26 April Friday
എംപിമാർ ഉൾപ്പടെയുള്ളവർക്ക്‌ മർദനം

പൊലീസ്‌ തല്ലിച്ചതയ്ക്കുന്നു; 
പരാതിയുമായി കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 17, 2022

 

ന്യൂഡൽഹി
രാഹുൽ ഗാന്ധിയെ ഇഡി തുടർച്ചയായി ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിക്കുന്ന എംപിമാർ ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പൊലീസ്‌ തല്ലിച്ചതയ്‌ക്കുകയാണെന്ന പരാതിയുമായി കോൺഗ്രസ്‌. വ്യാഴാഴ്‌ച പകൽ അധീർ രഞ്‌ജൻ ചൗധരിയുടെ നേതൃത്വത്തിൽ എംപിമാരുടെ സംഘം ലോക്‌സഭാ സ്‌പീക്കർ ഓംബിർളയെ സന്ദർശിച്ചും മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സംഘം രാജ്യസഭാ ചെയർമാൻ വെങ്കയ്യനായിഡുവിനും പരാതി നൽകി. വെള്ളിയാഴ്‌ച രാഷ്ട്രപതിയെ സന്ദർശിച്ച്‌ വിഷയം ഉന്നയിക്കും. മുതിർന്ന നേതാക്കളെയും എംപിമാരെയും പൊലീസ്‌ മർദിച്ച്‌ വലിച്ചിഴച്ചു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഏകാധിപത്യനിലപാടിന്റെ ഭാഗമാണ്‌ പൊലീസ്‌ നടപടിയെന്നും സംഘം പരാതിപ്പെട്ടു.

പരിക്കേറ്റ എംപിമാരായ കെ സി വേണുഗോപാൽ, പി ചിദംബരം, ശക്തിസിൻഹ്‌ ഗോഹിൽ, പ്രമോദ്‌ തിവാരി, ജെബി മേത്തർ എന്നിവർക്ക്‌ വൈദ്യസഹായം വേണ്ടിവന്നു. എഐസിസി ആസ്ഥാനത്തേക്ക്‌ പൊലീസ്‌ ഇരച്ചുകയറി ലാത്തിച്ചാർജ്‌ നടത്തിയെന്ന്‌ ആരോപിച്ച്‌ കോൺഗ്രസ്‌ തുഗ്ലക്‌റോഡ്‌ സ്റ്റേഷനിലും പരാതി നൽകി. ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകളും കോൺഗ്രസ്‌ കൈമാറി.
ആസൂത്രിതമായി നേതാക്കളെയും എംപിമാരെയും അടിച്ചമർത്തിയ പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയെ മണിക്കൂറുകൾ ചോദ്യം ചെയ്യുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന്‌ അധീർ രഞ്‌ജൻ ചൗധരി മാധ്യമങ്ങളോട്‌ പ്രതികരിച്ചു.

അറസ്റ്റ്‌ ആശങ്കയിൽ കോൺഗ്രസ്‌
രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്‌ ഇഡി തുടർന്നാൽ പ്രതിഷേധം ശക്തമാക്കാനാണ്‌ കോൺഗ്രസിന്റെ തീരുമാനം. എല്ലാ എംപിമാരോടും ഡൽഹിയിൽ എത്താൻ നിർദേശിച്ചു. ഒാരോ എംപിയുടെയും വീട്ടിൽ 10 പ്രവർത്തകരെയെങ്കിലും താമസിപ്പിക്കണം. സംസ്ഥാന, ജില്ലാ, ബ്ലോക്ക്‌ തലങ്ങളിൽ ചോദ്യം ചെയ്യലിനെതിരെ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും.
ഡൽഹി പൊലീസിന്റെ അധികാരദുർവിനിയോഗം ചൂണ്ടിക്കാണിച്ച്‌ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്‌.

പ്രതിഷേധം അക്രമാസക്തം
കോൺഗ്രസ്‌ ആസ്ഥാനത്തേക്ക്‌ ഡൽഹി പൊലീസ്‌ ഇരച്ചുകയറി ലാത്തിച്ചാർജ്‌ നടത്തിയെന്ന്‌ ആരോപിച്ച്‌ വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ നടത്തിയ രാജ്‌ഭവൻ മാർച്ച്‌ അക്രമാസക്തമായി. അസമിൽ കോൺഗ്രസ്‌ പ്രതിഷേധത്തിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ ഗുവാഹത്തി സിറ്റി പൊലീസ്‌ കമീഷണർക്ക്‌ പരിക്കേറ്റു. കർണാടകത്തിൽ സമരത്തെതുടർന്നുണ്ടായ ഗതാഗതക്കുരുക്കിൽ ആംബുലൻസ്‌ ഉൾപ്പെടെ കുടുങ്ങി.

മിക്ക സംസ്ഥാനങ്ങളിലും പൊലീസ്‌ പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. ഡൽഹി ലെഫ്‌. ഗവർണറുടെ വസതിക്കു പുറത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ സംഘർഷമുണ്ടായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top