25 April Thursday

ത്രിപുരയിൽ 
മുഖം നഷ്ടപ്പെട്ട്‌ ബിജെപി ; മന്ത്രിമാരും എംഎൽഎമാരും തമ്മിലടിച്ചത്‌ ദേശീയ നേതൃത്വത്തിന്റെ 
പ്രതിനിധികൾക്ക്‌ മുന്നിൽ

സാജൻ എവുജിൻUpdated: Sunday May 15, 2022


ന്യൂഡൽഹി
ത്രിപുരയിൽ  മുഖംമിനുക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ബിജെപി പദ്ധതി പൊളിഞ്ഞു. മുഖ്യമന്ത്രി ബിപ്ലവ്‌കുമാർ ദേബിനെ രാജിവയ്‌പിച്ച്‌ മണിക്‌ സാഹയെ നിയോഗിച്ച തീരുമാനം സൃഷ്ടിച്ച പോരും കലാപവും ദേശീയനേതൃത്വത്തിനും തിരിച്ചടി. മുഖ്യമന്ത്രിയുടെ വസതിയിൽ, ദേശീയ നേതൃത്വത്തിന്റെ പ്രതിനിധികൾക്ക്‌ മുന്നിലാണ്‌ സംസ്ഥാനമന്ത്രിമാരും എംഎൽഎമാരും തമ്മിലടിച്ചത്‌.

അഴിമതിക്കും ദുർഭരണത്തിനും എതിരായി സിപിഐ എം നേതൃത്വത്തിൽ നടന്നുവരുന്ന പ്രക്ഷോഭത്തിന്‌ ജനപിന്തുണ ശക്തമായി ലഭിക്കുന്നതാണ്‌ ബിപ്ലവ്‌കുമാറിനെ നീക്കാനുള്ള തീരുമാനത്തിലേക്ക്‌ ബിജെപിയെ എത്തിച്ചത്‌. കോൺഗ്രസിൽനിന്ന്‌ ആറ്‌ വർഷം മുമ്പെത്തി ബിജെപി സംസ്ഥാന അധ്യക്ഷനും രാജ്യസഭാംഗവുമായി മാറിയ  മണിക്‌ സാഹയെയാണ്‌  ബിപ്ലവിന്റെ പിൻഗാമിയായി നിശ്‌ചയിച്ചത്‌. 2023 മാർച്ചിലാണ്‌ ത്രിപുരയിൽ തെരഞ്ഞെടുപ്പ്‌. എന്നാൽ, ഈ വർഷം അവസാനത്തോടെ തെരഞ്ഞെടുപ്പ്‌ നടത്താൻ പാകത്തിൽ നിയമസഭ പിരിച്ചുവിടാൻ പദ്ധതിയിട്ടാണ്‌ സാഹയെ തീരുമാനിച്ചത്‌.

ഡൽഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ച ആർഎസ്‌എസ്‌ പ്രവർത്തകനായ ബിപ്ലവ്‌കുമാറിനെ  മുതിർന്ന നേതാക്കളെ  മറികടന്നാണ്‌ 2018ൽ മുഖ്യമന്ത്രിയായി അവരോധിച്ചത്‌. വൈകാതെ കലാപക്കൊടി ഉയർന്നു. ബിജെപി എംഎൽഎ  സുദീപ്‌ റോയി ബർമന്റെ നേതൃത്വത്തിലുള്ള സംഘം ഡൽഹിയിൽ പരാതിയുമായെത്തി. മുഖ്യമന്ത്രിയാകാൻ  മോഹിച്ച്‌ കോൺഗ്രസിൽനിന്ന്‌ ബിജെപിയിൽ ചേക്കേറിയ  സുദീപിന്‌ ‌തുടക്കത്തിൽ  ആരോഗ്യമന്ത്രിസ്ഥാനം നൽകി. ഒരു വർഷം കഴിഞ്ഞപ്പോൾ മന്ത്രിസഭയിൽനിന്ന്‌ പുറത്താക്കി. അഴിമതി വ്യാപകമായതോടെ  ആദിവാസിമേഖലയിൽനിന്ന്‌ ബിജെപി ഘടകകക്ഷിയായി കൂട്ടിയ ഐപിഎഫ്‌ടിയും മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞു. 

തൊഴിലുറപ്പ്‌ പദ്ധതി നടത്തിപ്പിൽ വൻതോതിൽ അഴിമതി പുറത്തുവന്നതോടെ  ബിപ്ലവ്‌കുമാറിന്‌ പിടിവള്ളി നഷ്ടമായി. ദേശീയനേതൃത്വം നിയോഗിച്ച സംഘം അഗർത്തലയിൽ നടത്തിയ ചർച്ചകളിൽ ബിപ്ലവിന്‌ അനുകൂലമായി സംസാരിക്കാൻ അധികംപേർ ഉണ്ടായില്ല. പിന്നാലെ ബിപ്ലവ്‌കുമാറിനെ ആഭ്യന്തരമന്ത്രി അമിത്‌ ഷാ ഡൽഹിയിലേക്ക്‌ വിളിപ്പിച്ച്‌ രാജി ആവശ്യപ്പെടുകയായിരുന്നു. വ്യാപകമായ  അഴിമതിയും കോവിഡ്‌ കൈകാര്യംചെയ്‌തതിലെ വീഴ്‌ചകളും ക്രമസമാധാന തകർച്ചയും ഉയർത്തിക്കാട്ടി സംസ്ഥാനത്ത് ഇടതുമുന്നണി നിരന്തരം പ്രക്ഷോഭത്തിലാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top