29 March Friday

ഡല്‍ഹികലാപത്തിന്റെ പേരില്‍ വേട്ട : രാഹുൽ റോയിയെ വിളിപ്പിച്ചു

എം പ്രശാന്ത‌്Updated: Tuesday Sep 15, 2020


ന്യൂഡൽഹി
വടക്കുകിഴക്കന്‍ ഡല്‍ഹികലാപവുമായി ബന്ധപ്പെട്ട് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഒപ്പം അനുബന്ധ കുറ്റപത്രത്തിൽ പൊലീസ്‌ പേരുൾപ്പെടുത്തിയ രണ്ടുപേരെ ഡല്‍ഹി പൊലീസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. ഡോക്യുമെന്ററി നിർമാതാക്കളായ രാഹുൽ റോയ്‌, സാബ ദിവാൻ എന്നിവരെയാണ് തിങ്കളാഴ്‌ച വിളിപ്പിച്ചത്. 

യെച്ചൂരിക്കും മറ്റുമെതിരായി കേസെടുത്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് വക്താവ് വിശദീകരണം ഇറക്കിയതിനു തൊട്ടുപിന്നലെയാണിത്. മൊഴിയുടെ അടിസ്ഥാനത്തിൽമാത്രം നടപടി എടുക്കില്ലെന്നായിരുന്നു പൊലീസ്‌ ഭാഷ്യം.
കലാപവുമായി ബന്ധപ്പെടുത്തി ജെഎൻയു മുൻ വിദ്യാർഥി ഉമർ ഖാലിദിനെ 11 മണിക്കൂർ  ചോദ്യംചെയ്യലിനുശേഷം ഞായറാഴ്‌ച രാത്രി അറസ്റ്റുചെയ്തു. തിങ്കളാഴ്‌ച വീഡിയോ കോൺഫറൻസിലൂടെ ജില്ലാകോടതിയില്‍ ഹാജരാക്കിയ പൊലീസ്‌ പത്തു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. ഡൽഹി പൊലീസ്‌ സ്‌പെഷ്യൽ സെല്ലാണ്‌ യുഎപിഎ ചുമത്തി ഖാലിദിനെ അറസ്റ്റ്‌ ചെയ്‌തത്‌.

ജനുവരി എട്ടിന്‌ ഷഹീൻബാഗിൽവച്ച്‌ എഎപി എംഎൽഎയായിരുന്ന താഹിർ ഹുസൈനെയും ‘യുണൈറ്റഡ്‌ എഗെയ്‌ൻസ്റ്റ്‌ ഹേറ്റ്‌’ എന്ന സംഘടനയുടെ സഹസ്ഥാപകനായ ഖാലിദ്‌ സെയ്‌ഫിയെയും ഉമർ ഖാലിദ്‌ കണ്ടെന്നും ട്രംപ്‌ ഇന്ത്യയിൽ വരുന്ന സമയത്ത്‌ ചില വലിയ കാര്യങ്ങൾക്കായി തയ്യാറായിക്കൊള്ളാൻ പറഞ്ഞെന്നുമാണ്‌ ഡൽഹി പൊലീസ്‌ അവകാശവാദം.
പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ കലാപത്തിന്‌ പ്രേരിപ്പിച്ചെന്ന കുറ്റത്തിന്‌ ഏപ്രിലിൽ യുഎപിഎ പ്രകാരം മറ്റൊരു കേസും ഉമറിനെതിരെ എടുത്തിരുന്നു. ഈ മാസം ആദ്യം ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യലുമുണ്ടായി. ഉമറിനെ ദീർഘമായ ചോദ്യംചെയ്യലിന്‌ വിധേയമാക്കേണ്ടതുണ്ടെന്ന്‌ സ്‌പെഷ്യൽ പബ്ലിക്ക്‌ പ്രോസിക്യൂട്ടർ അമിത്‌ പ്രസാദ്‌ കോടതിയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top