26 April Friday

ഭൂമിപൂജ ‌യു.പി അധികൃതരും കേന്ദ്രസർക്കാരും ഏറ്റെടുത്തത്‌ കോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

ന്യൂഡൽഹി > അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ‌ ഉത്തർപ്രദേശ്‌ അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന്‌ ഏറ്റെടുത്തത്‌ സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന്‌  സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. അയോധ്യാതർക്കം  ഇരുപക്ഷത്തിനും സ്വീകാര്യമായ ഉഭയകക്ഷി കരാർ വഴിയോ കോടതിവിധിയുടെ അടിസ്ഥാനത്തിലോ  പരിഹരിക്കണമെന്ന നിലപാടാണ്‌ സിപിഐ എം തുടക്കംമുതൽ സ്വീകരിച്ചത്‌. സുപ്രീംകോടതി വിധി പറയുകയും രാമക്ഷേത്ര നിർമാണത്തിന്‌ വഴി തുറക്കുകയും ചെയ്‌തു.

നിർമാണച്ചുമതല ട്രസ്‌റ്റ്‌ ഏറ്റെടുക്കണമെന്നാണ്‌ സുപ്രീംകോടതി നിർദേശിച്ചത്‌. ട്രസ്‌റ്റാണ്‌ ഈ കടമ നിറവേറ്റേണ്ടത്‌. 1992 ഡിസംബർ ആറിന്‌ ബാബ്‌റി മസ്‌ജിദ്‌ തകർത്തതിനെ  ക്രിമിനൽ കൃത്യമായി കണ്ട്‌ ‌ കോടതി അപലപിച്ചു. ഇതിൽ കുറ്റക്കാരെ  ശിക്ഷിക്കുന്നതിനു പകരം, മസ്‌ജിദിന്റെ തകർച്ചയ്‌ക്ക്‌ മുൻകാലപ്രാബല്യത്തോടെ നിയമസാധുത നൽകുന്നവിധം കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കരുത്‌.

കോവിഡ്‌ മഹാമാരി രാജ്യമെമ്പാടും പടരുകയാണ്‌. ആഭ്യന്തരമന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം മതപരമായ സമ്മേളനം അനുവദനീയമല്ല. അയോധ്യയിൽ പുരോഹിതർക്കും പൊലീസുകാർക്കും കോവിഡ്‌ ബാധിച്ചെന്ന റിപ്പോർട്ട് മനുഷ്യജീവൻ നേരിടുന്ന ഭീഷണി എടുത്തുകാട്ടുന്നു. ഭരണഘടനാതത്വങ്ങളായ മതനിരപേക്ഷതയും നീതിയും ഉയർത്തിപ്പിടിക്കാൻ  രാജ്യത്തെ ജനങ്ങളോട്‌ പിബി ആഹ്വാനം ചെയ്‌തു. കോവിഡ്‌ പ്രതിരോധിക്കാനുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ മതവികാരം ചൂഷണം ചെയ്യാൻ അനുവദിക്കരുതെന്നും  പിബി ജനങ്ങളോട്‌ ആഹ്വാനംചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top