15 September Monday
മോദി സർക്കാരിനുമുമ്പ്‌ പെട്രോളിന്‌ 
ലിറ്ററിന്‌ 9.48 രൂപയും ഡീസലിന്‌ 3.56 രൂപയുമായിരുന്ന കേന്ദ്രതീരുവ ഇപ്പോള്‍ 32.9ഉം 31.8 ഉം

എണ്ണ തീരുവ : മോദി സർക്കാർ ഊറ്റിയത്‌ 21 ലക്ഷം കോടി

സാജൻ എവുജിൻUpdated: Saturday Mar 18, 2023


ന്യൂഡൽഹി
മോദി സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്‌സൈസ്‌ തീരുവകൾ വഴി സമാഹരിച്ചത് 21.27 ലക്ഷം കോടി രൂപ. 2014–-15ൽ ഈയിനത്തിൽ കേന്ദ്രവരുമാനം 99,068 കോടി രൂപയായിരുന്നെങ്കിൽ 2021–-22ൽ ഇത്‌ 3.63 ലക്ഷം കോടിയായി . നടപ്പ്‌ സാമ്പത്തികവർഷം ഡിസംബർവരെയുള്ള വരുമാനം 2.03 ലക്ഷം കോടി രൂപയാണെന്ന്‌ പെട്രോളിയംമന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു.

രാജ്യത്ത്‌ പെട്രോൾ  വില വിപണിനിരക്കിന്‌ അനുസൃതമായി നിശ്ചയിക്കാന്‍ തുടങ്ങിയത് 2010 ജൂൺ 26 മുതലും ഡീസലിന്റേത് 2014 ഒക്ടോബർ 19 മുതലുമാണ്‌. 2014ൽ മോദി അധികാരമേറ്റശേഷമുള്ള വർഷങ്ങളിൽ രാജ്യാന്തരവിപണിയിൽ എണ്ണവില ഇടിഞ്ഞു. ഈ അവസരം ഉപയോഗിച്ച്‌ പെട്രോള്‍, ഡീസല്‍ കേന്ദ്രതീരുവ കൂട്ടിയത്‌ 12 പ്രാവശ്യം. 2019ന്‌ ശേഷം രണ്ടു തവണവീതം നികുതി കൂട്ടുകയും കുറയ്‌ക്കുകയും ചെയ്‌തു. ഇപ്പോൾ ഡീസലിന്റെ കേന്ദ്രതീരുവ 2014നെ അപേക്ഷിച്ച്‌ നാല്‌ ഇരട്ടിയിലേറെ.  പെട്രോളിന്റേതാകട്ടെ ഇരട്ടിയും. മോദി സർക്കാർ  വരുംമുമ്പ്‌ പെട്രോളിന്‌ ലിറ്ററിന്‌ 9.48 രൂപയും ഡീസലിന്‌ 3.56 രൂപയുമായിരുന്നു കേന്ദ്രതീരുവ.  പടിപടിയായി ഇത്‌ 32.9 രൂപയും 31.8 രൂപയും ആയി.

കോവിഡ്‌ മഹാമാരി നടമാടിയ 2020 മാർച്ച്‌–- മെയ്‌ കാലത്തുമാത്രം പെട്രോളിന്‌ 13 രൂപയും ഡീസലിന്‌ 16 രൂപയും തീരുവ കൂട്ടി.  കേരളംപോലുള്ള സംസ്ഥാനങ്ങൾ പെട്രോളിനും ഡീസലിനും ഒരു രൂപപോലും നികുതി കൂട്ടാതിരുന്നപ്പോഴായിരുന്നു ഈ തീവെട്ടിക്കൊള്ള. വരുമാനം സംസ്ഥാനങ്ങൾക്ക്‌ വീതംവയ്‌ക്കുന്നത്‌ ഒഴിവാക്കാൻ ഇന്ധനനികുതിയിൽ പ്രത്യേക തീരുവകളാണ്‌ കേന്ദ്രം അടിച്ചേൽപ്പിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top