസദ്‌ ഭവൻ’ എന്നും ഔദ്യോഗികമായി നാമകരണം ചെയ്‌തു. ഇതറിയിച്ചുള്ള വിജ്ഞാപനം ഇറങ്ങിയതിനു ശേഷമാണ്‌ പഴയ പാർലമെന്റിന്‌ ‘ഭരണഘടനാ മന്ദിരം’ എന്ന്‌ പേരിട്ടത്‌.

ഇനി പുതിയ പാര്‍ലമെന്റ്
ഗണേശ ചതുർഥി ദിവസമായ ചൊവ്വാഴ്‌ച പുതിയ പാർലമെന്റ്‌ മന്ദിരത്തിലേക്ക്‌ സഭാനടപടികൾ മാറി. അഞ്ചുദിവസത്തെ പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിന്‌ എംപിമാരുടെ ഫോട്ടോ സെഷനോടെയാണ്‌ തുടക്കമായത്‌. പകൽ 11ന്‌ പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ലോക്‌സഭ–- രാജ്യസഭ എംപിമാർ അവസാനമായി ഒത്തുചേർന്നു. ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ സംസാരിച്ചു.

സെൻട്രൽ ഹാളിൽ ഒന്നര മണിക്കൂർ നീണ്ട പ്രത്യേക ഒത്തുചേരലിനുശേഷം ഒന്നോടെ എംപിമാർ പുതിയ പാർലമെന്റിലേക്ക്‌ നടന്നുകയറി. ഒന്നേകാലിന്‌ ലോക്‌സഭാ നടപടികൾ തുടങ്ങി. സ്‌പീക്കർ ഓം ബിർളയുടെ ആമുഖ പ്രസംഗത്തിനുശേഷം പ്രധാനമന്ത്രിയെ സംസാരിക്കാനായി ക്ഷണിച്ചു.  അധിർരജ്‌ഞൻ ചൗധുരി തുടർന്ന്‌ സംസാരിച്ചു. നിയമ മന്ത്രി അർജുൻ രാം മെഘ്‌വാൾ വനിതാ സംവരണ  ബിൽ അവതരിപ്പിച്ചതിനു പിന്നാലെ  സഭ പിരിഞ്ഞു. രണ്ടേകാലിന്‌ ചേർന്ന രാജ്യസഭാ കക്ഷി നേതാക്കളുടെ യോഗത്തിനായി അര മണിക്കൂർ നേരത്തേക്ക്‌ പിരിഞ്ഞു. വീണ്ടും ചേർന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെയും സംസാരിച്ചു. തുടർന്ന്‌, ബുധനാഴ്‌ച ചേരാനായി രാജ്യസഭയും പിരിഞ്ഞു.


 

അതിഥികളായി ബോളിവുഡ്‌ താരങ്ങൾ
പുതിയ പാർലമെന്റ്‌ മന്ദിരത്തിലെ ആദ്യ സമ്മേളനത്തിലേക്ക്‌ ബോളിവുഡ്‌ താരങ്ങളെ ക്ഷണിച്ച്‌ മോദി സർക്കാർ. ചലച്ചിത്രതാരങ്ങളായ കങ്കണ റണാവത്ത്‌, ഇഷ ഗുപ്‌ത, സ്വപ്‌ന ചൗധരി എന്നിവരാണ്‌ പ്രത്യേക ക്ഷണപ്രകാരം എത്തിയത്‌. ബിജെപിയെയും മോദി സർക്കാരിനെയും പരസ്യമായി പിന്തുണയ്‌ക്കുന്നവരാണ്‌ മൂന്നുപേരും.

വനിതാ സംവരണ ബില്ലിന്റെ അവതരണത്തിന്‌ സാക്ഷികളാകാൻ മഹിളാ മോർച്ച പ്രവർത്തകരടക്കം നിരവധി സ്‌ത്രീകളെ ബിജെപി പ്രത്യേകമായി പാർലമെന്റിൽ എത്തിച്ചിരുന്നു. ഒന്നേകാലിന്‌ സമ്മേളന നടപടികൾ ആരംഭിക്കുന്നതിനു തൊട്ടുമുമ്പായി ഇവർ സംഘമായി എത്തിയത്‌ പാർലമെന്റ്‌ ജീവനക്കാരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഇവർക്ക്‌ പ്രത്യേക പാസ്‌ അനുവദിക്കുന്നതിനും മറ്റും സമയമുണ്ടായിരുന്നില്ല. പിന്നീട്‌ പാസ്‌ ഇല്ലാതെതന്നെ പ്രവേശനം അനുവദിച്ചു. ഗുരുതരമായ സുരക്ഷാവീഴ്‌ചയാണിതെന്ന ആക്ഷേപമുണ്ട്‌.

ലോക്‌സഭാ ഗ്യാലറിയിലേക്ക്‌ തള്ളിക്കയറിയ മഹിളാമോർച്ച പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയതും കൈയടിച്ചതും വിവാദമായി. മുദ്രാവാക്യം അവസാനിപ്പിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. പാർലമെന്റിലെ സുരക്ഷാചട്ടങ്ങൾ പ്രകാരം സന്ദർശന ഗ്യാലറിയിൽ മുദ്രാവാക്യം വിളിയോ കൈയടിയോ അനുവദനീയമല്ല. സംസാരിക്കുന്നതിനുപോലും വിലക്കുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top