20 April Saturday

മന്ത്രിമാരുടെ വീടുകൾക്കു മുന്നിൽ കർഷക പ്രക്ഷോഭം ശക്തം

വെബ് ഡെസ്‌ക്‌Updated: Thursday Oct 8, 2020


ന്യൂഡൽഹി
കർഷകദ്രോഹ നിയമങ്ങൾക്കെതിരെ ഹരിയാനയിലും പഞ്ചാബിലും ശക്തമായ പ്രക്ഷോഭം തുടരുന്നു. ഹരിയാനയിൽ കർഷകതാൽപ്പര്യം സംരക്ഷിക്കുമെന്ന്‌ അവകാശപ്പെട്ട്‌ ബിജെപി സർക്കാരിന്റെ ഭാഗമായ ഉപമുഖ്യമന്ത്രിയും ജൻനായക്‌ ജനതാ പാർടി നേതാവുമായ ദുഷ്യന്ത്‌ ചൗതാല ഉടൻ രാജിവയ്‌ക്കണമെന്ന്‌ കർഷകർ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച്‌ ഭുമൻഷാ ചൗക്കിലെ ദുഷ്യന്തിന്റെ വസതിക്കു മുന്നിൽ കർഷകർ തുടങ്ങിയ അനിശ്ചിതകാലസമരം ശക്തമായി. കോവിഡ്‌ നിയന്ത്രണങ്ങൾ ലംഘിച്ച്‌ സമരം ചെയ്‌തതിന്റെ പേരിൽ സിവിൽ ലൈൻസ്‌ പൊലീസ്‌ സ്വരാജ്‌ അഭിയാൻ നേതാവ്‌ യോഗേന്ദ്ര യാദവിനെയും നൂറോളം കർഷകരെയും അറസ്റ്റ്‌ ചെയ്‌തു. ദുഷ്യന്തിന്റെ അമ്മാവനും ഖട്ടർ മന്ത്രിസഭയിൽ ഊർജമന്ത്രിയുമായ രഞ്‌ജിത്‌ ലാൽ ചൗതാലയുടെ സിർസയിലെ വസതിക്കു മുന്നിലും കർഷകർ പ്രതിഷേധിച്ചു. കഴിഞ്ഞദിവസം മന്ത്രിമാരുടെ വസതികൾക്കു മുന്നിൽ പ്രതിഷേധിക്കുന്ന കർഷകർക്കുനേരെ  കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.

ചർച്ചയ്‌ക്കുള്ള ക്ഷണം നിരസിച്ച്‌ പഞ്ചാബ്‌ കർഷകർ
കേന്ദ്രസർക്കാരിന്റെ പുതിയ കർഷകനിയമങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുക്കാനുള്ള ക്ഷണം പഞ്ചാബിലെ കർഷകർ നിരസിച്ചു. ചർച്ചയിൽ പങ്കെടുക്കണമെന്ന്‌ കേന്ദ്ര കൃഷിവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരാണ്‌ കർഷകസംഘടനകളോട്‌ ആവശ്യപ്പെട്ടത്‌. എന്നാൽ, കേന്ദ്രസർക്കാരിൽ ഉത്തരവാദപ്പെട്ടവർ ക്ഷണിച്ചാൽ പങ്കെടുക്കുന്ന കാര്യം ആലോചിക്കാമെന്നാണ്‌ കർഷകസംഘടനകളുടെ നിലപാട്‌.

കർഷകനിയമങ്ങളിൽ പ്രതിഷേധിച്ച്‌ നടത്തുന്ന ‘റെയിൽ തടയൽ’ സമരം തുടരുമെന്നും കർഷകർ അറിയിച്ചു. ചരക്കുതീവണ്ടികൾക്ക്‌  പോകാൻ അവസരമൊരുക്കണമെന്ന മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർസിങ്ങിന്റെ ആവശ്യം കർഷകർ നിരസിച്ചു. ഒരാഴ്‌ചയ്‌ക്കുള്ളിൽ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച്‌ കാർഷിക നിയമങ്ങൾക്ക്‌ എതിരെ പ്രമേയം പാസാക്കണമെന്നും കർഷകർ ആവശ്യമുന്നയിച്ചു. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ കോൺഗ്രസ്‌ നേതാക്കളെ ബഹിഷ്‌കരിക്കുമെന്നും കർഷക സംഘടനകൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top