19 April Friday

രാജ്യത്ത്‌ ഒമ്പതുലക്ഷം രോ​ഗികള്‍; മരണനിരക്ക്‌ 2.64 ശതമാനം‌

എം പ്രശാന്ത‌്Updated: Tuesday Jul 14, 2020


ന്യൂഡൽഹി
രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ ഒമ്പതുലക്ഷം കടന്നു. രോ​ഗികളില്‍ ഒറ്റ ലക്ഷത്തിന്റെ വര്‍ധനയുണ്ടായത് വെറും മൂന്ന് ദിവസംകൊണ്ട്. വെള്ളിയാഴ്‌ചയോടെ രോ​ഗികള്‍ പത്തുലക്ഷം കടന്നേക്കാം. തുടര്‍ച്ചയായി നാലാംദിനവും മരണം അഞ്ഞൂറിലേറെ. മൂന്ന് ദിവസത്തിനകം രാജ്യത്തെ കോവിഡ്‌ മരണം കാൽ ലക്ഷം കടക്കും. അടച്ചിടൽ അവസാനിക്കുന്ന മെയ്‌ 31ന്‌ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 8789 രോ​ഗികള്‍മാത്രം. എന്നാല്‍, തുടര്‍ച്ചയായ കഴിഞ്ഞ ആറു ദിവസവും കാല്‍ലക്ഷത്തിലേറെ രോ​ഗികള്‍ റിപ്പോര്‍ട്ടുചെയ്തു. അടച്ചിടല്‍‌ കാലയളവിനേക്കാൾ മൂന്നിരട്ടിയിലേറെ വർധന‌. ജനുവരി 30ന്‌ ആദ്യ കോവിഡ്‌ രോ​ഗി‌ റിപ്പോർട്ടുചെയ്‌തശേഷം 117 ദിവസമെടുത്താണ്‌ എണ്ണം ഒരു ലക്ഷമായത്‌. അഞ്ചുലക്ഷമെത്താൻ 39 ദിവസം വേണ്ടിവന്നു. എന്നാൽ, വെറും രണ്ടാഴ്‌ച കൊണ്ട് അഞ്ചുലക്ഷത്തിൽനിന്ന്‌ എട്ടുലക്ഷമായി.

കേന്ദ്രസർക്കാർ കണക്കുപ്രകാരം 24 മണിക്കൂറില്‍ 28704 രോ​ഗികള്‍. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ടുപ്രകാരം ഞായറാഴ്‌ച 29106 രോ​ഗികള്‍‌. ഒറ്റദിവസം രോ​ഗികള്‍ 29000 കടക്കുന്നത്‌ ആദ്യം‌. 24 മണിക്കൂറിൽ 18850 പേർ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 5.53 ലക്ഷം. രോഗമുക്തി നിരക്ക്‌ 63.02 ശതമാനം. ചികിത്സയിലുള്ളത് 301609 പേര്‍. നിലവിൽ 19 സംസ്ഥാനത്ത്‌ ദേശീയശരാശരിയേക്കാൾ ഉയർന്ന രോഗമുക്തി നിരക്കുണ്ട്‌. മരണനിരക്ക്‌ രാജ്യത്ത്‌ 2.64 ശതമാനം‌. കേരളത്തിൽ 0.39 ശതമാനംമാത്രം. ആകെ പരിശോധന 1.18 കോടി.

ബസ്‌ സർവീസ്‌ നിരോധം നീട്ടി തമിഴ്‌നാട്‌
കോവിഡ്‌ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്‌ ബസ്‌ സർവീസ്‌ നിലവിൽ പുനരാരംഭിക്കേണ്ടതില്ലെന്ന്‌ തമിഴ്‌നാട്‌ സർക്കാർ. ജൂലൈ 15 വരെയുണ്ടായിരുന്ന നിരോധം 30 വരെ നീട്ടി. 1.40 ലക്ഷത്തോളം രോഗബാധിതരുള്ള സംസ്ഥാനം രാജ്യത്ത്‌ രോഗവ്യാപനത്തിൽ രണ്ടാമതാണ്‌. രണ്ടയിരത്തിനടുത്താണ്‌ മരണം.

ശ്രീനഗറിൽ വീണ്ടും നിയന്ത്രണം
കോവിഡ്‌ വ്യാപനം വർധിച്ച ശ്രീനഗറിൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ജില്ലയിലെ 88 കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ കഴിഞ്ഞയാഴ്‌ച കോവിഡ്‌ കേസുകൾ വർധിച്ചു‌‌‌. തിങ്കളാഴ്‌ച രാവിലെ മുതൽ നഗരത്തിൽ കടകളും ചന്തകളും അടപ്പിച്ചു. ആളുകൾ‌ പുറത്തിറങ്ങുന്നത്‌ കർശനമായി വിലക്കി‌.

കർണാടകയിൽ രോഗികൾ  കൂടുന്നു
കർണാടകയിൽ രോഗ വ്യാപനം രൂക്ഷമാകുന്നു. രാജ്യത്ത്‌ കോവിഡ്‌ ഏറ്റവും രൂക്ഷമായ ഡൽഹി, ഗുജറാത്ത്‌ എന്നിവിടങ്ങളിലേക്കാൾ ചികിത്സയിലുള്ള രോഗികൾ കർണാടകയിലാണ്‌. കർണാടകയിൽ നിലവിൽ 22,750 പേരാണ്‌ ചികിത്സയിലുള്ളത്‌.  ഡൽഹിയിലത്‌ 19,155ഉം ഗുജറാത്തിൽ 10,613ഉം മാത്രമാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top