29 March Friday

കോവിഡ്‌ പ്രതിസന്ധി : കുടുംബങ്ങൾക്ക്‌ 7500 രൂപവീതം നല്‍കണം : സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021


ന്യൂഡൽഹി
കോവിഡ്‌ പ്രതിസന്ധി കണക്കിലെടുത്ത്‌ ആദായനികുതി പരിധിക്ക്‌ പുറത്തുള്ള കുടുംബങ്ങൾക്ക്‌ അടിയന്തര ധനസഹായമായി 7500 രൂപ അനുവദിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടു. ആവശ്യമായവർക്കെല്ലാം സൗജന്യ ഭക്ഷ്യക്കിറ്റ് നൽകണം. വിദേശത്തുനിന്നുകൂടി വാക്‌സിൻ സമാഹരിച്ച്‌ സൗജന്യ സാർവത്രിക വാക്‌സിനേഷന്‌ അടിയന്തരമായി തുടക്കമിടണം. 

രാജ്യത്ത്‌ കോവിഡ്‌ വീണ്ടും കൂടുകയാണ്‌. മൂന്നാം തരംഗത്തിലേക്ക്‌ കടക്കുംമുമ്പ്‌ പരമാവധി പേർക്ക്‌ വാക്‌സിൻ നൽകണം. മുതിർന്നവരിൽ 10.83 ശതമാനത്തിന്‌ മാത്രമാണ്‌ രണ്ടുഡോസ്‌ കിട്ടിയത്‌. വാക്‌സിനില്ലെന്ന പരാതി എല്ലാ സംസ്ഥാനത്തിനുമുണ്ട്‌. കേന്ദ്രമാകട്ടെ വാക്‌സിനേഷന്റെ കാര്യത്തിൽ പാർലമെന്റിൽ ഒരേ ദിവസം മൂന്ന്‌ കണക്ക്‌ നൽകി. വാക്‌സിൻ സംഭരണം മന്ദഗതിയില്‍. 

വിവിധ അടച്ചിടൽ ജനങ്ങളുടെ ജീവിതോപാധിയെ ദോഷകരമായി ബാധിച്ചു. വലിയതോതിൽ തൊഴിൽ നഷ്ടമായി. ദിവസേനയുള്ള ഇന്ധനവിലവർധന, വിലക്കയറ്റം രൂക്ഷമാക്കി. പട്ടിണിക്കും പോഷകാഹാരക്കുറവിനും ഇത്‌ ഇടയാക്കുന്നു –- പിബി ചൂണ്ടിക്കാട്ടി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കണം
ഒന്നര വർഷമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരിക്കുന്നതിനാൽ വിദ്യാർഥികൾ വിഷമസ്ഥിതിയിലാണ്‌. ഡിജിറ്റൽ വിദ്യാഭ്യാസത്തിനുള്ള  ഇന്റർനെറ്റ്‌ ലഭ്യതയും മറ്റും 22 ശതമാനം വിദ്യാർഥികൾക്ക്‌ മാത്രമാണുള്ളത്‌. ഭൂരിഭാഗം സർക്കാർ–- സ്വകാര്യ സ്‌കൂളുകളിലും വൈഫൈ ഇല്ല. ഇത്‌ കുട്ടികടത്ത്‌, ബാലവേല, ചെറിയ കുറ്റകൃത്യങ്ങൾ തുടങ്ങി പലവിധ പ്രശ്‌നങ്ങൾക്ക്‌ വഴിയൊരുക്കുന്നു. ഉച്ചഭക്ഷണപദ്ധതി നിലച്ചത്‌ പോഷകാഹാരക്കുറവിനും കാരണമാകുന്നു. അധ്യാപകരെയും വിദ്യാർഥികളെയും ജീവനക്കാരെയും മുൻനിര പ്രവർത്തകരായി പരിഗണിച്ച്‌ വാക്‌സിൻ നൽകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top