25 April Thursday

രാജ്യത്ത്‌ രോഗികൾ 67,026 ; രോഗവ്യാപനത്തിനിടയിലും ഇളവുമായി‌‌ തമിഴ്‌നാട്‌; രോഗം പടർന്ന്‌ ത്രിപുര

വെബ് ഡെസ്‌ക്‌Updated: Monday May 11, 2020

ചെന്നൈ
തമിഴ്‌നാട്ടിൽ 699 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചതോടെ രോഗികൾ  7204 ആയി. മൂന്നുപേർ മരിച്ചു. മൊത്തം മരണം 47 ആയി. തുടർച്ചയായി ആറാം ദിവസമാണ്‌ ഒരു ദിവസം‌ അഞ്ഞൂറിലധികം പേർക്ക്‌ രോഗം സ്ഥിരീകരിക്കുന്നത്‌. ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ച 699 പേരിൽ 509 പേരും ചെന്നൈ നഗരത്തിൽനിന്നാണ്‌. ഇവിടെമാത്രം 3839 രോഗികളുണ്ട്‌.

രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലും നിയന്ത്രണത്തിൽ തിങ്കളാഴ്‌ചമുതൽ കൂടുതൽ ഇളവ്‌ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. മദ്യശാലകൾ അടയ്‌ക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധമുയർന്നു.

കർണാടകയിൽ ഞായറാഴ്‌ച 53 പേർക്കുകൂടി രോഗം. ഒരു ദിവസം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലെ ഏറ്റവും വലിയ വർധനയാണിത്‌. ആകെ രോഗികൾ 848. ഒരാൾ കൂടി മരിച്ചു. മൊത്തം മരണം 31. മുംബൈ നഗരത്തിൽ 19 പേർ കൂടി മരിച്ചു. 875 പേർക്കുകൂടി രോഗം. ആകെ രോഗികൾ–- 13,564. മരണം–-508. മുംബൈ ആർതർ റോഡ്‌ ജയിലിൽ 81 പേർക്കുകൂടി രോഗം. ആകെ രോഗികൾ 184. 26 പേർ ജീവനക്കാർ. ഡൽഹിയിലെ നാഷണൽ സെക്യൂരിറ്റി ഗാർഡ്‌ (എൻ‌എസ്‌ജി) ഓഫീസിലെ മെഡിക്കൽ സ്റ്റാഫിന് കോവിഡ്‌

രോഗം പടർന്ന്‌  ത്രിപുര; ഉറവിടം കണ്ടെത്താനായില്ല
ത്രിപുര കോവിഡ്‌ മുക്തമായെന്ന‌ സർക്കാരിന്റെ അവകാശവാദത്തിനു പിന്നാലെ  സംസ്ഥാനത്ത്‌ രോഗം വ്യാപിക്കുന്നു. മെയ്‌ രണ്ടിനുശേഷം 130 പേർക്ക്‌‌ രോഗം സ്ഥിരീകരിച്ചു‌. രോഗികളുടെ എണ്ണം വർധിക്കുന്നതിനെ തുടർന്ന്‌ ധലായ്‌ ജില്ല റെഡ്‌ സോണായി പ്രഖ്യാപിച്ചു.  ബിഎസ്‌എഫിന്റെ  രണ്ടു ബറ്റാലിയൻ ഹെഡ്‌ ക്വാർട്ടേഴ്‌സടക്കം ബംഗ്ലാദേശ്‌ അതിർത്തിയിലെ അഞ്ച്‌ സ്ഥലം നിയന്ത്രിത മേഖലയാക്കി.

ബിഎസ്‌എഫ്‌ ജവാന്മാർക്കും കുടുംബാഗങ്ങൾക്കുമടക്കം 130 പേർക്കാണ്‌ രോഗം.  രോഗം എവിടെ നിന്നാണ്‌ പകർന്നതെന്ന്‌ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത്‌ സമൂഹവ്യാപനം ഉണ്ടാക്കുമെന്ന ഭയം ഉയർത്തുന്നുണ്ട്‌. പ്രദേശത്തെ‌ താമസക്കാരെയെല്ലാം പരിശോധിച്ചുവെങ്കിലും ആരിലും രോഗം കണ്ടെത്തിയില്ല. ഉറവിടം കണ്ടുപിടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കോവിഡ്‌ ചികിത്സയ്‌ക്കായി ആശുപത്രികൾ സജ്ജീകരിക്കാൻ സർക്കാർ ഉത്തരവിട്ടു. ആകെ രോഗികളുടെ എണ്ണം 136 ആയതോടെ‌  വടക്കുകിഴക്കൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗികളുള്ള സംസ്ഥാനമായി  ത്രിപുര. മുഖ്യമന്ത്രി ബിപ്ലബ്‌ കുമാർ ദേബ് ത്രിപുര കോവിഡ്‌ മുക്തമായെന്ന്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു‌.


രാജ്യത്ത്‌ രോഗികൾ 67,026. 24 മണിക്കൂറിൽ 3277 പുതിയ രോഗികളും 128 മരണവും. കോവിഡ് മുക്തിനിരക്ക് 30.76 ശതമാനം. 19,357 പേർക്ക്‌ രോഗമുക്തി.
● മഹാരാഷ്ട്രയിൽ രോഗബാധിതർ 22,000 കടന്നു. മരണം എണ്ണൂറിലേറെ.
● ഗുജറാത്തിൽ 398 പേർക്കുകൂടി രോഗം. 21 പേർകൂടി മരിച്ചു.
● തമിഴ്‌നാട്ടിൽ 669ഉം ഡൽഹിയിൽ 381 ഉം പേർ പുതിയ രോഗികൾ. 
● 18 സിഐഎസ്എഫുകാർക്ക്‌  കോവിഡ്  സ്ഥിരീകരിച്ചു. 
● ഡൽഹിയിൽ 56 ഐടിബിപി ജവാൻമാർക്കുകൂടി കോവിഡ്.
● 18 ബിഎസ്എഫ് ജവാൻമാർ രോഗികൾ

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top