27 April Saturday

പ്രലോഭിപ്പിച്ച്‌ മതംമാറ്റുന്നത്‌ 
ഭരണഘടനാ വിരുദ്ധം : സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022


ന്യൂഡൽഹി
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ മതപരിവർത്തനം നടത്തുന്നത്‌ അംഗീകരിക്കാനാകില്ലെന്ന്‌ സുപ്രീംകോടതി. നിർബന്ധിത മതപരിവർത്തനം തടയാൻ നടപടികൾ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ബിജെപി നേതാവ്‌ അശ്വിനി ഉപാദ്ധ്യായ നൽകിയ ഹർജി പരിഗണിക്കവെയാണ്‌ നിരീക്ഷണം.

അർഹതയുണ്ടെന്ന്‌ തോന്നുന്ന ആളുകളെ സഹായിക്കുന്നതിൽ തെറ്റില്ല. എന്നാൽ, മതംമാറ്റാൻ വേണ്ടി സഹായിക്കരുത്‌. പ്രലോഭിപ്പിച്ച്‌ മതംമാറ്റുന്നത്‌ ശരിയല്ല. അരിയും മരുന്നും നൽകി മതംമാറാൻ പ്രേരിപ്പിക്കുന്നത്‌ ഭരണഘടനയുടെ അടിസ്ഥാനഘടനയ്‌ക്ക്‌ വിരുദ്ധമാണ്‌–- ജസ്‌റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിരീക്ഷിച്ചു.

തെറ്റായ രീതിയിൽ മതപ്രചാരണം നടത്തുന്നത്‌ ശരിയല്ലെന്ന്‌ കേന്ദ്രസർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർമെഹ്‌ത വാദിച്ചു. മതപ്രചാരണം എന്താണ്‌ അർഥമാക്കുന്നതെന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന്‌ കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകിയ ഛത്തീസ്‌ഗഢ്‌ ക്രിസ്‌ത്യൻ ഫോറത്തിനായി അഡ്വ. സഞ്‌ജയ്‌ഹെഗ്‌ഡെ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ മതംമാറ്റം തടയാൻ കൊണ്ടുവന്ന നിയമനിർമാണങ്ങളുടെ വിശദാംശം സഹിതം സത്യവാങ്‌മൂലം സമർപ്പിക്കാൻ കേന്ദ്രത്തിന്‌ കോടതി നിർദേശം നൽകി. 12ന്‌ കേസിൽ വാദംകേൾക്കൽ തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top