24 April Wednesday

മരണാനന്തരം വെളിച്ചമായി 
മഹിരയും മാൻസിയും; ഡൽഹി എയിംസിൽ 24 മണിക്കൂറിനിടെ രണ്ട്‌ അവയവദാനം

വെബ് ഡെസ്‌ക്‌Updated: Monday Nov 14, 2022

ന്യൂഡൽഹി

ഒരു ദിവസത്തിനിടെ മസ്‌തിഷ്‌ക മരണം സംഭവിച്ച രണ്ട്‌ കുട്ടികളുടെ അവയവദാനം നടത്തി ഡൽഹി എയിംസ്‌. 18 മാസം പ്രായമുള്ള മഹിരയുടെയും എട്ടു വയസ്സുകാരി മാൻസിയുടെയും അവയവങ്ങളാണ്‌ ദാനം ചെയ്‌തത്‌. ഉത്തർപ്രദേശിലെ മഥുരയിൽ നിന്നുള്ള മാൻസി കഴിഞ്ഞ രണ്ടിന്‌ വീട്ടിൽ ഉയരത്തിൽനിന്ന് വീഴുകയായിരുന്നു. വെള്ളിയാഴ്‌ചയാണ്‌ മസ്തിഷ്ക മരണം സംഭവിച്ചത്‌.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് (ഐഎൽബിഎസ്‌) ആശുപത്രിയിൽ ചികിത്സയിലുള്ള അഞ്ചുവയസ്സുകാരിക്ക് മാൻസിയുടെ കരളും ഒരു വൃക്കയും മാറ്റിവച്ചു. അഞ്ച് വർഷത്തിലേറെയായി ഡയാലിസിസ് ചെയ്തിരുന്ന, കുടുംബത്തിൽ അനുയോജ്യരായ ദാതാക്കൾ ഇല്ലാത്ത പന്ത്രണ്ടുകാരിക്കാണ് മറ്റൊരു വൃക്ക നൽകിയത്. 

കഴിഞ്ഞ ആറിന്‌ ഹരിയാന നൂഹിലെ മേവാത്തിലെ വീടിന്റെ ബാൽക്കണിയിൽനിന്ന് വീണാണ്‌ മഹിരയുടെ മസ്തിഷ്‌കത്തിന് ഗുരുതരമായി ക്ഷതമേറ്റത്‌. വെള്ളിയാഴ്‌ചയോടെ മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചു. ഐഎൽബിഎസിൽ ചികിത്സയിലുള്ള ആറുവയസ്സുള്ള കുട്ടിക്കാണ്‌ കരൾ ദാനം ചെയ്തത്‌. രണ്ട് വൃക്കകളും എയിംസിലെ 17 വയസ്സുള്ള രോഗിക്ക് മാറ്റിവച്ചു. ഇരുവരുടെയും കോർണിയയും ഹൃദയ വാൽവുകളും പിന്നീടുള്ള ഉപയോഗത്തിനായി സംരക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ്‌ മാസത്തിനുള്ളിൽ എയിംസിൽ നാല്‌ കുട്ടികളുടെ അവയവദാനം നടന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top