19 April Friday

ഇളവ് നീക്കി; രോഗികളും മരണവും കുതിച്ചു ; ഒറ്റദിവസം 28,000 കടന്ന് രോ​ഗികള്‍

എം പ്രശാന്ത‌്Updated: Monday Jul 13, 2020


ന്യൂഡൽഹി
ആഗോളതലത്തിൽ ദിവസേനയുള്ള കോവിഡ് രോ​ഗികളില്‍, ഇന്ത്യയില്‍നിന്നുള്ള എണ്ണം അടച്ചിടൽ അവസാനിച്ചശേഷം ഇരട്ടിയായി. ദിവസേനയുള്ള കോവിഡ്‌ മരണങ്ങളിലെ ഇന്ത്യൻ വിഹിതമാകട്ടെ ഇരട്ടിയിലേറെയാണ്‌.

മോഡി സർക്കാർ രാജ്യവ്യാപക അടച്ചിടൽ അവസാനിപ്പിച്ച മെയ്‌ 30ന്‌ ലോകത്താകെ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1,25,469 രോ​ഗികള്‍. അതില്‍ ഇന്ത്യയില്‍നിന്നുള്ളത് 8336 പേര്‍ (6.65 ശതമാനം). എന്നാല്‍, ശനിയാഴ്‌ച ആഗോളതലത്തിൽ‌ 2,14,786 രോ​ഗികള്‍, ഇന്ത്യയിൽ 27,755 പേര്‍ (12.92 ശതമാനം).
മെയ്‌ 30ന്‌ ആഗോളതലത്തിൽ 4141 കോവിഡ്‌ മരണം, അന്ന് ഇന്ത്യയില്‍ മരണം 205 (അഞ്ച് ശതമാനം). എന്നാൽ, ശനിയാഴ്‌ച ആഗോളതലത്തില്‍ 4996 മരണം, ഇന്ത്യയില്‍ 543 (10.89 ശതമാനം).

ജൂലൈമുതൽ ആഗോളതലത്തിൽ റിപ്പോർട്ടുചെയ്യപ്പെടുന്ന രോ​ഗികളുടെ 11 ശതമാനംവരെ ഇന്ത്യയില്‍നിന്നാണ്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളില്‍ ഇത്‌ 12 ശതമാനത്തിനു മുകളിലായി. രാജ്യത്ത് ദിവസേനയുള്ള രോ​ഗികള്‍ 27,000 കടന്നതോടെയാണ്‌ ഇത്‌. ആന്ധ്ര, തെലങ്കാന, കർണാടക, ബിഹാർ, യുപി, ബംഗാൾ എന്നിവിടങ്ങളില്‍ രോ​ഗികളുടെ വലിയ വർധന  ഉണ്ടായതോടെയാണ് രാജ്യത്തെ പ്രതിദിന രോ​ഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. ദിവസേനയുള്ള രോ​ഗികളിലും മരണത്തിലും യുഎസും ബ്രസീലും മാത്രമാണ്‌ ഇന്ത്യക്കു മുന്നില്‍‌.

രാജ്‌ഭവനിൽ 16 പേർക്ക്‌; നിരീക്ഷണത്തിലല്ലെന്ന്‌ ഗവർണർ
മഹാരാഷ്ട്ര രാജ്‌ഭവനിലെ 16 ജീവനകാർക്കുകൂടി‌ കോവിഡ്‌ സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്‌ച രാജ്‌ഭവനിലെ രണ്ടു ജീവനകാർക്ക്‌ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ്‌  നൂറോളം പേരെ പരിശോധിച്ചത്‌. രോഗം ബാധിച്ചവരിൽ ഒരാൾ ഉയർന്ന ഉദ്യോഗസ്ഥനാണ്‌.

ഗവർണർ ഭഗത്‌ സിങ്‌ കോശിയാരിക്ക്‌ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും മുൻകരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്നും രാജ്‌ഭവൻ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, നിരീക്ഷണത്തിൽ കഴിയുകയാണെന്ന വാർത്ത ഗവർണർ നിഷേധിച്ചു. തന്റെ കോവിഡ്‌ ഫലം നെഗറ്റീവാണെന്നും ഗവർണർ പറഞ്ഞു. രോഗലക്ഷണങ്ങളുമില്ല. സാമൂഹ്യ അകലമടക്കം പാലിച്ചാണ് ചുമതല നിർവഹിക്കുന്നതെന്നും ‌ അദ്ദേഹം പറഞ്ഞു.

കർണാടകയിൽ രോഗികൾ ഇരട്ടിക്കുമെന്ന്‌ മന്ത്രി
അടുത്ത 30 ദിവസത്തിനകം കർണാടകയിൽ കോവിഡ്‌ രോഗികളുടെ എണ്ണം ഇരട്ടിക്കുമെന്ന്‌ ആരോഗ്യ മന്ത്രി ബി ശ്രീരാമലു. അടുത്ത രണ്ടു മാസം കോവിഡ്‌ നിയന്ത്രണപ്രവർത്തനങ്ങൾ നിർണായകമാണ്‌. ഭയക്കേണ്ട സാഹചര്യമില്ല. സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിച്ചാൽ മതി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബംഗളൂരു നഗരത്തിൽ  സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. പ്രതിദിനം രണ്ടായിരത്തിലധികം പേർക്കാണ്‌ രോഗം സ്ഥിരീകരിക്കുന്നത്‌.

ഒറ്റദിവസം 28,000 കടന്ന് രോ​ഗികള്‍
രാജ്യത്ത്‌ ഒറ്റദിവസത്തെ രോ​ഗികളുടെ എണ്ണം ആദ്യമായി 28,000 കടന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം വെള്ളിയാഴ്‌ച രാവിലെ എട്ടുമുതൽ ശനിയാഴ്‌ച രാവിലെ എട്ടുവരെ രോ​ഗം സ്ഥിരീകരിച്ചത് 28,637 പേർക്ക്‌.  551 മരണം. നാലു ദിവസത്തിനിടെ 1.07 ലക്ഷം രോ​ഗികള്‍, 2034 മരണം.

തുടർച്ചയായ നാലാം ദിവസവും‌ 19,000 ത്തിലേറെ രോഗമുക്തര്‍. 24 മണിക്കൂറിൽ 19,235 പേർ രോഗമുക്തരായി. രാജ്യത്ത്‌ ആകെ രോഗമുക്തർ 5.34 ലക്ഷമായി. രോഗമുക്തി നിരക്ക്‌ 62.93 ശതമാനം. 2.92 ലക്ഷം പേർ ചികിത്സയില്‍.  24 മണിക്കൂറിൽ 2.80 ലക്ഷം പരിശോധന നടത്തി. സംസ്ഥാനങ്ങൾക്ക്‌ ഇതുവരെ 122.36 ലക്ഷം പിപിഇ കിറ്റും 223.33 ലക്ഷം എൻ 95 മാസ്‌കും 21,688 വെന്റിലേറ്ററും വിതരണം ചെയ്‌തതായി കേന്ദ്രം അറിയിച്ചു. 

കോവിഡ്‌ സ്ഥിതി രൂക്ഷമായ മഹാരാഷ്ട്രയിൽ ശനിയാഴ്‌ച രോ​ഗികള്‍ 8000 കടന്നു, മരണം 223. യുപി, ആന്ധ്ര, കർണാടക, ബംഗാൾ എന്നിവിടങ്ങളിലും രോ​ഗികളുടെ എണ്ണവും ഉയര്‍ന്നനിരക്ക് ശനിയാഴ്ച രേഖപ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top