19 April Friday

കോളനിവാഴ്ചക്കാലത്തെ നിയമം

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022


ന്യൂഡൽഹി
കൊളോണിയൽ ഇന്ത്യയിൽ 1860ൽ ഐപിസി പ്രാബല്യത്തിൽ വന്നെങ്കിലും രാജ്യദ്രോഹത്തെക്കുറിച്ച് ഒന്നും അതില്‍ ഉണ്ടായിരുന്നില്ല. 1870ലാണ് രാജ്യദ്രോഹവകുപ്പ് (124എ) ഉൾപ്പെടുത്തിയത്. രാജാധികാരം സംരക്ഷിക്കാൻ 1661ൽ ബ്രിട്ടനിൽ കൊണ്ടുവന്ന നിയമം 124എ  വകുപ്പായി ഐപിസിയുടെ ഭാഗമായി. ബ്രിട്ടീഷ് ഭരണകൂടത്തെ വിമർശിക്കുന്ന ഇന്ത്യക്കാരെ നിശ്ശബ്ദമാക്കാൻ ഇത് ആയുധമാക്കി. 2009ൽ ബ്രിട്ടനിൽ രാജ്യദ്രോഹ നിയമം എടുത്തുകളഞ്ഞു.

ആദ്യശിക്ഷ 
ബാലഗംഗാധര 
തിലകിന്
കൊളോണിയൽ ഇന്ത്യയിലാദ്യമായി രാജ്യദ്രോഹത്തിന് വിചാരണ ചെയ്യപ്പെട്ടത് 1891ൽ ബംഗാളി പത്രത്തിന്റെ എഡിറ്ററായ ജോഗേന്ദ്ര ചന്ദ്ര ബോസിനെയാണ്. ആദ്യമായി ശിക്ഷിക്കപ്പെട്ടത്‌ ബാലഗംഗാധര തിലകും. തിലകിന്റെ മറാത്തി ദിനപത്രമായ കേസരിയിലെ ലേഖനങ്ങൾ പ്ലേഗ് പകർച്ചവ്യാധി തടയുന്നതിനുള്ള സർക്കാര്‍ ശ്രമങ്ങളെ പരാജയപ്പെടുത്താൻ പ്രേരിപ്പിക്കുമെന്ന് ആരോപിച്ചാണ് ബ്രിട്ടീഷ് സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 1897-ൽ ബോംബെ ഹൈക്കോടതി 18 മാസം തടവിന് ശിക്ഷിച്ചു. 1908ലും തിലകിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ആറു വർഷം തടവിന്‌ ശിക്ഷിച്ചു. മഹാത്മാഗാന്ധിയെയും രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്തു.

‘എന്റെ മേൽ ചുമത്തപ്പെട്ടിരിക്കുന്ന 124എ ഒരുപക്ഷേ പൗരസ്വാതന്ത്ര്യം അടിച്ചമർത്തുന്നത്‌ ലക്ഷ്യമിട്ടുള്ള ഐപിസിയിലെ രാഷ്ട്രീയവകുപ്പുകൾക്കിടയിലെ രാജാവായിരിക്കാം' എന്നാണ് അതേപ്പറ്റി ഗാന്ധിജി പറഞ്ഞത്. 1922 ൽ  ‘യങ് ഇന്ത്യ'യിലെ ലേഖനത്തിന്റെ പേരിലാണ് ഗാന്ധിജി വിചാരണ നേരിട്ടത്.  ഭഗത് സിങ്‌, ജവാഹർലാൽ നെഹ്‌റു തുടങ്ങി നിരവധി ദേശീയ നേതാക്കളും സമാനമായി നടപടി നേരിട്ടു.

എളമരം കരീമിന്റെ സ്വകാര്യ ബില്ലിനുള്ള അംഗീകാരം
കൊളോണിയൽ കാലത്ത്‌ അടിച്ചമർത്തൽ വകുപ്പായ 124 എ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള സിപിഐ എം രാജ്യസഭാ നേതാവ്‌ എളമരം കരീമിന്റെ സ്വകാര്യ ബിൽ പാർലമെന്റിന്റെ പരിഗണനയിലിരിക്കെയാണ്‌ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. കഴിഞ്ഞ ബജറ്റ്‌ സമ്മേളനത്തിലാണ്‌ 124 എ പിൻവലിച്ചുള്ള ഇന്ത്യൻ ശിക്ഷാനിയമ ഭേദഗതി ബിൽ അദ്ദേഹം അവതരിപ്പിച്ചത്‌. സുപ്രീംകോടതി വിധി അംഗീകരിച്ച്‌ നിയമനിർമാണത്തിന്‌ തയ്യാറാകുകയാണെങ്കിൽ സ്വകാര്യ ബിൽ സർക്കാരിന്‌ അംഗീകരിക്കേണ്ടിവരുമെന്ന്‌ എളമരം കരീം പറഞ്ഞു. 124 എ പ്രകാരമുള്ള രാജ്യദ്രോഹക്കുറ്റത്തിന്‌ എക്കാലവും സിപിഐ എം എതിരായിരുന്നു. ഈ നിലപാടിനുള്ള അംഗീകാരംകൂടിയാണ്‌ കോടതി വിധി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top