26 April Friday

ഭൂമിപൂജയ്‌ക്ക് കുറിച്ച മുഹൂര്‍ത്തം കൊള്ളില്ല, ചടങ്ങ് മാറ്റണം: ദിഗ്‌വിജയ്‌ സിങ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020


ന്യൂഡൽഹി
അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജയ്‌ക്ക് കുറിച്ച മുഹൂര്‍ത്തം ശുഭകരമല്ലെന്നും ഇക്കാര്യത്തില്‍ സനാതനധർമം പാലിക്കാത്തതിനാലാണ്‌ അമിത്‌ ഷാ അടക്കം ബിജെപി നേതാക്കൾക്ക്‌ കോവിഡ്‌ വന്നതെന്നും മുതിർന്ന കോൺഗ്രസ്‌ നേതാവ് ദിഗ്‌വിജയ്‌ സിങ്‌. മുഹൂര്‍ത്തം ശുഭമല്ലാത്തതിനാല്‍ ക്ഷേത്രനിർമാണത്തിൽ തടസ്സ സാധ്യതയുണ്ട്. പ്രധാനമന്ത്രി പിടിവാശി ഉപേക്ഷിക്കണം. യുപിയിൽ കോവിഡ്‌ ബാധിച്ച്‌ മന്ത്രി മരിച്ചു. ആഭ്യന്തരമന്ത്രി അമിത്‌ ഷാ, യുപി ബിജെപി പ്രസിഡന്റ്‌, മധ്യപ്രദേശ്‌ മുഖ്യമന്ത്രി, കർണാടക മുഖ്യമന്ത്രി, അയോധ്യയിലെ പൂജാരി തുടങ്ങിയവരെല്ലാം കോവിഡ്‌ ബാധിതരായി. സനാതനധർമ മര്യാദകൾ പാലിക്കാത്തതിനാലാണിത്‌‌.കോവിഡ്‌ ബാധിതരായ മന്ത്രിമാരുമായി പ്രധാനമന്ത്രിക്കും യുപി മുഖ്യമന്ത്രിക്കും സമ്പർക്കമുണ്ടായിട്ടുണ്ട്‌. അവർ സമ്പര്‍ക്കവിലക്കില്‍ പോകേണ്ടേ.

സാധാരണക്കാർക്കുമാത്രമാണോ ക്വാറന്റൈൻ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമൊന്നും വേണ്ടേ–- ദിഗ്‌വിജയ്‌ ട്വിറ്ററിൽ ചോദിച്ചു.ഭൂമിപൂജയ്‌ക്ക്‌ മുന്നോടിയായി ചൊവ്വാഴ്‌ച മധ്യപ്രദേശിലും യുപിയിലും കോൺഗ്രസ്‌ വിപുല ചടങ്ങുകൾ സംഘടിപ്പിക്കും. മുൻ മുഖ്യമന്ത്രി കമൽനാഥ്‌ വസതിയിൽ ഹനുമാൻ ചാലിസ സംഘടിപ്പിക്കും.

ഭൂമിപൂജയിൽ 175 പേർ; വേദിയിൽ അഞ്ചുപേർ
അയോധ്യയിൽ ഭൂമിപൂജ ചടങ്ങിൽ 175 പേർ പങ്കെടുക്കുമെന്ന്‌ രാമജന്മഭൂമി ട്രസ്‌റ്റ്‌ ജനറൽ സെക്രട്ടറിയും വിഎച്ച്‌പി നേതാവുമായ ചമ്പക്‌ റായി അറിയിച്ചു. 135 സന്ന്യാസിമാരടക്കം 35 മതസംഘടനയെ പ്രതിനിധീകരിച്ച്‌ 145 പേരുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോഡി, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി ആദിത്യനാഥ്‌, ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌, ട്രസ്‌റ്റ്‌ അധ്യക്ഷൻ നൃത്യഗോപാൽ ദാസ്‌ എന്നിവരായിരിക്കും വേദിയില്‍. ഭൂമിതർക്ക കേസിൽ കക്ഷിയായിരുന്ന അയോധ്യാ സ്വദേശി ഇഖ്‌ബാൽ അൻസാരി, പത്‌മശ്രീ ജേതാവ്‌ മുഹമദ്‌ ഷെരീഫ്‌, നേപ്പാളിലെ ജാനകി മന്ദിർ മഹന്ത് എന്നിവരെയും ക്ഷണിച്ചു‌.

സുരക്ഷാ കോഡുള്ള ക്ഷണപത്രമാണ്‌ നൽകിയിട്ടുള്ളത്‌. ഇതുപയോഗിച്ച്‌ ഒരു പ്രാവശ്യം മാത്രമേ പ്രവേശനം സാധ്യമാകൂ. പുറത്തുകടന്നാൽ പിന്നീട്‌ തിരിച്ചുകയറാനാകില്ല–- ചമ്പക്‌ റായി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top