24 April Wednesday
അംഗങ്ങൾ എല്ലാവരും കാർഷിക നിയമങ്ങളെ പിന്തുണച്ചവർ

പ്രക്ഷോഭം തുടരും ; കാർഷിക നിയമം പിൻവലിക്കണം; കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കില്ല

എം പ്രശാന്ത്‌Updated: Wednesday Jan 13, 2021


ന്യൂഡൽഹി
മോഡി സർക്കാരിന്റെ കോർപറേറ്റ്‌ അനുകൂല കാർഷികനിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള സമരം തുടരുമെന്ന്‌ കർഷക സംഘടനകൾ വ്യക്തമാക്കി. നിയമങ്ങൾ  സ്‌റ്റേ ചെയ്‌ത സുപ്രീംകോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായി കർഷകസമരത്തിന്‌ നേതൃത്വം നൽകുന്ന അഖിലേന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റി പ്രസ്‌താവനയിൽ അറിയിച്ചു. നിയമങ്ങൾ പൂർണമായും പിൻവലിക്കണമെന്ന നിലപാടിൽ മാറ്റമില്ല. സുപ്രീംകോടതി നിയോഗിച്ച സമിതി മുമ്പാകെ കർഷകസംഘടനകൾ ഹാജരാകില്ല. സമിതി അംഗങ്ങൾ എല്ലാവരും കാർഷിക നിയമങ്ങളെ പിന്തുണച്ചവരാണ്. സമിതി രൂപീകരണത്തിൽ പോലും കോടതിയെ വിവിധ കേന്ദ്രങ്ങൾ തെറ്റിദ്ധരിപ്പിച്ചുവെന്നതിന്‌ ഉദാഹരണമാണ്‌ ഇത്.

കാർഷിക നിയമങ്ങൾ സ്‌റ്റേ ചെയ്‌തുള്ള ഉത്തരവ്‌ ഒരു ഇടക്കാല നടപടിയാണ്‌. എന്നാൽ, അതൊരു പരിഹാരമല്ല.  നിയമങ്ങൾ എപ്പോൾ വേണമെങ്കിലും പുനഃസ്ഥാപിക്കാനാകും. സർക്കാർ നിയമങ്ങൾ പൂർണമായും പിൻവലിക്കുകയാണ്‌ വേണ്ടത്‌. കർഷകരും ജനങ്ങളും നിയമങ്ങളെ എതിർക്കുകയാണെന്ന തിരിച്ചറിവ്‌ സർക്കാരിനുണ്ടാകണം. സുപ്രീംകോടതി സ്വന്തം നിലയ്‌ക്ക്‌ സമിതിയെ നിയോഗിച്ചിട്ടുണ്ട്‌. സമിതി രൂപീകരണത്തിലൂടെ കർഷകസംഘടനകൾ ഉയർത്തിയ ആശങ്കകൾ സാധൂകരിക്കപ്പെടുകയാണ്‌. നേരത്തെ സർക്കാർ മുന്നോട്ടുവച്ച സമിതി നിർദേശവും കർഷക സംഘടനകൾ നിരാകരിച്ചിരുന്നു. 

കാർഷികോൽപ്പാദനം, സംസ്‌കരണം, വിപണനം എന്നീ മേഖലകളിൽ കോർപറേറ്റ്‌ നിയന്ത്രണത്തിന്‌ വഴിവയ്‌ക്കുന്നതാണ്‌ നിയമങ്ങളെന്ന്‌ കർഷകസംഘടനകൾ സർക്കാരിനോട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇത്‌ കൃഷിച്ചെലവ്‌ കൂട്ടുകയും കടബാധ്യത വർധിപ്പിക്കുകയും ചെയ്യും. ഉൽപ്പന്നവില ഇടിക്കും. കൃഷിനഷ്ടം വർധിപ്പിക്കും. സർക്കാർ സംഭരണം കുറയ്‌ക്കുകയും പൊതുവിതരണസമ്പ്രദായം‌ ഇല്ലാതാക്കുകയും ചെയ്യും. ഭക്ഷണച്ചെലവ്‌ വർധിപ്പിക്കും. കർഷക ആത്മഹത്യകളും പട്ടിണി മരണങ്ങളും കൂട്ടും. കൃഷിഭൂമിയിൽനിന്ന്‌ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്യും. ഈ വസ്‌തുതകളെ ജനങ്ങളിൽനിന്നും കോടതികളിൽനിന്നും മറച്ചുവയ്‌ക്കാനാണ്‌ സർക്കാരിന്റെ ശ്രമമെന്നും- കോ–-ഓർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി.

താൽക്കാലിക സ്‌റ്റേ
വിവാദ കാർഷികനിയമങ്ങൾ  സുപ്രീംകോടതി താൽക്കാലികമായി സ്‌റ്റേ ചെയ്‌തു.  പുതിയ കാർഷികനിയമങ്ങൾ നിലവിൽ വരുന്നതിന്‌ മുമ്പുണ്ടായിരുന്ന മിനിമം താങ്ങുവില തുടരണം.  പുതിയനിയമങ്ങൾ അനുസരിച്ചുള്ള നടപടികൾ കാരണം കർഷകർക്ക്‌ ഭൂമിയിലുള്ള അവകാശം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുത്‌. ഇനി ഒരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ  ഈ നില തുടരണമെന്നും ചീഫ്‌ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച്‌ ഇടക്കാല ഉത്തരവിൽ നിർദേശിച്ചു.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നില്ലെന്ന്‌ കോടതി  പറഞ്ഞു. എന്നാൽ, ഈ അസാധാരണമായ ഉത്തരവ്‌ പ്രക്ഷോഭത്തിന്റെ നേട്ടമായി കണക്കാക്കി കർഷകർ കൃഷിജോലികളിലേക്ക്‌ മടങ്ങണമെന്നും അഭ്യർഥിച്ചു. എട്ടാഴ്‌ചയ്‌ക്കുശേഷം കേസ്‌ വീണ്ടും പരിഗണിക്കും.

നാലംഗ വിദഗ്‌ധസമിതി
പുതിയ കാർഷികനിയമങ്ങളിൽ കർഷകർക്കുള്ള പരാതികളും കേന്ദ്രസർക്കാരിന്റെ വാദങ്ങളും കേൾക്കാൻ നാലംഗ വിദഗ്‌ധസമിതി സുപ്രീംകോടതി രൂപീകരിച്ചു. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ്‌ ഭുപീന്ദർസിങ്ങ്‌മാൻ, ഇന്റർനാഷണൽ ഫുഡ്‌ പോളിസി റിസെർച്ച്‌ ഇൻസിറ്റിറ്റ്യൂട്ട്‌ ദക്ഷിണേഷ്യൻ ഡയറക്ടർ പ്രമോദ്‌കുമാർ ജോഷി, കാർഷിക സാമ്പത്തികവിദഗ്‌ധൻ അശോക്‌ഗുലാത്തി, ഷേത്‌കാരി സംഘടന പ്രസിഡന്റ്‌ അശോക്‌ ‌ധാൻവത്‌‌ എന്നിവരാണ്‌  അംഗങ്ങൾ. കർഷകരുടെയും സർക്കാരിന്റെയും ഭാഗം കേട്ടശേഷം ശുപാർശകൾ സമർപ്പിക്കുകയാണ്‌‌ സമിതിയുടെ ഉത്തരവാദിത്തം. സമിതിക്ക്‌ ഡൽഹി കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കണം. ചെലവുകളും വഹിക്കണം. ആദ്യസിറ്റിങ് നടത്തി രണ്ട്‌ മാസത്തിനകം  റിപ്പോർട്ട്‌ നൽകണം. ആദ്യ സിറ്റിങ്  10 ദിവസത്തിനകം വേണം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top