26 April Friday
നീക്കം പാർലമെന്ററി 
സമിതികളുടെ പ്രവർത്തനം 
നിരീക്ഷിക്കാന്‍

രാജ്യസഭാ സമിതികളിൽ ധൻഖറിന്റെ സ്‌റ്റാഫ് ; പ്രതിഷേധം കടുപ്പിച്ച്‌ പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Mar 10, 2023


ന്യൂഡൽഹി
രാജ്യസഭയ്‌ക്ക്‌ കീഴിലുള്ള പാർലമെന്ററി സമിതികളിലേക്ക്‌ സ്വന്തം ഓഫീസിലെ ജീവനക്കാരെ തിരുകിക്കയറ്റിയ ഉപരാഷ്ട്രപതി ജഗ്‌ദീപ്‌ ധൻഖർക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തി പ്രതിപക്ഷം.  ഇരുപത്‌ സമിതികളിലേക്കായി എട്ട്‌ ജീവനക്കാരെയാണ്‌ രാജ്യസഭാ ഉപാധ്യക്ഷൻ കൂടിയായ ജഗ്‌ദീപ്‌ ധൻഖർ ഏകപക്ഷീയമായി നിയമിച്ചത്‌. രഹസ്യസ്വഭാവത്തിൽ പ്രവർത്തിക്കേണ്ട പാർലമെന്ററി സമിതികളുടെ പ്രവർത്തനം കേന്ദ്ര സർക്കാരിനായി ചോർത്തുന്നതിനാണ്‌ ധൻഖർ ജീവനക്കാരെ നിയമിച്ചതെന്നാണ്‌ പ്രതിപക്ഷം നേതാക്കള്‍ ചൂണ്ടിക്കാട്ടി. ധൻഖറോ ബിജെപിയോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

ഉപരാഷ്ട്രപതിയുടെ ഓഫീസിൽനിന്ന്‌ ഒഎസ്‌ഡി രാജേഷ്‌ എൻ നായിക്ക്‌, പ്രൈവറ്റ്‌ സെക്രട്ടറി സുജീത്ത്‌ കുമാർ, അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറി സഞ്‌ജയ്‌ വർമ്മ, ഒഎസ്‌ഡി അഭ്യുദയ്‌ സിങ്‌ ശെഖാവത്ത്‌ എന്നിവരും രാജ്യസഭാ അധ്യക്ഷന്റെ ഓഫീസിൽനിന്നും ഒഎസ്‌ഡിമാരായ അഖിൽ ചൗധുരി, ദിനേശ്‌ ഡി, കൗസ്‌തുഭ്‌ സുധാകർ ദലേക്കർ, പ്രൈവറ്റ്‌ സെക്രട്ടറി അദിതി ചൗധുരി എന്നിവരാണ്‌ വിവിധ സമിതികളിലേക്കായി നിയമിക്കപ്പെട്ടത്‌.

ലോക്‌സഭാ സെക്രട്ടറിയറ്റിലെയോ രാജ്യസഭാ സെക്രട്ടറിയറ്റിലെയോ ഉദ്യോഗസ്ഥരെയും ജീവനക്കാരെയുമാണ്‌ എംപിമാർ അംഗങ്ങളായ പാർലമെന്ററി സമിതികളിലേക്ക്‌ നിയമിക്കാറുള്ളത്‌. ആദ്യമായാണ്‌ ഈ കീഴ്‌വഴക്കം ലംഘിച്ചത്‌.   സമിതികളെ ശക്തിപ്പെടുത്താനും കൂടുതൽ ഗവേഷണ വിവരങ്ങൾ എത്തിക്കാനുമാണ്‌ പുതിയ നിയമന രീതിയെന്ന്‌ രാജ്യസഭാ അധ്യക്ഷന്റെ ഓഫീസ്‌ വൃത്തങ്ങൾ അവകാശപ്പെട്ടു.

എന്നാൽ പാർലമെന്ററി സമിതികളുടെ നിർവചനപ്രകാരം രാജ്യസഭാ–- ലോക്‌സഭാ സെക്രട്ടറിയറ്റ്‌ ജീവനക്കാരെ മാത്രമേ നിയമിക്കാൻ കഴിയൂ എന്ന്‌ ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി പറഞ്ഞു. അതല്ലാതെ സ്‌പീക്കർക്കോ രാജ്യസഭാ അധ്യക്ഷനോ സ്വന്തം പേഴ്‌ണസൽ സ്‌റ്റാഫിനെ നിയമിക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്നും ആചാരി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top