27 April Saturday

വമ്പന്‍മാരെ വീഴ്ത്തി 
സിദ്ധരാമയ്യ

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023


ബംഗളൂരു
രണ്ടരപ്പതിറ്റാണ്ട് ‘ജനതാ പരിവാറി'ന്റെ ഭാ​ഗമായിരുന്ന, കടുത്ത  ‘കോൺഗ്രസ് വിരുദ്ധനായി'രുന്ന വ്യക്തിയാണ് കര്‍ണാടകത്തില്‍ രണ്ടാവട്ടവും കോണ്‍​ഗ്രസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറെടുക്കുന്നത്. സിദ്ധരാമയ്യ 1980-കളുടെ തുടക്കംമുതൽ 2005 വരെ ജനതാദള്‍ എസിനൊപ്പമായിരുന്നു. 2006-ൽ അദ്ദേഹം അനുയായികള്‍ക്കൊപ്പം കോണ്‍​ഗ്രസില്‍ ചേരുന്നു. ചാമുണ്ഡേശ്വരി എംഎല്‍എ സ്ഥാനം രാജിവച്ച്  ഉപതെരഞ്ഞെടുപ്പിൽ കോണ്‍​ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു. 2013-ൽ കോണ്‍​ഗ്രസ് മുഖ്യമന്ത്രിയായി. ദേവരാജ് ഉര്‍സിനു ശേഷം (1972 മുതല്‍ -80 വരെ) കര്‍ണാടകത്തില്‍ കാലാവധി പൂർത്തിയാക്കി വീണ്ടും മുഖ്യമന്ത്രി പദവിയിലെത്തുന്ന ആദ്യനേതാവാണ്. ഒമ്പത് തവണ എംഎല്‍എയായി. കര്‍ണാടകത്തില്‍ മുഖ്യമന്ത്രി പദവിയിൽ കാലാവധി പൂർത്തിയാക്കുകയും അടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ട് മുഖ്യമന്ത്രി പദവിയിലെത്തുകയും ചെയ്യുന്ന ആദ്യ വ്യക്തിയെന്ന  പ്രത്യേകതയും സിദ്ധരാമയ്യയ്ക്കുണ്ട്.

മുഖ്യമന്ത്രിയാകാനുള്ള മത്സരത്തിൽനിന്ന് കോൺഗ്രസിലെ പ്രമുഖരെ തുടര്‍ച്ചയായി പിന്നിലാക്കുന്ന നേതാവെന്ന വിശേഷണവും സിദ്ധരാമയ്യയ്ക്കുണ്ട്. ഇപ്പോൾ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറാണ് പിന്നിലാക്കപ്പെട്ടത്.  2013ൽ മല്ലികാർജുൻ ഖാർഗെയായിരുന്നു (ഇപ്പോൾ എഐസിസി പ്രസിഡന്റും അന്നത്തെ കേന്ദ്ര തൊഴിൽ തൊഴിൽ മന്ത്രിയും).

മൈസൂരു ജില്ലയിലെ വരുണയില്‍  സിദ്ധരാമന ഹുണ്ടിയിൽ 1948 ആഗസ്‌ത്‌ 12ന് ദരിദ്ര കർഷക കുടുംബത്തില്‍ ജനിച്ച സിദ്ധരാമയ്യ കുറച്ചുകാലം അഭിഭാഷകനായിരുന്നു. രാഷ്ട്രീയത്തില്‍ സജീവമായതോടെ അഭിഭാഷകജോലി ഉപേക്ഷിച്ചു.

‘ഒരാൾക്ക്‌ ഒരു പദവി’കർണാടകത്തിലും പൊളിഞ്ഞു
‘ഒരാൾക്ക്‌ ഒരു പദവി’ തത്വം വീണ്ടും കാറ്റിൽ പറത്തി കർണാടകത്തിൽ ശിവകുമാറിനെ പിസിസി പ്രസിഡന്റായി തുടരാൻ അനുവദിച്ച്‌ കോൺഗ്രസ്‌ നേതൃത്വം.
കഴിഞ്ഞവർഷം ഉദയ്‌പുർ ചിന്തൻ ശിബിരത്തിൽ രാഹുൽ ഗാന്ധിയാണ്‌ ഒറ്റപ്പദവി ആശയം മുന്നോട്ടുവച്ചത്‌. ‘ഭാരത്‌ ജോഡോ’ യാത്രയിലും പ്രഖ്യാപനം നടത്തി. ഫെബ്രുവരിയിൽ റായ്‌പുരിൽ ചേർന്ന പ്ലീനറിയിൽ ഈ നിർദേശം ഭരണഘടനാ ഭേദഗതിയായി അവതരിപ്പിക്കേണ്ടതായിരുന്നു. കോൺഗ്രസ്‌ അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്ന വ്യവസ്ഥയടക്കം ഒഴിവാക്കിയുള്ള പല ഭേദഗതികളും പ്ലീനറി അംഗീകരിച്ചെങ്കിലും ‘ഒരാൾക്ക്‌ ഒരു പദവി’ നിർദേശം കണ്ടില്ലെന്ന്‌ നടിച്ചു.

ഇത്തരമൊരു ഭേദഗതി കൊണ്ടുവന്നാൽ ആദ്യം തെറിക്കുക പുതിയ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെയുടെ രാജ്യസഭാ പ്രതിപക്ഷ നേതാവ്‌ സ്ഥാനം ആയിരിക്കുമെന്നതും അട്ടിമറിക്ക്‌ കാരണമായി. ക്യാബിനറ്റ്‌ പദവിയുള്ള പ്രതിപക്ഷനേതാവ്‌ സ്ഥാനത്ത്‌ തുടരാൻ അനുവദിക്കാമെന്ന ഉറപ്പിലായിരുന്നു പ്രസിഡന്റ്‌ സ്ഥാനം ഖാർഗെ ഏറ്റെടുത്തത്‌.
 

ശിവകുമാർ മുഖ്യമന്ത്രിയാകാത്തതിൽ 
നിരാശയെന്ന്‌ സഹോദരൻ
ഡി കെ ശിവകുമാറിന്‌ മുഖ്യമന്ത്രിപദത്തിൽ ആദ്യ ഊഴം കിട്ടാത്തതിൽ നിരാശയുണ്ടെന്ന്‌ സഹോദരനും കർണാടകത്തിൽനിന്നുള്ള കോൺഗ്രസിന്റെ ഏക ലോക്‌സഭാംഗവുമായ ഡി കെ സുരേഷ്‌. ‘‘പൂർണമായും സന്തോഷവാനല്ല. കർണാടകത്തിന്റെ താൽപ്പര്യം മുൻനിർത്തിയാണ്‌ ശിവകുമാർ അംഗീകരിച്ചത്‌. ജനങ്ങൾക്ക്‌ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കേണ്ടതുണ്ട്‌. ഭാവി എന്തെന്ന്‌ കാത്തിരുന്ന് കാണാം. ഇനിയും ഏറെ ദൂരം മുന്നോട്ടുപോകാനുണ്ട്‌ ’’–- സുരേഷ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top