19 March Tuesday
‘അരംബയ്‌ ടെംഗോൽ’, ‘മെയ്‌ത്തീ ലീപുൻ’ എന്നീ 
 ഹിന്ദുത്വസംഘടനകള്‍ മെയ്‌ത്തീകൾക്കിടയിൽ നീക്കം ശക്തമാക്കി

മണിപ്പുരിൽ പള്ളി 
തകർത്തത്‌ സംഘപരിവാർ

സാജൻ എവുജിൻUpdated: Saturday Jun 3, 2023



ന്യൂഡൽഹി
മണിപ്പുർ കലാപത്തിൽ കുക്കികളുടെ പള്ളികൾക്ക്‌ പുറമെ മെയ്‌ത്തീ വിഭാഗം ക്രൈസ്‌തവരുടെ 247 പള്ളിയും തകർക്കപ്പെട്ടു. മെയ്‌ മൂന്നിന്‌ കലാപം പൊട്ടിപ്പുറപ്പെട്ട്‌ 36 മണിക്കൂറിനുള്ളിലാണ്‌ ഇത്രയും പള്ളികൾ നാമാവശേഷമായത്‌. ആസൂത്രിതമായാണ്‌ പള്ളികൾ തകർക്കപ്പെട്ടതെന്നും കലാപത്തിനു പിന്നിൽ സംഘപരിവാർ പ്രവർത്തിച്ചതിന്‌ തെളിവാണിതെന്നും മണിപ്പുർ സന്ദർശിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ ആന്റോ അക്കര ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. ഒഡിഷയിലെ കാന്ദമാലിൽ 2008ൽ നടപ്പാക്കിയതിനു സമാനമായ രീതിയാണ്‌ മണിപ്പുരിലും സ്വീകരിച്ചതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

തകർക്കപ്പെട്ട പള്ളികളിലെ ചുമതലക്കാരിൽനിന്ന്‌ ഇനി മടങ്ങിവരില്ലെന്ന്‌ എഴുതിവാങ്ങി. സംഭവം പുറത്തുവരുന്നത്‌ തടയാൻ മുൻകരുതൽ സ്വീകരിച്ചു. മെയ്‌ത്തീവിഭാഗം ക്രൈസ്‌തവരിൽ ഒരാളെയും ശാരീരികമായി ആക്രമിച്ചില്ല. അതേസമയം പള്ളിതകർക്കലിനെതിരെ പൊലീസിൽ നൽകിയ പരാതിയൊന്നും സ്വീകരിച്ചിട്ടില്ല. പരാതി നൽകിയവരെ ഭീഷണിപ്പെടുത്തി. ക്രൈസ്‌തവസഭകളുടെ പങ്കാളിത്തത്തോടെയാണ്‌ മണിപ്പുരിൽ കലാപമെന്ന്‌ ആർഎസ്‌എസ്‌ പ്രസിദ്ധീകരണം ‘ഓർഗനൈസർ’ ആരോപിച്ചിരുന്നുവെന്നും ആന്റോ അക്കര പറഞ്ഞു.

മലനിരകളിലെ കുക്കി ഗോത്രവിഭാഗം പൊതുവെ ക്രൈസ്‌തവരാണ്‌. വംശീയ സംഘർഷത്തിനിടെ കുക്കി വിഭാഗക്കാരുടെമാത്രം പള്ളികളാണ്‌ തകർക്കപ്പെട്ടതെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്‌ പുറത്തുവരുന്ന വിവരങ്ങൾ. മണിപ്പുരിലെ മൊത്തം 38 ലക്ഷം ജനസംഖ്യയിൽ 53 ശതമാനം വരുന്ന മെയ്‌ത്തീകളിലും രണ്ടു ലക്ഷത്തോളം ക്രൈസ്‌തവരുണ്ട്‌. മെയ്‌ത്തീകൾ മിക്കവരും ഇംഫാൽ താഴ്‌വരയിലാണ്‌ പാർക്കുന്നത്‌. ബിജെപി ആശീർവാദത്തോടെ, ‘അരംബയ്‌ ടെംഗോൽ’, ‘മെയ്‌ത്തീ ലീപുൻ’ എന്നീ രണ്ട്‌ ഹിന്ദുത്വസംഘടന മെയ്‌ത്തീകൾക്കിടയിൽ അടുത്തകാലത്തോടെ പ്രവർത്തനം ശക്തമാക്കി.

ബിജെപിയുടെ രാജ്യസഭാംഗവും മുൻ രാജാവുമായ ലെയ്‌ഷെംബാ സനജോബയുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന അരംബയ്‌ ആണ്‌ കൂടുതൽ സംഘടിതമായ പ്രസ്ഥാനം. കറുത്ത വസ്‌ത്രങ്ങളാണ്‌ ഇവരുടെ യൂണിഫോം. രണ്ടായിരത്തോളം പേർ ഈ സംഘടയിൽ സജീവമാണ്‌. കലാപത്തിന്റെ തുടക്കത്തിൽ ഇംഫാലിലെ പൊലീസ്‌ ആയുധശാലകളിൽനിന്ന്‌ നൂറുകണക്കിന്‌ തോക്കുകൾ കൊള്ളയടിച്ചത്‌ ആരാണെന്ന ചോദ്യത്തിനും സർക്കാർ ഉത്തരം നൽകിയിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top