20 April Saturday

കാർഷിക വായ്പ : കേന്ദ്ര പലിശയിളവ്‌ രണ്ടിൽനിന്ന് ഒന്നര ശതമാനമാക്കി

എം പ്രശാന്ത്‌Updated: Thursday Aug 18, 2022


ന്യൂഡൽഹി  
മൂന്നു ലക്ഷം രൂപവരെയുള്ള ഹ്രസ്വകാല കാർഷിക വായ്‌പകൾക്ക്‌ അനുവദിച്ച പലിശയിളവ്‌ കേന്ദ്രസർക്കാർ രണ്ടിൽനിന്ന്‌ ഒന്നര ശതമാനമാക്കി. 2020 വരെ രണ്ടുശതമാനം പലിശയിളവ്‌ അനുവദിച്ചിരുന്നു. ബുധനാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെതാണ് നടപടി. നടപ്പുവർഷംമുതൽ 2024–-25വരെ ഒന്നര ശതമാനം പലിശയിളവ് മാത്രം. നിലവിലെ റിപ്പോ നിരക്കുകളും മറ്റും പരിഗണിച്ചാണ്‌ പലിശയിളവ്‌ പരിധി നിശ്ചയിച്ചതെന്നാണ്‌ സർക്കാർ വാദം.

ഇടതുപക്ഷ പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സർക്കാരാണ്‌ കർഷകർക്ക്‌ ആശ്വാസമേകാൻ ഹ്രസ്വകാല കാർഷികവായ്‌പകൾക്ക്‌ പലിശയിളവ്‌ അനുവദിച്ച്‌ തുടങ്ങിയത്‌. ഏഴു ശതമാനം പലിശനിരക്കിൽ കർഷകർക്ക്‌ വായ്‌പയെന്ന ലക്ഷ്യത്തോടെ രണ്ടുശതമാനം പലിശയിളവായിരുന്നു പ്രഖ്യാപിച്ചത്‌. രണ്ടുശതമാനം പലിശയ്ക്ക്‌ തുല്യമായ തുക സർക്കാർ ബാങ്കുകൾക്ക്‌ കൈമാറും. കൃത്യമായി തിരിച്ചടയ്‌ക്കുന്നവർക്ക്‌ മൂന്നുശതമാനംകൂടി പലിശയിളവ്‌ നൽകും. ഇതും കേന്ദ്രം നൽകും. ഇതോടെ കൃത്യമായി തിരിച്ചടയ്‌ക്കുന്നവർക്ക്‌ നാലു ശതമാനംമാത്രമായി പലിശ ചുരുങ്ങും.

2020 വരെ ഈ രീതിയിലുണ്ടായ പദ്ധതിയാണ്‌ പരിഷ്‌കരിച്ച പലിശയിളവെന്ന പേരിൽ മോദി സർക്കാർ മാറ്റത്തോടെ നടപ്പാക്കുന്നത്‌. ബാങ്കുകൾക്ക്‌ കേന്ദ്രം കൈമാറുന്ന തുകയിൽ ഗണ്യമായ ഇടിവുണ്ടാകും. നേരത്തേ അഞ്ചുശതമാനത്തിനു തുല്യമായ തുക കേന്ദ്രം കൈമാറിയിരുന്നെങ്കിൽ ഇപ്പോഴത്‌ നാലര ശതമാനമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top