26 April Friday
വഞ്ചിച്ചെന്ന്‌ വിലപിച്ച്‌ ബിജെപി

അട്ടിമറി പാളി അടിതെറ്റി ; ബിഹാറിൽ അമിത്‌ ഷായുടെ ‘മഹാരാഷ്ട്രാ നീക്കം’ പൊളിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 9, 2022


ന്യൂഡൽഹി
മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തിയതുപോലെ ജെഡിയുവിനെയും പിളർത്താൻ ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ നേതൃത്വത്തിൽ നടന്ന നീക്കമാണ്‌ ബിഹാറിൽ പാളിയത്‌. ബിജെപിയിൽ ഒരു വിഭാഗത്തിന്റെ ഇത്തരം നീക്കങ്ങളെക്കുറിച്ച്‌ വ്യക്തമായ സൂചനകൾ നിതീഷിന്‌ മാസങ്ങൾക്കുമുമ്പേ ലഭിച്ചു. പണവും അധികാരവും ഉപയോഗിച്ചുള്ള കുടില രാഷ്ട്രീയനീക്കങ്ങളിൽ അഗ്രഗണ്യനായ അമിത്‌ ഷായ്‌ക്ക്‌ എന്നാൽ നിതീഷ്‌ കുമാറെന്ന രാഷ്ട്രീയതന്ത്രജ്ഞനെ അളക്കുന്നതിൽ പാളി. വളരെ വേഗത്തിൽ ലാലു കുടുംബവുമായുള്ള അസ്വാരസ്യങ്ങൾ പരിഹരിച്ച നിതീഷ്‌ നിർണായക നീക്കം നടത്തി.

ജെഡിയുവിന്റെ ദേശീയ അധ്യക്ഷനായിരുന്ന ആർസിപി സിങ്ങിലൂടെയാണ്‌ പിളർത്തൽ നീക്കം അമിത്‌ ഷാ തുടങ്ങിയത്‌. നിതീഷുമായി കൂടിയാലോചിക്കാതെ സിങ്ങിനെ അമിത്‌ ഷാ കേന്ദ്രമന്ത്രിയാക്കി. തുടർന്ന്‌ സിങ്ങിലൂടെ ജെഡിയുവിൽ ഒരു വിഭാഗത്തെ ബിജെപിയിലേക്ക്‌ അടുപ്പിക്കാനുള്ള നീക്കം തുടങ്ങി. അപകടം മണത്ത നിതീഷ്‌ ആർസിപി സിങ്ങിന്റെ രാജ്യസഭാ കാലാവധി അവസാനിക്കാനായി കാത്തുനിന്നു. മേയിൽ രാജ്യസഭയിലേക്ക്‌ ഒഴിവ്‌ വന്നപ്പോൾ സിങ്ങിനെ വെട്ടിയ നിതീഷ്‌ ജെഡിയുവിന്റെ ജാർഖണ്ഡ്‌ പ്രസിഡന്റ്‌ ഖീരു മെഹ്‌തോയെ സ്ഥാനാർഥിയാക്കി. ഇതോടെ കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്‌ക്കാൻ സിങ്‌ നിർബന്ധിതനായി.

സിങ്ങിനെതിരായ നീക്കം നിതീഷ്‌ അവിടംകൊണ്ടും അവസാനിപ്പിച്ചില്ല. സിങ്ങിന്റെ മക്കൾ ഭൂമി വാങ്ങിക്കൂട്ടിയ വിഷയം ഉയർത്തി വിശദീകരണം ആവശ്യപ്പെട്ടു. ഇതിൽ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം ജെഡിയു വിട്ട സിങ്‌ ഇപ്പോൾ ബിജെപിയിൽ ചേക്കേറാനുള്ള ഒരുക്കത്തിലാണ്‌.

വഞ്ചിച്ചെന്ന്‌ വിലപിച്ച്‌ ബിജെപി
സഖ്യംവിട്ട നിതീഷ്‌ ബിഹാർ ജനതയെ വഞ്ചിച്ചുവെന്ന്‌ വിലപിച്ച്‌ ബിജെപി. കുറവ് സീറ്റുകളായിരുന്നിട്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കി. നിതീഷ്‌ വോട്ടുപിടിച്ചത്‌ നരേന്ദ്രമോദിയുടെ പേരിലാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്ജയ്‌ ജയ്‌സ്വാൾ ആരോപിച്ചു. ജനങ്ങൾ ഇത് ഒരിക്കലും സഹിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘ബിജെപി 
അജൻഡ 
ചെറുക്കും’
ബിഹാറിലെ ബിജെപി അജൻഡയെ ചെറുത്തുതോൽപ്പിക്കുമെന്ന്‌ രാജിപ്രഖ്യാപനത്തിന്‌ ശേഷമുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ  തേജസ്വി യാദവും നിതീഷ്‌ കുമാറും പറഞ്ഞു.  മഹാസഖ്യത്തിൽ ഏഴ്‌ പാർടികളും ഒരു  സ്വതന്ത്രനുമുണ്ട്‌. ആകെ 164 എംഎൽഎമാർ ഒപ്പിട്ട പിന്തുണക്കത്ത്‌ ഗവർണർക്ക്‌ കൈമാറിയന്ന്‌ നിതീഷ്‌ കുമാർ പറഞ്ഞു.

ബിജെപിക്ക്‌ ഭീഷണിപ്പെടുത്താനും ആളുകളെ വിലയ്‌ക്കെടുക്കാനും മാത്രമേ അറിയൂവെന്ന്‌ തേജസ്വി യാദവ്‌ പറഞ്ഞു.
ഹിന്ദി ഹൃദയ ഭൂമിയിൽ ബിജെപിക്ക്‌ ഒരു സഖ്യകക്ഷി പോലുമില്ലാതായെന്നും  പ്രധാനമന്ത്രി സ്ഥാനാർഥിയാകണോ എന്നത്‌ നിതീഷിന്റെ തീരുമാനത്തിന്‌ വിടുന്നതായും തേജസ്വി യാദവ്‌ പറഞ്ഞു.

ഇണങ്ങിയും പിണങ്ങിയും

1996: ബിജെപിക്കൊപ്പം കേന്ദ്രത്തിലെ വാജ്‌പേയി സർക്കാരിന്റെ ഭാഗമായിരുന്നു നിതീഷ്‌ കുമാർ. 
സമതാപാർടിയിൽനിന്ന്‌ മന്ത്രിയായി
1999:  ലോക്‌സഭാ തെരഞ്ഞടുപ്പിന്‌ മുന്നോടിയായി സമതാപാർടിയും ജനതാദളിലെ ഒരു വിഭാഗവും ലയിച്ച്‌ ജെഡിയു രൂപീകരിച്ചു
2000:  ബിഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റു. എൻഡിഎയ്‌ക്ക്‌  ഭൂരിപക്ഷം തെളിയിക്കാൻ കഴിയാത്തതിനാൽ ഒരാഴ്‌ചയ്‌ക്കകം രാജി
2005: ജെഡിയു–-ബിജെപി സഖ്യം ബിഹാറിൽ അധികാരത്തിൽ. നിതീഷ്‌  മുഖ്യമന്ത്രി.
2010: എൻഡിഎ അധികാരത്തിൽ. നിതീഷ്‌ 
മുഖ്യമന്ത്രി.
2013: നരേന്ദ്രമോദിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച്‌ ജൂണിൽ എൻഡിഎ സഖ്യം  ഉപേക്ഷിച്ചു. പിന്നാലെ കോൺഗ്രസ്‌ പിന്തുണയിൽ മുഖ്യമന്ത്രി.
2014: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെത്തുടർന്ന്‌ മുഖ്യമന്ത്രി  സ്ഥാനം രാജിവച്ചു.
2015: ജെഡിയു, ആർജെഡി, കോൺഗ്രസ്‌ പാർടികളുടെ മഹാസഖ്യം  നിയമസഭാ തെരഞ്ഞെടുപ്പ്‌ 
വിജയിച്ചു. നിതീഷ്‌ മുഖ്യമന്ത്രിയായി.
2017: മഹാസഖ്യം തകർന്നു. 24മണിക്കൂറിനകം ബിജെപി പിന്തുണയിൽ നിതീഷ്‌ വീണ്ടും മുഖ്യമന്ത്രി
2020: തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചു. ബിജെപി സഖ്യത്തിലെ  വലിയ കക്ഷിയായെങ്കിലും നിതീഷ്‌ വീണ്ടും മുഖ്യമന്ത്രി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top