09 May Thursday
ജമ്മു മെഡിക്കൽ കോളേജിലും സംഘർഷം

വിദ്വേഷം പടര്‍ത്തി "കേരള സ്റ്റോറി' ; മഹാരാഷ്ട്രയില്‍ സംഘര്‍ഷം , ഒരു മരണം

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023


പുണെ
വിദ്വേഷസിനിമ "കേരള സ്റ്റോറി'യെ കുറിച്ചുള്ള സമൂഹമാധ്യമ കുറിപ്പിനെ തുടര്‍ന്ന് ഇരുവിഭാ​ഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലെ അ​കോലയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. വ്യാപകമായി വാഹനങ്ങള്‍ കത്തിച്ചു. 130 പേര്‍ പിടിയിലായി.

സമൂഹമാധ്യമത്തിലെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് അകോല പൊലീസ് സ്റ്റേഷന് പുറത്ത് ഒരു വിഭാ​ഗം തടിച്ചുകൂടിയതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാ​ഗവും തമ്മില്‍ വ്യാപക കല്ലേറുണ്ടായി. വാഹനങ്ങള്‍ വ്യാപകമായി കത്തിച്ചു. മേഖലയില്‍ നിശാനിയമം പ്രഖ്യാപിച്ചു. ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. സം​ഘര്‍ഷത്തില്‍ പരിക്കേറ്റ ഇലക്ട്രീഷ്യനായ വിലാസ് ഗെയ്‌ക്‌വാദ് (40) ആണ് മരിച്ചത്. സ്ഥലം സന്ദര്‍ശിച്ച ബിജെപി നേതാവായ  മന്ത്രി ഗിരീഷ് മഹാജൻ സംഘര്‍ഷം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ആരോപിച്ചു.

ജമ്മു മെഡിക്കൽ കോളേജിലും സംഘർഷം
ജമ്മുവിലെ ഗവ. മെഡിക്കൽ കോളേജിൽ (ജിഎംസി)  ‘ദി കേരള സ്റ്റോറി'സിനിമയെ ചൊല്ലി വിദ്യാർഥി സംഘർഷം. ഞായർ രാത്രി ഒന്നാംവർഷ വിദ്യാർഥികളുടെ ഔദ്യോഗിക ഗ്രൂപ്പിലേക്ക് ‘ദ കേരള സ്റ്റോറി’യുടെ ലിങ്ക് എത്തിയതാണ് സംഭവങ്ങളുടെ തുടക്കം. പഠനകാര്യങ്ങൾക്കുള്ള  ഗ്രൂപ്പിൽ ഇത്തരം ലിങ്കുകൾ അയക്കുന്നതിനെ ചിലർ എതിർത്തു. ഇതിനിടെ ഒരുസംഘം ബോയ്‌സ്‌ ഹോസ്റ്റലിലെത്തി ഇവരെ കൈയേറ്റം ചെയ്തു. കൂടുതൽ വിദ്യാർഥികളും പുറത്തുനിന്നുള്ളചിലരും ഹോസ്റ്റലിൽ എത്തിയതോടെ ചേരിതിരിഞ്ഞ്‌ സംഘർഷമായി. ആക്രമണത്തിൽ അഞ്ചുപേർക്ക്‌ പരിക്കേറ്റു. സംഭവത്തിൽ 10 വിദ്യാർഥികളെ സസ്‌പെൻഡ്‌ ചെയ്‌ത്‌ ആഭ്യന്തര അന്വേഷണത്തിന് കോളേജ്‌ അധികൃതർ ഉത്തരവിട്ടു. പൊലീസ്‌ കേസെടുത്തു.

ആളില്ലാത്തതിനാലാണ് തിയറ്ററുകൾ 
സിനിമ ഒഴിവാക്കിയതെന്ന് തമിഴ്‌നാട്‌
നിലവാരമില്ലാത്ത സിനിമയായതിനാല്‍ കാണാൻ ആളില്ലാത്തതുകൊണ്ടാണ് ‘ദ കേരളാ സ്‌റ്റോറി’  പ്രദർശനം തിയറ്റർ ഉടമകൾ നിർത്തിവച്ചതെന്ന്‌ തമിഴ്‌നാട്‌ സുപ്രീംകോടതിയിൽ. അക്കാര്യത്തില്‍ ഇടപെടാൻ കഴിയില്ലെന്നും തമിഴ്‌നാട്‌ സർക്കാർ സുപ്രീംകോടതിയിൽ നിലപാട്‌ വ്യക്തമാക്കി. ആളില്ലാത്തതിനാല്‍ മൾട്ടിപ്ലെക്‌സ്‌ ഉടമകൾ ഏഴാം തിയതി മുതൽ സിനിമ പ്രദർശിപ്പിക്കേണ്ടെന്ന്‌ തീരുമാനിച്ചു. 19 മൾട്ടിപ്ലെക്‌സുകളിൽ സിനിമ റിലീസ്‌ ചെയ്‌തിരുന്നു. മറിച്ചുള്ള ആരോപണങ്ങൾ ചുളുവിൽ പ്രശസ്‌തി കിട്ടാനുള്ള പൊടിക്കൈകൾ ആണെന്നും തമിഴ്‌നാട്‌ സത്യവാങ്‌മൂലത്തിൽ ചൂണ്ടിക്കാട്ടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top