06 December Wednesday

സീറ്റ്‌ പങ്കിടുന്നതിൽ കോൺഗ്രസിൽ ആശയക്കുഴപ്പം ; പഞ്ചാബിൽ കോൺഗ്രസും എഎപിയും ഒന്നിച്ച് 
നീങ്ങുന്നത്‌ ബിജെപിക്ക്‌ ഗുണം ചെയ്യുമെന്ന് നേതാക്കള്‍

പ്രത്യേക ലേഖകൻUpdated: Tuesday Sep 19, 2023


ന്യൂഡൽഹി
ഇന്ത്യ പ്രതിപക്ഷ കൂട്ടായ്‌മ മുന്നോട്ടുവച്ച സീറ്റ്‌ പങ്കിടൽ അടക്കം വിഷയങ്ങളിൽ കോൺഗ്രസ്‌ ദേശീയ നേതൃത്വത്തിനും സംസ്ഥാനതല നേതാക്കൾക്കും ഇടയിൽ ആശയക്കുഴപ്പം. സീറ്റ്‌ വിഭജനം, സനാതന ധർമ വിവാദം എന്നിവയില്‍ വിഷയങ്ങളിൽ എഐസിസി പ്രവർത്തകസമിതി വിപുലീകൃത യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ നേതാക്കൾ  ആശങ്ക പ്രകടിപ്പിച്ചു. വ്യക്തിതാൽപ്പര്യങ്ങൾ മാറ്റിവച്ച്‌ എല്ലാവരും ഒന്നിച്ച്‌ നീങ്ങണമെന്ന്‌ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അഭ്യർഥിച്ചതിന്‌ തൊട്ടുപിന്നാലെയാണിത്‌.
ആം ആദ്‌മി പാർടി (എഎപി)യുമായി ഏതെങ്കിലും ധാരണയിൽ എത്തുന്നതിന്‌ പഞ്ചാബിലെ കോൺഗ്രസ്‌ പ്രവർത്തകർ എതിരാണെന്ന്‌ സംസ്ഥാന പ്രതിപക്ഷ നേതാവ്‌ പർതാപ്‌ സിങ്‌ ബജ്‌വ പറഞ്ഞു. പഞ്ചാബിൽ ഭരണകക്ഷിയും മുഖ്യപ്രതിപക്ഷവും ഒന്നിച്ചുനിൽക്കുന്നത്‌ ബിജെപിക്കും ശിരോമണി അകാലിദളിനും ഗുണംചെയ്യുമെന്നും ബജ്‌വ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ നേതാക്കളായ അജയ്‌ മാക്കൻ, അൽക്ക ലാംബ എന്നിവരും എഎപിയുമായുള്ള ബന്ധത്തിൽ എതിർപ്പ്‌ പ്രകടിപ്പിച്ചു. മധ്യപ്രദേശിലും ഛത്തീസ്‌ഗഢിലും എഎപി സ്ഥാനാർഥികളെ നിർത്തുകയാണെന്നും അവരുടെ പ്രചാരണമെല്ലാം കോൺഗ്രസിന്‌ എതിരായാണെന്നും മാക്കൻ പറഞ്ഞു. സനാതന ധർമ വിഷയത്തിൽ ബിജെപിയുടെ കെണിയിൽ കുടുങ്ങരുതെന്നും ആശയവ്യക്തത വേണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top