27 April Saturday

ഭോപ്പാൽ വാതകദുരന്തത്തിൽ അധികനഷ്ടപരിഹാരം ; കേന്ദ്രത്തിന്റെ ഹർജി തള്ളി

സ്വന്തം ലേഖകൻUpdated: Wednesday Mar 15, 2023


ന്യൂഡൽഹി
ഭോപ്പാൽ വാതകദുരന്തത്തിന്റെ ഇരകൾക്ക് 7844 കോടിയുടെ അധിക നഷ്ടപരിഹാരം അനുവദിക്കാൻ ഇടപെടണമെന്ന കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി. നഷ്ടപരിഹാര വിതരണത്തിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ അത്‌ നികത്തേണ്ട ബാധ്യത കേന്ദ്രസർക്കാരിനാണെന്നും ഇരകൾക്ക്‌ ഇൻഷുറൻസ്‌ പോളിസി എടുക്കാതിരുന്നത്‌ സർക്കാരിന്റെ വീഴ്‌ചയാണെന്നും ഭരണഘടനാബെഞ്ച്‌ വിമർശിച്ചു.

നഷ്ടപരിഹാര കേസ്‌ നടപടി പുനരാരംഭിക്കണം,അധികനഷ്ടപരിഹാരം നൽകാൻ യൂണിയൻ കാർബൈഡ് ലിമിറ്റഡിനോട്‌ നിർദേശിക്കണം തുടങ്ങിയ ആവശ്യങ്ങളുമായാണ്‌ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്‌.

എന്നാൽ, ഭോപ്പാൽ ദുരന്തമുണ്ടായി 39 വർഷത്തിനുശേഷം നഷ്ടപരിഹാരവിഷയം വീണ്ടും ഉന്നയിച്ച കേന്ദ്രസർക്കാർ നടപടിയുടെ യുക്തി ജസ്റ്റിസ്‌ സഞ്‌ജയ്‌കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗബെഞ്ച്‌ ചോദ്യംചെയ്‌തു. നഷ്ടപരിഹാരവിഷയത്തിൽ യൂണിയൻ കാർബൈഡുമായി (ഇപ്പോൾ ഡൗ കെമിക്കൽസ്‌) 1989ൽ ഉണ്ടാക്കിയ ധാരണപ്രകാരമുള്ള നഷ്ടപരിഹാരവിതരണത്തിൽ എന്തെങ്കിലും ക്രമക്കേടുകൾ നടന്നതായി ബോധ്യപ്പെട്ടാലേ കോടതിക്ക്‌ വീണ്ടും ഇടപെടാനാകൂ. എന്തെങ്കിലും ക്രമക്കേടുകൾ നടന്നതായി കേന്ദ്രസർക്കാരിന് പരാതിയില്ലെന്നതും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാര വിതരണത്തിന് റിസർവ് ബാങ്കിന്റെ പക്കലുള്ള 50 കോടി കേന്ദ്രസർക്കാരിന് ഉപയോഗിക്കാമെന്നും സുപ്രീംകോടതി നിർദേശിച്ചു. 1984ലെ ഭോപാൽ വാതകദുരന്തം മൂവായിരത്തിലധികം ആളുകളുടെ മരണത്തിnനും വലിയ പരിസ്ഥിതി നാശത്തിനും കാരണമായിരുന്നു. ഇരകളുടെ ആശ്രിതർക്ക് 725 കോടിയുടെ നഷ്ടപരിഹാര പാക്കേജിനാണ് 1989ൽ ധാരണയുണ്ടാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top