19 April Friday

ലജ്ജയില്ലേ, ഐപിഎല്‍ ; ഐപിഎല്ലിന് ചൈനീസ്‌ കമ്പനികള്‍ വേണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


ന്യൂഡൽഹി
ഇന്ത്യൻ പ്രീമിയർ ലീഗ്‌ (ഐപിഎൽ) ക്രിക്കറ്റ്‌ മത്സരത്തിൽ‌ ചൈനീസ്‌ സ്‌പോൺസർമാരെ നിലനിർത്താനുള്ള ബിസിസിഐയുടെ തീരുമാനത്തില്‍ വ്യാപക പ്രതിഷേധം. പ്രധാന സ്‌പോൺസറായ ചൈനീസ്‌ മൊബൈൽ കമ്പനി വിവോ അടക്കം ചൈനീസ് പരസ്യദാതാക്കളെ ഒഴിവാക്കേണ്ടെന്ന്‌ ബിസിസിഐ ഗവേർണിങ്‌ കൗൺസിൽ യോഗം തീരുമാനിച്ചു.

അമിത്‌ ഷായുടെ മകനും ബിസിസിഐ സെക്രട്ടറിയുമായ ജയ്‌ ഉൾപ്പെടുന്നതാണ്‌ ഗവേർണിങ്‌ കൗൺസിൽ.  ചൈനീസ്‌ കമ്പനിയുടെ നിക്ഷേപമുള്ള പേടിഎം, ചൈനീസ്‌ ഇന്റർനെറ്റ്‌ ഭീമൻ ടെൻസെന്റുമായി ബന്ധമുള്ള ഡ്രീം 11, സ്വിഗ്ഗി എന്നിവയെയും ഒഴിവാക്കില്ല.

ഇന്ത്യ–-ചൈന അതിർത്തിയിലെ സംഘർഷ പശ്ചാത്തലത്തിൽ ടിക്‌ടോക്‌ അടക്കം 59 ചൈനീസ്‌ ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. എന്നാല്‍, ഐപിഎല്ലിൽ ചൈനീസ്‌ കമ്പനിയെ സഹകരിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വികാരമുണര്‍ന്നു.

ബിസിസിഐ തീരുമാനത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ, വിദേശമന്ത്രി എസ്‌ ജയശങ്കർ എന്നിവർക്ക്‌ കോൺഫഡറേഷൻ ഓഫ്‌ ഓൾ ഇന്ത്യ ട്രേഡേഴ്‌സ്‌ കത്തയച്ചു. ഐപിഎല്ലിനുള്ള അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു. സെപ്‌തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിൽ ഐപിഎല്‍ നടത്താനാണ്‌ ബിസിസിഐ തീരുമാനം.

ചൈനീസ്‌ ടിവികള്‍ പൊട്ടിച്ചവരോട് സഹതാപം
ചൈനീസ്‌ സ്‌പോൺസർഷിപ്‌ തുടരാനുള്ള ബിസിസഐ തീരുമാനം ഇരട്ടത്താപ്പാണെന്ന്‌ നാഷണൽ കോൺഫറൻസ്‌ നേതാവ്‌ ഒമർ അബ്ദുള്ള പറഞ്ഞു. ബാൽക്കണിയിൽനിന്ന്‌ ചൈനീസ്‌ ടിവി എറിഞ്ഞുപൊട്ടിച്ച വിഡ്‌ഢികളെ ഓർത്ത്‌ സഹതപിക്കുന്നു, ഒമർ അബ്ദുള്ള ട്വിറ്ററില്‍ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top