24 April Wednesday

പ്രതീക്ഷിച്ച വിജയമില്ലാതെ എഎപി ; പ്രഹരമേറ്റ്‌ ബിജെപി

പ്രത്യേക ലേഖകൻUpdated: Thursday Dec 8, 2022


ന്യൂഡൽഹി  
ആവനാഴിയിലെ എല്ലാ അസ്‌ത്രവും പ്രയോഗിച്ചിട്ടും ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റത്‌ ബിജെപിക്ക്‌ കടുത്ത ക്ഷീണമായി. വികസന വാഗ്‌ദാനങ്ങൾമുതൽ വർഗീയതവരെ പ്രചരിപ്പിച്ചും വൻതോതിൽ പണം ചെലവിട്ടും കേന്ദ്രസർക്കാറിന്റെ അധികാരം ദുർവിനിയോഗംചെയ്‌ത്‌, വോട്ടർമാരെ കൂടെനിർത്താൻ ശ്രമിച്ചതും വെറുതെയായി. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി ആറു തവണ പരാജയപ്പെട്ട ബിജെപിക്ക്‌ വലിയ ആശ്വാസമായിരുന്നു നഗരസഭാ ഭരണം. അതേസമയം, എഎപി സർക്കാരുമായുള്ള രാഷ്‌ട്രീയ യുദ്ധത്തിന്‌ നഗരസഭാ ഭരണത്തെ ബിജെപി ദുരുപയോഗിച്ചത്‌ ജനങ്ങളെ കൊടിയ ദുരിതത്തിലാഴ്‌ത്തിയിരുന്നു. ഇതിനൊക്കെയേറ്റ തിരിച്ചടിയാണ്‌ 15 വർഷമായി തുടർച്ചയായി ഭരിച്ച ബിജെപിയെ ജനങ്ങൾ പുറന്തള്ളിയത്‌.

രാജ്യതലസ്ഥാനം പ്രതിദിനം പുറന്തള്ളുന്ന പതിനായിരത്തോളം ടൺ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം ഏർപ്പെടുത്താൻ ദീർഘകാല ബിജെപി ഭരണത്തിന്‌ സാധിച്ചില്ല. രാജ്യത്തിനാകെ നാണക്കേടായി  ഗാസിപുരിലും ഓഖ്‌ലയിലും ഭൽസ്വയിലും മൂന്ന്‌ കൂറ്റൻ മാലിന്യമലകൾ രൂപംകൊണ്ടു. മൂന്ന്‌ നഗരസഭയിലെയും അഴിമതിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചു.

എഎപി വിജയം നേടിയെങ്കിലും പ്രതീക്ഷിച്ച സീറ്റുകൾ മുഴുവൻ നേടാനും കഴിഞ്ഞില്ല. 2020ൽ വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം ഉണ്ടായപ്പോൾ എഎപി സർക്കാർ സ്വീകരിച്ച നിലപാടാണ്‌ ഇതിനു കാരണം. മുൻകാലങ്ങളിൽ ന്യൂനപക്ഷവിഭാഗങ്ങൾ ഒന്നടങ്കം എഎപിക്ക്‌ വോട്ട്‌ ചെയ്‌തെങ്കിലും ഇക്കുറി അതുണ്ടായില്ല. എഎപി നേതൃത്വത്തിന്റെ മൃദുഹിന്ദുത്വ പ്രസ്‌താവനകളും വോട്ടർമാരിൽ ഒരുവിഭാഗത്തെ അവരിൽനിന്ന്‌ അകറ്റി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top