27 April Saturday

പാഴാക്കിയത്‌ 44,000 കോടി; കൈകെട്ടി കൃഷി മന്ത്രാലയം

സാജൻ എവുജിൻUpdated: Wednesday Mar 15, 2023


ന്യൂഡൽഹി
കഴിഞ്ഞ മൂന്നു വർഷം കേന്ദ്ര കൃഷി മന്ത്രാലയം ബജറ്റ്‌ വിഹിതത്തിൽനിന്ന്‌ ചെലവിടാതെ തിരിച്ചടച്ചത്‌ 44,000 കോടി രൂപ. 2020–-21ൽ 23,824 കോടി, 2021–-22ൽ 429 കോടി, 2022–-23ൽ 19,762 കോടി (അന്തിമ കണക്കല്ല) രൂപ വീതമാണ്‌ കൃഷി, കർഷകക്ഷേമ വകുപ്പ്‌ ലാപ്‌സാക്കിയത്‌. കൃഷി മന്ത്രാലയത്തിന്റെ ധനാഭ്യർഥനയോടൊപ്പം പാർലമെന്റിൽ സമർപ്പിച്ച സ്‌റ്റാൻഡിങ്‌ കമ്മിറ്റി റിപ്പോർട്ടിലാണ്‌ ഈ വിവരം. രാജ്യത്തെ ദശലക്ഷക്കണക്കിന്‌ കർഷകർ മതിയായ സർക്കാർ സഹായം കിട്ടാതെ ദുരിതം അനുഭവിക്കുമ്പോഴാണ്‌ കടുത്ത അനാസ്ഥ.

പട്ടികജാതി, പട്ടികവർഗ ഉപപദ്ധതികൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നീ വിഭാഗങ്ങളിലായി ചെലവിടേണ്ട തുകയാണ്‌ ലാപ്‌സാക്കിയതിൽ ഏറിയപങ്കും. ബജറ്റ്‌ വിഹിതം വിനിയോഗിക്കാതെ തിരിച്ചുനൽകുന്ന പ്രവണത പൂർണമായും അവസാനിപ്പിക്കണമെന്ന്‌ പി സി ഗദ്ദിഗൗഡർ അധ്യക്ഷനായ സ്‌റ്റാൻഡിങ്‌ കമ്മിറ്റി റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

കാർഷികമേഖലയ്‌ക്കുള്ള ബജറ്റ്‌ വിഹിതം കുറഞ്ഞുവരുന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2020–-21ൽ മൊത്തം ബജറ്റ്‌ വിഹിതത്തിന്റെ 4.41 ശതമാനമായിരുന്നത്‌ 2023–-24ൽ 2.57 ശതമാനമായി ഇടിഞ്ഞു. പ്രധാനമന്ത്രി ഫസൽബീമ യോജന നടത്തിപ്പിനുള്ള ബജറ്റ്‌ വിഹിതവും വെട്ടിക്കുറയ്‌ക്കുന്നു. 2022–-23ൽ 15,500 രൂപ വകയിരുത്തി. ചെലവിട്ടത്‌ 12,375 കോടിമാത്രം. ഇക്കൊല്ലം നീക്കിവച്ചത്‌ 13,625 കോടി മാത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top