29 March Friday

കേന്ദ്രഏജൻസികളുടെ ദുരുപയോഗം : അലയടിച്ച്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022


ന്യൂഡൽഹി
കേന്ദ്രഏജൻസികളെ ഉപയോഗിച്ച്‌ പ്രതിപക്ഷ പാർടികളെയും നേതാക്കളെയും മോദി സർക്കാർ വേട്ടയാടുന്നതിനെതിരായി പാർലമെന്റിന്റെ ഇരുസഭയിലും പ്രതിഷേധം ഇരമ്പി. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ലോക്‌സഭയിലും രാജ്യസഭയിലും നടപടികൾ തടസ്സപ്പെട്ടു. നാഷണൽ ഹെറാൾഡ്‌ ഓഫീസ്‌ ഇഡി അടച്ചുപൂട്ടിയത്‌ അടക്കമുള്ള വിഷയങ്ങൾ ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

സുപ്രധാന വിഷയം ഉന്നയിക്കാനുണ്ടെന്ന്‌ കോൺഗ്രസ്‌ ലോക്‌സഭ നേതാവ്‌ അധിർരഞ്‌ജൻ ചൗധുരി സ്‌പീക്കറോട്‌ പറഞ്ഞു. ശൂന്യവേളയിൽ അനുവദിക്കാമെന്ന്‌ സ്‌പീക്കർ നിലപാടെടുത്തു. തുടർന്ന്‌, ചോദ്യോത്തരവേളയിലേക്ക്‌ കടന്നതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.  അധിർരഞ്‌ജൻ ചൗധരിയുടെ നിർദേശപ്രകാരം കോൺഗ്രസ്‌ എംപിമാർ പ്ലക്കാർഡുകളുമായി സഭയിലെത്തി. പ്രതിഷേധം തുടർന്നതിനാൽ സഭ പിരിഞ്ഞു.

രാജ്യസഭയിലും പ്രതിപക്ഷ പ്രതിഷേധത്തിൽ പകൽ 12വരെ ആദ്യം സഭ നിർത്തി. വീണ്ടും ചേർന്നപ്പോൾ ഇഡി സമൻസ്‌ അയച്ച വിവരം പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇഡി സമൻസിൽ സർക്കാരിന്‌ ഒരു പങ്കുമില്ലെന്ന്‌ സഭാ നേതാവും വാണിജ്യ മന്ത്രിയുമായ പീയുഷ്‌ ഗോയൽ പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചർച്ച കൂടാതെ കുടുംബകോടതി ഭേദഗതി ബിൽ പാസാക്കിയശേഷം സഭ പിരിഞ്ഞു.  പാർലമെന്റ്‌ ചേരുമ്പോൾ പ്രതിപക്ഷ നേതാവിനെ കേന്ദ്ര ഏജൻസി വിളിച്ചുവരുത്തുന്നത്‌ ചരിത്രത്തിൽ ആദ്യമായാണ്‌–- ദിഗ്‌വിജയ്‌ സിങ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top