20 April Saturday

സമുദായങ്ങളെ കടന്നാക്രമിക്കുന്ന മാധ്യമപ്രവർത്തനം അംഗീകരിക്കില്ല ; സുദർശൻ ന്യൂസ്‌ കേസിൽ സുപ്രീംകോടതി

എം അഖിൽUpdated: Friday Sep 18, 2020


ന്യൂഡൽഹി
മാധ്യമസ്വാതന്ത്ര്യം അംഗീകരിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും സമുദായത്തെ കടന്നാക്രമിക്കുന്ന മാധ്യമപ്രവർത്തനം അംഗീകരിക്കില്ലെന്ന്‌ സുപ്രീംകോടതി. ഏതെങ്കിലും സമുദായത്തെ മോശപ്പെടുത്തുകയെന്ന ഗൂഢലക്ഷ്യത്തോടെ വാർത്ത നൽകുന്ന ശൈലി അംഗീകരിക്കാനാകില്ലെന്ന്‌‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ നിരീക്ഷിച്ചു. സുദർശൻ ന്യൂസിന്റെ മുസ്ലിങ്ങളെ അവഹേളിക്കുന്ന ‘ബിന്ദാസ്‌ബോൽ’ പരിപാടിക്ക്‌ എതിരായ ഹർജി പരിഗണിക്കവേയാണ്‌  നിരീക്ഷണം. രാജ്യസുരക്ഷ മുന്നിൽ നിർത്തിയാണ്‌ ‘യുപിഎസ്‌സി ജിഹാദ്‌’ എന്ന റിപ്പോർട്ട്‌ നൽകിയതെന്ന സുദർശൻ ന്യൂസിന്റെ വാദം കോടതി അംഗീകരിച്ചില്ല. 

‘മനുഷ്യരുടെ അന്തസ്സ്‌ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തത്തിൽനിന്ന്‌ കോടതിക്ക്‌ ഒഴിയാനാകില്ല. മുസ്ലിങ്ങൾ സിവിൽ സർവീസിലേക്ക്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌ നുഴഞ്ഞുകയറ്റമെന്ന്‌ ആരോപിക്കുന്നു. വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും കുറ്റപ്പെടുത്തുന്നു. മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരിൽ ഏതെങ്കിലും സമുദായത്തെ കടന്നാക്രമിക്കുന്നത്‌ അനുവദിക്കാൻ കഴിയുമോ?’’–- ജസ്‌റ്റിസ്‌ ചന്ദ്രചൂഡ്‌ ചോദിച്ചു.

മതവിഭാഗം നടത്തുന്ന പരിശീലന കേന്ദ്രങ്ങളിൽനിന്ന്‌ മത്സരപരീക്ഷകൾക്ക്‌ തയ്യാറെടുക്കുന്നത്‌‌ തെറ്റാണെന്ന്‌ എന്തടിസ്ഥാനത്തിലാണ്‌ ആരോപിക്കുന്നതെന്ന്‌ ജസ്‌റ്റിസ്‌ കെ എം ജോസഫ്‌ ചോദിച്ചു. ‘യുപിഎസ്‌സി ജിഹാദ്‌’ പരിപാടിയുടെ ഒരു എപ്പിസോഡ്‌ കണ്ടെന്നും അതിൽ പറയുന്ന കാര്യങ്ങൾ വേദനിപ്പിച്ചെന്നും ജസ്‌റ്റിസ്‌ ഇന്ദു മൽഹോത്ര പറഞ്ഞു. പ്രഥമദൃഷ്ട്യാ മുസ്ലിം വിരുദ്ധമെന്ന്‌ കണ്ടെത്തി ‘യുപിഎസ്‌സി ജിഹാദ്‌’ റിപ്പോർട്ടിന്റെ തുടർസംപ്രേഷണം കോടതി നേരത്തെ വിലക്കി.

പരിപാടിയിൽ വരുത്തുന്ന മാറ്റം അറിയിച്ച്‌ സത്യവാങ്‌‌മൂലം നല്‍കാന്‍‌  നിർദേശിച്ചു. ദൃശ്യമാധ്യമങ്ങളുടെ നിലവാരം ഉയർത്താനുള്ള നടപടിയെ കുറിച്ച് അറിയിക്കാന്‍ കേന്ദ്രസർക്കാരിനും നിർദേശം നൽകി. വാദംകേൾക്കൽ തിങ്കളാഴ്‌ച തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top