27 April Saturday

124എ വകുപ്പ്‌ ആദ്യം 
അസാധുവാക്കിയത് 1951ൽ

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022



ന്യൂഡൽഹി
രാജ്യദ്രോഹ നിയമത്തിന്റെ സാധുത സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി പരിശോധിക്കുന്നത് 1951ൽ പഞ്ചാബ് ഹൈക്കോടതിയാണ്. 124എ വകുപ്പ്‌  ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമായ അഭിപ്രായസ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് അസാധുവാക്കി. പിന്നീട്‌, 1959ൽ അലഹബാദ്‌ ഹൈക്കോടതിയും സമാന നിരീക്ഷണത്തോടെ വകുപ്പ്‌ റദ്ദാക്കി. ഇതിനെതിരെ കേന്ദ്ര സർക്കാർ സമർപ്പിച്ച അപ്പീലിലാണ്‌ 1962ൽ കേദാർനാഥ്‌ സിങ്‌ കേസ്‌ വിധിന്യായത്തിലൂടെ സുപ്രീംകോടതി രാജ്യദ്രോഹക്കുറ്റത്തിന്റെ സാധുത നിലനിർത്തിയത്‌. എന്നാൽ, ഏത്‌ സാഹചര്യത്തിലാണ്‌ രാജ്യദ്രോഹക്കുറ്റം ചുമത്താനാകുകയെന്ന്‌ കോടതി കൃത്യമായി നിർവചിച്ചു. അതുപ്രകാരം അക്രമത്തിനുള്ള ആഹ്വാനം, ക്രമസമാധാന തകർച്ചയ്‌ക്ക്‌ പ്രേരിപ്പിക്കൽ, പൊതുസമാധാനത്തിന്‌ ഭംഗം വരുത്തൽ എന്നീ സാഹചര്യങ്ങളിൽ മാത്രമാണ്‌ രാജ്യദ്രോഹം ചുമത്താവുന്നത്‌.

ഇന്ദിര ഗാന്ധിയുടെ വധത്തിനുശേഷമുള്ള ഘട്ടത്തിൽ സ്വതന്ത്ര സിഖ് ഭൂരിപക്ഷ രാഷ്ട്രത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച രണ്ടുപേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്‌ 1995ൽ സുപ്രീംകോടതി റദ്ദാക്കി. 2011ലെ രണ്ട് വിധിന്യായത്തിലൂടെ, ‘ആസന്നമായ നിയമവിരുദ്ധ നടപടികൾക്ക് പ്രേരിപ്പിക്കുക’ എന്നതിനു തുല്യമായ പ്രസംഗം മാത്രമേ കുറ്റകരമാകൂവെന്ന്‌ സുപ്രീംകോടതി വീണ്ടും വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനുള്ള ഉപകരണമാക്കരുതെന്ന് ലോ കമീഷൻ 2018 ആഗസ്‌തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.ഇന്ത്യയിലേതിനു സമാനമായ നിയമം നിലവിലുണ്ടായിരുന്ന ഇംഗ്ലണ്ട്, അമേരിക്ക, ജർമനി, ക്യാനഡ, ന്യൂസിലൻഡ്, നെതർലൻഡ്‌സ്‌, നോർവെ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാഷ്ട്രങ്ങൾ റദ്ദാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top