23 April Tuesday

കേസ്‌ തീർപ്പാക്കുന്നതുവരെ കിട്ടാക്കടമായി പ്രഖ്യാപിക്ക​രുത് ; വായ്‌പാ മൊറട്ടോറിയത്തിൽ സുപ്രീം കോടതി നിർദേശം

വെബ് ഡെസ്‌ക്‌Updated: Friday Sep 4, 2020


ന്യൂഡൽഹി
കോവി‍ഡ്‌കാലത്തെ വായ്പകള്‍ക്കേര്‍പ്പെടുത്തിയ മൊറട്ടോറിയം നീട്ടുന്നതുസംബന്ധിച്ച കേസ്‌ തീർപ്പാക്കുന്നതുവരെ അവ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന്‌ സുപ്രീംകോടതി‌. ആഗസ്‌ത്‌ 31 വരെ കിട്ടാക്കടമായി പ്രഖ്യാപിക്കാത്ത വായ്‌പകൾ ഇനി ഒരുത്തരവ്‌ ഉണ്ടാകുന്നതുവരെ കിട്ടാക്കടങ്ങളായി പ്രഖ്യാപിക്കരുതെന്ന്‌ ജസ്‌റ്റിസ്‌ അശോക്‌ഭൂഷൺ അധ്യക്ഷനായ ബെഞ്ച്‌ ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.  കേസ്‌ തീർപ്പാക്കുന്നതുവരെ വായ്‌പക്കാര്‍ക്കെതിരെ ബാങ്കുകൾ നടപടികൾ സ്വീകരിക്കരുതെന്നും വാക്കാല്‍ നിര്‍ദേശിച്ചു.

മഹാമാരികാലത്ത്  വായ്‌പയെടുത്തവരുടെ താൽപ്പര്യം സംരക്ഷിക്കാൻ  ബാധ്യതയുണ്ടെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കിയത്. കോവിഡ്‌ കാലയളവിൽ പ്രഖ്യാപിച്ച മൊറട്ടോറിയം ആഗസ്‌ത്‌ 31ന്‌ അവസാനിച്ചു. സെപ്‌തംബർ ഒന്നുമുതൽ തിരിച്ചടവ്‌ മുടങ്ങിയാല്‍ വായ്‌പ കിട്ടാക്കടങ്ങളായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടായിരുന്നു. മൊറട്ടോറിയം നീട്ടണമെന്നും പലിശയും കൂട്ടുപലിശയും ഈടാക്കരുതെന്നുമുള്ള ഹർജികളാണ്‌ പരിഗണിച്ചത്. ആവശ്യമെങ്കിൽ മൊറട്ടോറിയം ഉപാധികളോടെ രണ്ട്‌ വർഷത്തേക്ക്‌ നീട്ടാൻ കഴിയുമെന്ന്‌ കേന്ദ്രം അറിയിച്ചു. എന്നാൽ, പലിശ ഒഴിവാക്കുന്നതില്‍ കേന്ദ്രവും റിസർവ് ബാങ്ക്‌ഓഫ്‌ ഇന്ത്യയും ബാങ്കുകളുടെ അസോസിയേഷനും ധാരണയിലെത്തിയിട്ടില്ല. അടുത്ത വ്യാഴാഴ്‌ച കേസ്‌ വീണ്ടും പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top