27 April Saturday

കോവിഡ്‌ 19 : രാജ്യത്ത്‌ 3 മരണം ; കേരളത്തിൽ 19 രോഗികൾകൂടി

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020


ന്യൂഡൽഹി
കോവിഡ്‌ ബാധിച്ച്‌ വ്യാഴാഴ്‌ച  മൂന്നുപേർകൂടി മരിച്ചതോടെ രാജ്യത്ത്‌ ആകെ മരണം 16. കർണാടക, ജമ്മു കശ്‌മീർ, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ  ഓരോരുത്തരാണ്‌ മരിച്ചത്‌. മഹാരാഷ്ട്രയിൽ ചൊവ്വാഴ്‌ച മരിച്ച സ്ത്രീയുടെ കോവിഡ്‌ പരിശോധനാഫലവും പോസിറ്റീവാണ്‌. ഇതടക്കമാണ്‌ ആകെ മരണം 16 ആയത്‌. കശ്‌മീരിലെയും രാജസ്ഥാനിലെയും ആദ്യ മരണമാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌.

ശ്രീനഗറിൽ അറുപത്തഞ്ചുകാരനാണ്‌ മരിച്ചത്‌. കർണാടകത്തിൽ ബൗറിങ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന  ചിക്കബെല്ലാപ്പൂർ സ്വദേശിനിയായ എഴുപത്തഞ്ചുകാരിയാണ്‌ മരിച്ചത്‌.  മക്ക തീർഥാടനം തിരിച്ചെത്തിയതായിരുന്നു.  രാജസ്ഥാനിൽ ഭിൽവാരയിൽ എഴുപത്തിമൂന്നുകാരനും ഗുജറാത്തിൽ ഭവ്‌നഗർ സ്വദേശിയായ എഴുപതുകാരനുമാണ്‌ മരിച്ചത്‌.

മഹാരാഷ്ട്രയിൽ മരിച്ചവരുടെ എണ്ണം നാലായി. 125 പേർക്കാണ്‌ രോഗബാധ.  മധ്യപ്രദേശിൽ നിരീക്ഷണത്തിലായിരുന്ന നാൽപ്പത്തേഴുകാരൻ മരിച്ചു. ഇയാളുടെ രക്തസാമ്പിൾ പരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്‌. രാജ്യത്ത്‌ ആകെ രോഗബാധിതരുടെ എണ്ണം 705.

● മുംബൈ ചേരിയില്‍ നാലുപേര്‍ക്ക്‌ രോ​ഗം
● ഡൽഹിയിൽ  മൊഹല്ല ക്ലിനിക്‌ ഡോക്ടർക്കും ഭാര്യക്കും മകൾക്കും രോഗം
● രാജ്യത്ത്  24 മണിക്കൂറിനിടെ 42 പുതിയ രോഗികൾ
● അടച്ചുപൂട്ടൽ നടപ്പായതോടെ ആയിരക്കണക്കിന്‌ തൊഴിലാളികളും കുടുംബങ്ങളും പലായനത്തിൽ
● ഓഹരിവിപണിയിൽ നേട്ടം.  സെൻസെക്‌സ്‌ 1410 പോയിന്റും നിഫ്‌റ്റി 323 പോയിന്റും ഉയർന്നു

 

കേരളത്തിൽ 19 രോഗികൾകൂടി
സംസ്ഥാനത്ത്  വ്യാഴാഴ്‌ച 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ  ഒമ്പതും കണ്ണൂർ ജില്ലയിലാണ്. കാസർകോട്, മലപ്പുറം ജില്ലകളിൽ മൂന്നുവീതവും തൃശൂരിൽ രണ്ടും ഇടുക്കിയിലും വയനാട്ടിലും ഓരോന്നും. ഇതോടെ ആകെ ചികിത്സയിലുള്ളവർ 126 ആയി. ആകെ വൈറസ് ബാധിച്ചവർ 138 ആയിരുന്നു. 12 പേർ രോഗം മാറി ആശുപത്രി വിട്ടു.

എറണാകുളത്ത് ചികിത്സയിലായിരുന്ന മൂന്ന് കണ്ണൂർ സ്വദേശികളെയും രണ്ട് വിദേശ പൗരന്മാരെയുമാണ്  വ്യാഴാഴ്‌ച  ഡിസ്ചാർജ് ചെയ്തത്.  പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി. ഇടുക്കിയിൽ രോഗം കണ്ടെത്തിയ ആൾ പൊതുപ്രവർത്തകനാണ്‌. 1,02,003 പേരാണ്‌  ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. അതിൽ 1,01,402 പേർ വീടുകളിലും 601 പേർ ആശുപത്രികളിലുമാണ്. വ്യാഴാഴ്‌ചമാത്രം 136 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5342 സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്. 3768 എണ്ണം രോഗബാധയെല്ലെന്ന്‌ ഉറപ്പാക്കിയിട്ടുണ്ട്.

സർക്കാർ ആശുപത്രികൾക്കു പുറമെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തും.  879 സ്വകാര്യ ആശുപത്രിയിൽ 69,434 കിടക്കയുണ്ട്. 5607 ഐസിയു കിടക്കയുണ്ട്. 716 ഹോസ്റ്റലിൽ 15,333 മുറി ഉണ്ട്. ഇവയിൽ ചെറിയ അറ്റകുറ്റപ്പണി നടത്തുകയാണ്. കാസർകോട്‌ ജില്ലയിൽ കാര്യങ്ങൾ നിയന്ത്രണത്തിൽ വന്നതായും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top