25 April Thursday
വ്യാപിക്കുന്നത് ഒമിക്രോൺ ഉപവകഭേദമായ 
 എക്‌സ്‌ബിബി 1.16

രാജ്യത്ത് ഒമിക്രോൺ 
വ്യാപനമേറി ; ഒറ്റ ദിവസം 3016 രോഗികൾ, മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023


വാഷിങ്‌ടൺ
കോവിഡ്‌ ഒമിക്രോൺ ഉപവകഭേദമായ എക്‌സ്‌ബിബി 1.16 ഏറ്റവും കൂടുതൽ വ്യാപിക്കുന്നത്‌ ഇന്ത്യയിലെന്ന്‌ ലോകാരോഗ്യസംഘടന. ഏതാനും മാസമായി എക്‌സ്‌ബിബി 1.16 ഒമിക്രോൺ ഉപവകഭേദം ഇന്ത്യയിൽ പ്രചരിക്കുന്നുണ്ടെന്നും ഇത്‌ നിരീക്ഷിച്ചുവരികയാണെന്നും ലോകാരാഗ്യസംഘടന സാങ്കേതിക വിദഗ്‌ധ മരിയ വാൻ കെർഖോവ്‌ പറഞ്ഞു. നിലവിൽ 22 രാജ്യത്ത്‌ ഈ ഉപവകഭേദമുണ്ട്‌. കൂടുതല്‍ രോ​ഗവ്യാപനം ഇന്ത്യയിലാണ്. പുതിയ സാഹചര്യത്തിൽ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും അവർ പറഞ്ഞു.

ഇന്ത്യയിൽ കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം വർധനയുണ്ട്‌. എക്‌സ്‌ബിബി 1.16 വകഭേദമാണ്‌ കോവിഡ്‌ കുതിപ്പിന് പിന്നിലെന്നാണ്‌ നിഗമനം. ശരാശരി മൂവായിരമായിരുന്ന കോവിഡ്‌ ബാധിതരുടെ എണ്ണം കഴിഞ്ഞ ഏതാനും ആഴ്‌ചകളിലായി 10,500 ആയി ഉയർന്നു.

ഫെബ്രുവരിയിൽ പുണെയിലാണ്‌ എക്‌സ്‌ബിബി 1.16 വകഭേദം ആദ്യമായി കണ്ടെത്തിയത്‌.  48 മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന  പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന, ജലദോഷം, വയറുവേദന എന്നിവയാണ്‌ ലക്ഷണം. മണമോ രുചിയോ നഷ്ടമാകണമെന്നില്ല. ദ്രുതഗതിയിലുള്ള വ്യാപനമാണ്‌ ഈ വകഭേദത്തിന്റെ പ്രത്യേകതയെങ്കിലും ഭൂരിഭാഗം പേർക്കും ഗൃഹപരിചരണത്തിലൂടെതന്നെ രോഗം ഭേദമാകുന്നുണ്ടെന്ന്‌ ആരോഗ്യമേഖലയിലെ വിദഗ്‌ധർ പറയുന്നു.

ഒറ്റ ദിവസം 3016 രോഗികൾ
രാജ്യത്ത് ഒറ്റദിവസം പുതുതായി 3016 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൊട്ടുമുമ്പുള്ള ദിവസത്തേക്കാള്‍ 40 ശതമാനം വർധന. ആറു മാസത്തിനിടയിലെ ഏറ്റവും കൂടിയ രോഗനിരക്കാണിത്. നിലവിൽ രാജ്യത്ത് 13,509രോഗബാധിതരെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 14 മരണം കൂടി റിപ്പോർട്ട്‌ ചെയ്‌തു.‌‌ മഹാരാഷ്‌ട്ര ,ഡൽഹി ,കർണാടക എന്നിവിടങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഒക്‌ടോബറിന്‌ ശേഷമുള്ള ഏറ്റവും രൂക്ഷമായ രോഗവ്യാപനം റിപ്പോർട്ട്‌ ചെയ്‌ത മഹാരാഷ്ട്രയിൽ ഒറ്റദിവസം 694 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

പ്രതിദിന രോഗികളുടെ എണ്ണത്തിൽ 63 ശതമാനം വർധന. ഡൽഹിയിൽ 24 മണിക്കൂറിൽ 300 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  കർണാടകയിൽ ഒറ്റദിവസം 215 രോ​ഗബാധിതര്‍.ബംഗുളുരുവിൽ മാത്രം ദിവസേനയുള്ള രോ​ഗികളുടെ എണ്ണത്തില്‍177 ശതമാനം വർധനയുണ്ടായി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം പ്രതിദിന രോ​ഗസ്ഥിരീകരണ നിരക്ക് 2.7 ശതമാനമാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മിക്ക സംസ്ഥാനവും അടിയന്തരയോ​ഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top