04 May Saturday
ആക്രമണം ബിജെപിക്കാർ ബലമായി അടപ്പിച്ച ലോക്കൽകമ്മിറ്റി ഓഫീസ്‌ തുറക്കാനെത്തിയപ്പോൾ

ബിജെപി ആർഎസ്‌എസ്‌ ബോംബേറ്‌ ; ത്രിപുരയിൽ സിപിഐ എം പ്രവർത്തകൻ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

 

അഗർത്തല
ത്രിപുരയിൽ ബിജെപി–- ആർഎസ്‌എസ്‌ നേതൃത്വത്തിൽ പാർടി ഓഫീസിനുനേരെ നടന്ന ബോംബേറിൽ സിപിഐ എം പ്രവർത്തകൻ കൊല്ലപ്പെട്ടു. സെപാഹിജാല ജില്ലയിലെ ചരീലാമിൽ ഷാഹിദ്‌ മിയ (79)യാണ്‌ കൊല്ലപ്പെട്ടത്‌. നിരവധി പ്രവർത്തകർക്ക്‌ പരിക്കേറ്റു. സിപിഐ എം നേതാവും മുൻധനമന്ത്രിയുമായ ഭാനു ലാൽ സാഹ പരിക്കേറ്റ്‌ ചികിത്സയില്‍.

ചരീലാമിൽ നാലര വർഷംമുമ്പ്‌ ബിജെപിക്കാർ ബലമായി അടപ്പിച്ച ലോക്കൽ കമ്മിറ്റി ഓഫീസ്‌ ബുധനാഴ്ച തുറക്കാനെത്തിയ സിപിഐ എം പ്രവർത്തകർക്കുനേരെയാണ്‌ ആക്രമണമുണ്ടായത്. ബോംബെറിഞ്ഞ്‌ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചശേഷം  മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ നാല്‌ പേരെ അറസ്‌റ്റ്‌ ചെയ്‌തതായി പൊലീസ്‌ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്‌ രണ്ട്‌ മാസം ബാക്കിനിൽക്കെയാണ്‌ പ്രതിപക്ഷത്തിനെതിരായ ആക്രമണം ബിജെപി ശക്തമാക്കിയത്‌.

ആക്രമണത്തിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാർ അപലപിച്ചു. പരിക്കേറ്റവരെ അദ്ദേഹം ആശുപത്രിയിൽ സന്ദർശിച്ചു. ത്രിപുരയിൽ ബിജെപി പ്രതിപക്ഷത്തിന്റെ പ്രവർത്തനം ഗുണ്ടകളെ ഉപയോഗിച്ച്‌ തടയുകയാണെന്ന്‌ മണിക്‌ സർക്കാർ പറഞ്ഞു.  ബിജെപി നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി പറഞ്ഞു.

കർക്കശ നടപടി വേണം: പിബി
ത്രിപുരയിലെ ചരീലാമിൽ സിപിഐ എം അംഗം ഷാഹിദ്‌ മിയ കൊല്ലപ്പെടാൻ ഇടയാക്കിയ നിഷ്‌ഠുരമായ ബിജെപി ആക്രമണത്തെ പാർടി പൊളിറ്റ്‌ബ്യൂറോ ശക്തിയായി അപലപിച്ചു. സംസ്ഥാനത്ത്‌ ബിജെപി അധികാരത്തിൽ എത്തിയതുമുതൽ ആക്രമണങ്ങൾ നടത്തുന്നു. സിപിഐ എമ്മിന്റെയും ഇതര പ്രതിപക്ഷ പാർടികളുടെയും ഓഫീസുകൾ തുറക്കാനോ രാഷ്‌ട്രീയപ്രവർത്തനം നടത്താനോ അനുവദിക്കുന്നില്ല. തെരഞ്ഞെടുപ്പിന്‌ രണ്ടുമാസംമാത്രം ശേഷിക്കെ സർക്കാർ–- പൊലീസ്‌ സംവിധാനങ്ങൾ ഉപയോഗിച്ച്‌ രാഷ്‌ട്രീയ എതിരാളികൾക്കുനേരെ ഭീകരമായി ഭരണകക്ഷി നീങ്ങുന്നു.

ആക്രമണത്തിനും കൊലപാതകത്തിനും ഉത്തരവാദികളായവർക്കെതിരെ കർക്കശ നടപടി എടുക്കാൻ പൊലീസ്‌ തയ്യാറാകണം. ത്രിപുരയിൽ സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ്‌ നടക്കണമെങ്കിൽ ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും പുനഃസ്ഥാപിക്കണമെന്ന്‌ പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top