27 April Saturday

കൊഴിഞ്ഞു വീണ്‌ കോണ്‍​ഗ്രസ് ; ഗോവ പോലെ കൂട്ടക്കൂറുമാറ്റം പത്തിലേറെ സംസ്ഥാനങ്ങളിൽ

എം പ്രശാന്ത്‌Updated: Friday Sep 16, 2022

ന്യൂഡൽഹി>
ഗോവയ്‌ക്ക്‌ സമാനമായി പത്തിലേറെ സംസ്ഥാനങ്ങളിൽ കോൺഗ്രസിൽനിന്ന്‌ എംഎൽഎമാരുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്‌. കർണാടക, മധ്യപ്രദേശ്‌, അരുണാചൽ, മണിപ്പുർ, പുതുച്ചേരി, മേഘാലയ എന്നിവിടങ്ങളിൽ എംഎൽഎമാരുടെ കൂട്ടക്കൂറുമാറ്റത്തെ തുടർന്ന്‌ കോൺഗ്രസിന്‌ ഭരണം നഷ്ടമായി. വൈസ്‌പ്രസിഡന്റ്‌ എന്ന നിലയിൽ രാഹുൽ ഗാന്ധി 2013ൽ കോൺഗ്രസിന്റെ അമരത്ത്‌ എത്തിയശേഷമാണ്‌ ഈ നഷ്‌ടങ്ങൾ.

● മധ്യപ്രദേശ്‌–- 15 വർഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച്‌ 2018 ൽ കോൺഗ്രസ്‌ അധികാരത്തിലെത്തി. കമൽനാഥ്‌ മുഖ്യമന്ത്രിയായി. 2020 മാർച്ചിൽ 23 എംഎൽഎമാർക്കൊപ്പം ജ്യോതിരാദിത്യ ബിജെപിയിൽ ചേർന്നതോടെ സർക്കാർ നിലംപൊത്തി.

● കർണാടക–- 2018 തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ  ഒറ്റക്കക്ഷിയായെങ്കിലും കോൺഗ്രസ്‌–-ജെഡിയു സഖ്യം സർക്കാർ രൂപീകരിച്ചു.  2019 നവംബറിൽ 14 കോൺഗ്രസ്‌ എംഎൽഎമാരും മൂന്ന്‌ ജെഡിയു എംഎൽഎമാരും ബിജെപിയിൽ ചേർന്നതോടെ സർക്കാർ വീണു.

● പുതുച്ചേരി–- അഞ്ച്‌ കോൺഗ്രസ്‌ എംഎൽഎമാർ 2021 ൽ ബിജെപിയിൽ ചേർന്നതോടെ നാരായണസ്വാമി സർക്കാർ പുറത്തായി. പിന്നീട്‌ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുപ്പതംഗ സഭയിൽ കോൺഗ്രസിന്റെ അംഗബലം രണ്ടായി.

● ഗോവ–- 2017 തെരഞ്ഞെടുപ്പിൽ 17 സീറ്റുമായി കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ചെറുകക്ഷികളെ കൂട്ടുപിടിച്ച്‌ ബിജെപി ഭരണം പിടിച്ചു. പിന്നീട്‌ 12 കോൺഗ്രസ്‌ എംഎൽഎമാർ ബിജെപിയിലും മൂന്നുപേർ തൃണമൂലിലും ചേർന്നതോടെ അംഗബലം രണ്ടായി. ഈ വർഷം നടന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെക്കൊണ്ട്‌ കൂറുമാറ്റവിരുദ്ധ പ്രതിജ്ഞ എടുപ്പിച്ചെങ്കിലും എട്ട്‌ പേർ ബിജെപിയിലേക്ക്‌ പോയി.

● മണിപ്പുർ–-2017 നിയമസഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റോടെ കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ബിജെപി സർക്കാർ രൂപീകരിച്ചു. 12 കോൺഗ്രസ്‌ എംഎൽഎമാർ പിന്നീട്‌ പല ഘട്ടങ്ങളിലായി ബിജെപിയിൽ ചേർന്നു. ഈ വർഷം ആദ്യം നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‌ ജയിക്കാനായത്‌ അഞ്ച്‌ സീറ്റിൽ മാത്രം.

● മേഘാലയ–- 21 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന മേഘാലയയിൽ നിലവിൽ കോൺഗ്രസിന്‌ എംഎൽഎമാരില്ല. 12 പേർ തൃണമൂലിലും ഒമ്പതുപേർ ബിജെപി മുന്നണി സർക്കാരിലും ചേർന്നു.

● മറ്റ്‌ സംസ്ഥാനങ്ങൾ–-തെലങ്കാനയിൽ 19 കോൺഗ്രസ്‌ എംഎൽഎമാരിൽ 14 പേർ മറ്റ്‌ പാർടികളിലേക്ക്‌ കൂറുമാറി. അരുണാചലിൽ 60 ൽ 44 സീറ്റുമായി ഭരിച്ച കോൺഗ്രസ്‌ സര്‍ക്കാര്‍ നിലംപൊത്തി. 44 ൽ 43 എംഎൽഎമാർ പിപിഎ എന്ന പാർടിയിൽ ചേർന്നു. വൈകാതെ ഇവരെല്ലാം ബിജെപിയിലെത്തി. ഗുജറാത്തിൽ 77 എംഎൽഎമാരിൽ 14 പേർ കൂറുമാറി. ത്രിപുരയിൽ കോൺഗ്രസിന്റെ ആറ്‌ എംഎൽഎമാർ ആദ്യം തൃണമൂലിലേക്കും പിന്നീട്‌ ബിജെപിയിലേക്കും മാറി. ഉത്തരാഖണ്ഡിൽ മുൻമുഖ്യമന്ത്രി വിജയ്‌ ബഹുഗുണയും എട്ട്‌ എംഎൽഎമാരും 2016 ൽ ബിജെപിയിൽ ചേർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top