29 March Friday

കോൺഗ്രസ്‌ പ്ലീനറി റായ്‌പുരിൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022


ന്യൂഡൽഹി
കോൺഗ്രസ്‌ പ്രസിഡന്റായി മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടത്‌ അംഗീകരിക്കുന്നതിനുള്ള പ്ലീനറി സമ്മേളനം ഫെബ്രുവരി പകുതിക്കുശേഷം വിളിച്ചുചേർക്കാൻ ഞായറാഴ്‌ച ചേർന്ന സ്റ്റിയറിങ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. മൂന്നുദിവസത്തെ പ്ലീനറി സമ്മേളനം ഛത്തീസ്‌ഗഢിലെ റായ്‌പുരിലാകും ചേരുക.
കോൺഗ്രസിന്റെ 85–-ാമത്‌ പ്ലീനറി സമ്മേളനമാണ് ഇത്‌. പുതിയ പ്രവർത്തകസമിതിയെയും സമ്മേളനത്തിൽ തെരഞ്ഞെടുക്കും. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുപ്പ്‌ നടന്നതിനു സമാനമായി പ്രവർത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പിന്‌ സാധ്യതയുണ്ട്‌.

രാഹുൽ ഗാന്ധിയുടെ ഭാരത്‌ ജോഡോ യാത്ര ജനുവരി അവസാനംവരെ തുടരുന്നതിനാലാണ്‌ പ്ലീനറി ഫെബ്രുവരി പകുതിയിലേക്ക്‌ മാറ്റിയത്‌. ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന സ്റ്റിയറിങ്‌ കമ്മിറ്റി ജോഡോ യാത്ര വിജയകരമെന്ന്‌ വിലയിരുത്തി. പൂർണ സമയവും യാത്രയിൽ ആയതിനാൽ രാഹുൽ ഗാന്ധി ശീതകാല സമ്മേളനത്തിൽ പങ്കെടുക്കുക പ്രായോഗികമല്ലെന്ന്‌ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  പറഞ്ഞു.

യാത്രയുടെ തുടർച്ചയായി ജനുവരി 26 മുതൽ മാർച്ച്‌ 26 വരെ ‘ഹാഥ്‌ സെ ഹാഥ്‌ ജോഡോ’ പ്രചാരണ പരിപാടി സംഘടിപ്പിക്കുമെന്നും കെ സി വേണുഗോപാൽ അറിയിച്ചു. എല്ലാ പഞ്ചായത്തുകളെയും ബൂത്തുകളെയും സ്‌പർശിച്ചുള്ള ബ്ലോക്ക്‌തല യാത്രകളാണ്‌ ‘ഹാഥ്‌ സെ ഹാഥ്‌ ജോഡോ’ പ്രചാരണ പരിപാടിയിൽ മുഖ്യം.  
പ്രിയങ്കയുടെ നേതൃത്വത്തിൽ മഹിളാ ജാഥകൾജോഡോ യാത്രയ്‌ക്കു പിന്നാലെ ആരംഭിക്കുന്ന ‘ഹാഥ്‌ സെ ഹാഥ്‌ ജോഡോ’ പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ മഹിളാ ജാഥകൾ രാജ്യവ്യാപകമായി സംഘടിപ്പിക്കും. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ജാഥയുണ്ടാകും. ഓരോ സംസ്ഥാനത്തിനും പ്രത്യേക മഹിളാ മാനിഫെസ്‌റ്റോയും തയ്യാറാക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top