19 April Friday

അധികാരം സർക്കാരിനോ ലെഫ്‌. ഗവർണർക്കോ ; വിപുലമായ ബെഞ്ച്‌ കേൾക്കണമെന്ന്‌ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 18, 2023


ന്യൂഡൽഹി
ഡൽഹിയിൽ സംസ്ഥാന സർക്കാരിനാണോ അതോ ലെഫ്‌റ്റനന്റ്‌ ഗവർണർക്കാണോ അധികാരമെന്ന നിയമപ്രശ്‌നം വിപുലമായ ഭരണഘടനാ ബെഞ്ചിന്‌ വിടണമെന്ന വിചിത്രവാദവുമായി കേന്ദ്രസർക്കാർ. ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‌ മുമ്പാകെ വാദമുഖങ്ങൾ പൂർത്തിയാകാറായ ഘട്ടത്തിലാണ്‌ കൂടുതൽ വിപുലമായ ബെഞ്ചെന്ന ആവശ്യം കേന്ദ്രത്തിനായി സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത മുന്നോട്ടുവച്ചത്‌.

ഡൽഹിയിൽ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനാണ്‌ ഭരണകാര്യങ്ങളിൽ അധികാരമെന്ന്‌ 2018ൽ സുപ്രീംകോടതി വിധിച്ചിരുന്നു. ഡൽഹി സർക്കാരിന്‌ നിയമപരവും ഭരണപരവുമായ അധികാരമുള്ള എല്ലാ വിഷയങ്ങളിലും മന്ത്രിസഭയുടെ ഉപദേശപ്രകാരവും നിർദേശപ്രകാരവും മാത്രമേ ലെഫ്‌റ്റനന്റ്‌ ഗവർണർ പ്രവർത്തിക്കാവൂ എന്നും വിധിയിലുണ്ട്‌. എന്നാൽ ജീവനക്കാർക്ക്‌ മേലുള്ള അധികാരം എങ്ങനെയെന്ന്‌ വ്യക്തമാക്കിയിരുന്നില്ല. ഈ നിയമവിഷയം ജനുവരി 10 മുതൽ ഭരണഘടനാ ബെഞ്ച്‌ വാദംകേൾക്കുകയാണ്‌. കേന്ദ്രവും ഡൽഹി സർക്കാരും വാദം പൂർത്തിയാക്കി. ഡൽഹി സർക്കാരിന്റെ മറുപടി വാദംകൂടി മാത്രം ശേഷിക്കെയാണ്‌ ബുധനാഴ്‌ച വിചിത്ര ആവശ്യവുമായി കേന്ദ്രം രംഗത്തുവന്നത്‌.

വിപുലമായ ബെഞ്ച്‌ ആവശ്യമുണ്ടായിരുന്നെങ്കിൽ തുടക്കത്തിൽ തന്നെ പറയേണ്ടിയിരുന്നുവെന്ന്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ വ്യക്തമാക്കി.ഡൽഹി സർക്കാരിനായി ഹാജരായ അഭിഷേക്‌ മനു സിങ്‌വിയും വിപുലമായ ബെഞ്ചെന്ന ആവശ്യത്തോട്‌ വിയോജിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top