19 April Friday
ബംഗളൂരുവിൽ10 പേരെ കാണാനില്ല

ഒമിക്രോൺ ജാ​ഗ്രത : കൂടുതൽ പേർ നിരീക്ഷണത്തിൽ ; വ്യാപിക്കുമെന്ന് കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021


ന്യൂഡൽഹി
കർണാടകത്തിൽ രണ്ടു പേരിൽ ഒമിക്രോൺ സ്ഥിരീകരിച്ചതിനു പിന്നാലെ രോഗ്യവ്യാപന സാധ്യതയുള്ള രാജ്യങ്ങളിൽ നിന്നെത്തിയ കൂടുതൽപേർ വിവിധ സംസ്ഥാനങ്ങളിൽ നിരീക്ഷണത്തിലായി. ഡൽഹിയിൽ 12 പേർ നിരീക്ഷണത്തില്‍. ഹൈദരാബാദിൽ രോഗസാധ്യതാ രാജ്യങ്ങളിൽ നിന്നെത്തിയ 13 പേർക്ക്‌ കോവിഡ്‌.

ജയ്‌പുരിൽ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ നാലുപേരടക്കം കുടുംബത്തിലെ ഒമ്പതുപേർക്ക്‌ കോവിഡ്‌. മുംബൈയില്‍ 10 പേരടക്കം മഹാരാഷ്ട്രയില്‍ 28 പേർ നിരീക്ഷണത്തില്‍. ഇവരുടെയെല്ലാം സാമ്പിള്‍ ജനിതക പരിശോധനയ്‌ക്കയച്ചു. രോഗസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നെത്തിയ 16,000 പേരെ ആർടിപിസിആർ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയെന്നും വ്യാഴംവരെ 18 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചെന്നും ആരോഗ്യമന്ത്രി മൻസുഖ്‌ മാണ്ഡവ്യ ലോക്‌സഭയിൽ കോവിഡ്‌ ചർച്ചയ്‌ക്കുള്ള മറുപടിയിൽ പറഞ്ഞു. മരുന്നുകളുടെയും മറ്റും കരുതൽ ശേഖരം ഉറപ്പാക്കി. ഓക്‌സിജൻ ക്ഷാമം മറികടക്കാനാകുംവിധം ഉൽപ്പാദനശേഷി വർധിപ്പിച്ചെന്നും- മന്ത്രി പറഞ്ഞു.

വ്യാപിക്കുമെന്ന് കേന്ദ്രം
ഇന്ത്യയടക്കം കൂടുതൽ രാജ്യങ്ങളിലേക്ക്‌ ഒമിക്രോൺ പടരാനിടയുണ്ടെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്നാൽ, വ്യാപനതീവ്രതയും കേസുകളുടെ എണ്ണവും രോഗത്തിന്റെ രൂക്ഷതയും സംബന്ധിച്ച്‌ നിലവിൽ വ്യക്തതയില്ല. ഇന്ത്യയിൽ വാക്‌സിനേഷൻ പുരോഗമിക്കുന്നതിനാലും ഡെൽറ്റ വകഭേദം വലിയൊരു വിഭാഗത്തെ ബാധിച്ചതിനാലും രോഗതീവ്രത താരതമ്യേന കുറവായിരിക്കും. എന്നാൽ, ഇക്കാര്യത്തിൽ ശാസ്‌ത്രീയ തെളിവുകൾ ഉരുത്തിരിയുന്നതേയുള്ളൂ–- മൂന്നാം വ്യാപനത്തിന്‌ സാധ്യതയുണ്ടോയെന്ന ചോദ്യത്തോടുള്ള പ്രതികരണമായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിലവിലെ വാക്‌സിൻ ഒമിക്രോണിനെ ചെറുക്കില്ലെന്ന്‌ ഇതുവരെ തെളിവില്ല. സ്‌പൈക്ക്‌ ജീനിലുണ്ടാകുന്ന ചില ജനിതകവ്യതിയാനങ്ങൾ നിലവിലെ വാക്‌സിനുകളുടെ കാര്യക്ഷമതയെ ബാധിച്ചേക്കാമെങ്കിലും ഗുരുതരസ്ഥിതിയിലേക്ക്‌ കാര്യങ്ങൾ എത്താതെ  സംരക്ഷിക്കും. അതുകൊണ്ട്‌, എല്ലാവരും നിലവിലെ വാക്‌സിനെടുക്കണം–- മന്ത്രാലയം അറിയിച്ചു.

ബംഗളൂരുവിൽ10 പേരെ കാണാനില്ല
നവംബർ 12–-22 കാലയളവിൽ ബംഗളൂരുവിൽ വിമാനമിറങ്ങിയ 10 ദക്ഷിണാഫ്രിക്കൻ പൗരൻമാരെ കാണാനില്ലെന്ന്‌ റിപ്പോർട്ട്‌. ഇവർ ആർടിപിസിആർ പരിശോധനയ്‌ക്ക്‌ വിധേയമായവരല്ല. വിമാനത്താവളത്തിൽ നൽകിയ വിലാസത്തിൽ ഇവരെ കണ്ടെത്താനായില്ല. മൊബൈൽ നമ്പർ സ്വിച്ച്‌ഓഫാണ്‌. ആരോഗ്യ വകുപ്പ്‌ പൊലീസിൽ പരാതിപ്പെട്ടു.

കർണാടകത്തിൽ കൂടുതൽ നിയന്ത്രണം
ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർണാടകത്തിൽ കോവിഡ്‌ നിയന്ത്രണ നടപടികൾ കർശനമാക്കി. ഷോപ്പിങ്‌ മാളുകൾ, സിനിമാ തിയറ്ററുകൾ തുടങ്ങിയ ഇടങ്ങളിൽ പ്രവേശനത്തിന്‌ രണ്ട്‌ ഡോസ്‌ വാക്‌സിൻ നിർബന്ധമാക്കി. വിദ്യാർഥികൾക്ക്‌ സ്‌കൂളിലെത്താൻ മാതാപിതാക്കൾ രണ്ട്‌ ഡോസും എടുത്തെന്ന്‌ അറിയിക്കണം. വിവാഹം, പൊതുയോഗങ്ങൾ, സമ്മേളനങ്ങൾ എന്നിവിടങ്ങളിൽ പരമാവധി 500 പേർ മാത്രം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ആഘോഷ പരിപാടിയും  ജനുവരി 15 വരെ മാറ്റിവച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top