18 April Thursday

ഡൽഹികലാപം: ജുഡീഷ്യൽ അന്വേഷണം വേണം; രാഷ്ട്രപതിക്ക്‌ നിവേദനം

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020


ന്യൂഡൽഹി
വടക്കുകിഴക്കൻ ഡൽഹി കലാപത്തെക്കുറിച്ച്‌ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിനോട്‌ നിർദേശിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന് പ്രതിപക്ഷനേതാക്കൾ  നിവേദനം നൽകി. ഡൽഹി പൊലീസ്‌ നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന്‌ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. എഐസിസി ട്രഷറർ അഹമ്മദ്‌ പട്ടേൽ, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ഡിഎംകെ നേതാവ്‌ കനിമൊഴി എംപി, ആർജെഡി നേതാവ്‌ പ്രൊഫ. മനോജ്‌ ഝാ എംപി എന്നിവരാണ്‌ രാഷ്ട്രപതിയെ സന്ദർശിച്ചത്‌. പരിശോധിച്ച്‌ നടപടിയെടുക്കാമെന്ന്‌ രാഷ്ട്രപതി പ്രതികരിച്ചു. കോവിഡ്‌ മാനദണ്ഡം പാലിക്കേണ്ടതിനാലാണ്‌ നിവേദകസംഘത്തിൽ കൂടുതൽ പ്രതിപക്ഷ പാർടിനേതാക്കൾ  ഉൾപ്പെടാതിരുന്നത്‌.

കലാപത്തിന്‌ ആഹ്വാനംചെയ്‌തതിലും ആക്രമണത്തിലും ബിജെപി നേതാക്കളുടെ ഇടപെടലിന് വ്യക്തമായ തെളിവുകളുണ്ടായിട്ടും ഡൽഹി പൊലീസ്‌ ന‌‌ടപടിയെടുത്തില്ല. അനുരാഗ്‌ ഠാക്കൂർ, കപിൽ മിശ്ര, പർവേഷ്‌ വർമ, സത്യപാൽ സിങ്‌, ജഗദീഷ്‌ പ്രധാൻ, നന്ദ കിഷോർ ഗുജ്ജർ, മോഹൻസിങ്‌ ബിഷ്ട്‌ എന്നീ ബിജെപി നേതാക്കൾക്കെതിരെ നാട്ടുകാര്‍ ധൈര്യപൂർവം പരാതി നൽകി‌. ഉയർന്ന പൊലീസ്‌ ഉദ്യോഗസ്ഥർ അടക്കം കലാപത്തിൽ പങ്കാളികളായതിനും തെളിവുണ്ട്‌.

എന്നാല്‍, പൗരത്വനിയമ ഭേദഗതി എതിര്‍ത്തുള്ള പ്രക്ഷോഭമാണ്‌ കലാപത്തിന്‌ വഴിയൊരുക്കിയതെന്ന്‌ വരുത്താനാണ് നീക്കം.  പ്രക്ഷോഭകരെ വിളിച്ചുവരുത്തി നിരന്തരം ചോദ്യംചെയ്യുകയും ഭീഷണിപ്പെടുത്തുകയും വ്യാജപ്രസ്‌താവന നൽകാൻ സമ്മർദം ചെലുത്തുകയുമാണ്‌. ആഭ്യന്തരമന്ത്രിയുടെ ഇംഗിതമാണ്‌ പൊലീസ്‌ നടപ്പാക്കുന്നത്‌. തെളിവായി പരിഗണിക്കാൻ കഴിയാത്ത പ്രസ്‌താവനകൾ ഗൂഢലക്ഷ്യത്തോടെ പൊലീസ്‌ പുറത്തുവിടുന്നു. ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നു. സീതാറാം യെച്ചൂരിയെപ്പോലുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളെയും  ധൈഷണികരെയുംപോലും കേസുമായി ബന്ധപ്പെടുത്തുന്നു. അന്വേഷണഗതിയിൽ കടുത്ത ആശങ്കയുണ്ട്‌. രാജ്യത്ത്‌ പ്രതിഷേധവും വിയോജിപ്പും അടിച്ചമർത്താനുള്ള ഉപകരണമായി ‌പൊലീസ്‌ അന്വേഷണം മാറരുത്‌–- നിവേദനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top