18 April Thursday

യെച്ചൂരിക്ക് നേരെ സംഘപരിവാര്‍ : ഇരുസഭയിലും അടിയന്തരപ്രമേയ നോട്ടീസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 15, 2020


ന്യൂഡൽഹി
സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട്‌ കള്ളക്കേസിൽ കുടുക്കാനുള്ള ഡൽഹി പൊലീസ്‌ നീക്കത്തിനെതിരായി പാർലമെന്റിന്റെ ഇരുസഭയിലും ഇടതുപക്ഷ എംപിമാർ അടിയന്തരപ്രമേയ നോട്ടീസ്‌ നൽകി. ലോക്‌സഭയിൽ എ എം ആരിഫും രാജ്യസഭയിൽ സിപിഐ എം സഭാനേതാവ്‌ എളമരം കരീം, കെ കെ രാഗേഷ്‌, ബിനോയ്‌ വിശ്വം എന്നിവരുമാണ്‌ നോട്ടീസ്‌ നൽകിയത്‌.

രാഷ്ട്രീയ യജമാനന്മാരുടെ നിർദേശപ്രകാരമുള്ള ഡൽഹി പൊലീസിന്റെ നീക്കത്തെ സഭ അപലപിക്കണമെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ കുറ്റകരമായി കാണുന്ന നിലപാടിൽനിന്ന്‌ സർക്കാർ പിന്തിരിയണമെന്നും എളമരം കരീം നോട്ടീസിൽ പറഞ്ഞു.

പൗരത്വഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചവരെ യെച്ചൂരിയും മറ്റും ആസൂത്രിതമായി പ്രോത്സാഹിപ്പിച്ചെന്നാണ് ‘കണ്ടെത്തൽ’. വിദ്വേഷപ്രസംഗം നടത്തിയ കേന്ദ്രമന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ  നടപടിയില്ല. പ്രതിപക്ഷത്തുള്ള പ്രമുഖരെ വേട്ടയാടാന്‍ ഡൽഹി പൊലീസിനെയും സിബിഐ, എൻഐഎ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെയും ദുരുപയോഗിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്‌–- എളമരം കരീം ചൂണ്ടിക്കാട്ടി
യെച്ചൂരിയെയും മറ്റും കേസിൽ കുടുക്കാനുള്ള നീക്കം അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമാണെന്ന് കെ കെ രാഗേഷ്‌ നോട്ടീസിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top