18 April Thursday

പോരാട്ടവീറോടെ കർണാലിലെ കർഷകർ ; പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റവര്‍ 
ഉപരോധസമരത്തില്‍ സജീവം

എം അഖിൽUpdated: Friday Sep 10, 2021

കർണാലിലെ സമര പന്തലിലെത്തിയ കർഷകത്തൊഴിലാളി യൂണിയൻ ജോയിന്റ് സെക്രട്ടറി ഡോ. വി ശിവദാസൻ എം പി ലാത്തിച്ചാർജിൽ പരിക്കേറ്റ ഗുർജന്ത് സിങ്ങിന്റെ പരിക്ക് പരിശോധിക്കുന്നു. ഫോട്ടോ കെ എം വാസുദേവൻ



കർണാൽ (ഹരിയാന)
പൊലീസിന്റെ ലാത്തിയടിയില്‍ മുഖം ചതഞ്ഞത്‌ വകവയ്‌ക്കാതെ ഗുർജന്ത്‌സിങ്‌ മിനി സെക്രട്ടറിയറ്റിനു മുന്നിലെ സമരവേദിയിൽ സജീവം. രണ്ടാഴ്‌ചമുമ്പ്‌ ബസ്‌താഡ ടോൾപ്ലാസയിലെ പൊലീസ് അഴിഞ്ഞാട്ടത്തിന്റെ ഇരയാണ് ഫൂസ്‌ഗഡ്‌ ഗ്രാമവാസിയായ കർഷകന്‍. നിലത്ത്‌ വീണപ്പോള്‍ പൊലീസുകാർ വളഞ്ഞിട്ട്‌ തല്ലി. 

കർഷകരുടെ തല തല്ലിപ്പൊളിക്കാൻ സബ്‌ഡിവിഷണൽ മജിസ്‌ട്രേട്ട്‌ ആയുഷ്‌സിൻഹ ആക്രോശിച്ചതോടെയാണ് പൊലീസുകാർ മാരകമുറ പുറത്തെടുത്തത്. സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് തന്റെ തല പൊലീസ് അടിച്ചുപൊട്ടിച്ചതെന്ന് സോണിപത്തിലെ ബറോത്താ ഗ്രാമത്തിലെ കർഷകൻ മഹിന്ദർ പുണിയ ദേശാഭിമാനിയോട്‌ പറഞ്ഞു. അമ്പതോളം കർഷകർക്ക്‌ പരിക്കേറ്റു.  സുശീല്‍ കാജല്‍ എന്ന കര്‍ഷകന് ജീവന്‍ നഷ്ടമായി.

കർഷകരെ ആക്രമിക്കാൻ ഉത്തരവിട്ട എസ്‌ഡിഎമമ്മിന്‌ എതിരെ കേസെടുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല. ‘ഉദ്യോഗസ്ഥന്റെ ഭാഷ അൽപ്പം മോശമായിപ്പോയി’–- എന്നാണ്‌ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുടെ പ്രതികരണം. ഇയാളെ സ്ഥലംമാറ്റിയിട്ടുണ്ടെന്നും അവകാശപ്പെടുന്നു. എന്നാൽ, 20ൽ അധികം ഉദ്യോഗസ്ഥർക്കുള്ള പൊതുസ്ഥലംമാറ്റ ഉത്തരവിൽ ആയുഷ്‌ സിൻഹയുടെ പേര്‌ ഉൾപ്പെടുത്തി അയാളെ രക്ഷിക്കുകയാണ് സർക്കാർ ചെയ്‌തതെന്ന്‌ കിസാൻസഭ ഹരിയാന വൈസ്‌ പ്രസിഡന്റ്‌ ഇന്ദ്രജിത്‌ സിങ്‌ പറഞ്ഞു. മുഖ്യമന്ത്രിയുടെ മണ്ഡലമായ കര്‍ണാലില്‍ കർഷകരുടെ തല തല്ലിപ്പൊളിക്കൂവെന്ന്‌ പരസ്യമായി ആക്രോശിക്കാൻ ഉദ്യോഗസ്ഥന്‌ ധൈര്യമുണ്ടായെങ്കിൽ ഉന്നതപിന്തുണയുണ്ടെന്ന കാര്യം ഉറപ്പാണെന്ന് ഇന്ദ്രജിത്‌ സിങ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top