18 December Thursday
രാഹുലിനെ ശിക്ഷിച്ച ജഡ്‌ജിയുടെ സ്ഥാനക്കയറ്റം റദ്ദാക്കിയിട്ടില്ല

ഗുജറാത്ത്‌ ജഡ്‌ജിമാരുടെ 
സ്ഥാനക്കയറ്റം റദ്ദാക്കൽ ; 
പുതിയ ബെഞ്ചിന്

വെബ് ഡെസ്‌ക്‌Updated: Wednesday May 17, 2023


ന്യൂഡൽഹി
ഗുജറാത്തിലെ 68 ജുഡീഷ്യൽ ഓഫീസർമാർക്ക്‌ ജഡ്‌ജിമാരായി സ്ഥാനക്കയറ്റം നൽകി നിയമിച്ചത്‌ ചോദ്യംചെയ്‌തുള്ള ഹർജികൾ സുപ്രീംകോടതി പുതിയ ബെഞ്ചിന്‌ കൈമാറും. നേരത്തെ കേസ്‌ പരിഗണിച്ച ജസ്‌റ്റിസ്‌ എം ആർ ഷാ വിരമിച്ചതിനാൽ കേസ്‌ ഉടൻ പുതിയ ബെഞ്ചിന്‌ വിടുമെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അറിയിച്ചു.

68 പേരിൽ 40 പേരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിരുന്നു. ഇക്കൂട്ടത്തിൽ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയെ അപകീർത്തിക്കേസിൽ ശിക്ഷിച്ച മജിസ്‌ട്രേട്ട്‌ എച്ച്‌ എച്ച്‌ വർമയുടെ സ്ഥാനക്കയറ്റവും സ്‌റ്റേ ചെയ്‌തതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, എച്ച്‌ എച്ച്‌ വർമയുടെ സ്ഥാനക്കയറ്റം സ്‌റ്റേ ചെയ്‌തിട്ടില്ലെന്ന്‌ ഈ കേസിൽ ഇടക്കാല ഉത്തരവ്‌ പുറപ്പെടുവിച്ച ജസ്‌റ്റിസ്‌ എം ആർ ഷാ കഴിഞ്ഞദിവസം വിശദീകരിച്ചു. മെറിറ്റിന്റെ അടിസ്ഥാനത്തിൽ ജഡ്‌ജിമാരായ 28 പേരുടെ  സ്ഥാനക്കയറ്റം സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിട്ടില്ല. എച്ച്‌ എച്ച്‌ വർമ മെറിറ്റ്‌ ലിസ്‌റ്റിൽ മുന്നിലാണ്‌–- സുപ്രീംകോടതി ജഡ്‌ജി സ്ഥാനത്ത്‌ നിന്നും വിരമിച്ചതിനുശേഷം വാർത്താപോർട്ടലിന്‌ നൽകിയ അഭിമുഖത്തിൽ ജസ്‌റ്റിസ്‌ ഷാ പറഞ്ഞു. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന്‌, 40 പേരുടെ സ്ഥാനക്കയറ്റം പിൻവലിച്ച്‌ ഗുജറാത്ത്‌ ഹൈക്കോടതി ഉത്തരവിറക്കി. ഇതിനെതിരെ ജുഡീഷ്യൽ ഓഫീസർമാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top