05 December Tuesday

അദാനി ഗ്രൂപ്പിനെതിരായ വെളിപ്പെടുത്തൽ ; അന്വേഷണസമിതിക്ക്‌ വിശ്വാസ്യത ഇല്ലെന്ന്‌ ഹർജി

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023


ന്യൂഡൽഹി
അദാനിഗ്രൂപ്പിന്‌ എതിരായ ഹിൻഡെൻബെർഗ്‌ വെളിപ്പെടുത്തലുകളെക്കുറിച്ച്‌ അന്വേഷിക്കാൻ പുതിയ വിഗ്‌ധസമിതിയെ ചുമതലപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ സുപ്രീംകോടതിയിൽ ഹർജി. മാർച്ചിൽ സുപ്രീംകോടതി രൂപീകരിച്ച സമിതിയിലെ മൂന്ന്‌ അംഗങ്ങൾക്ക്‌ വിശ്വാസ്യത ഇല്ലെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ അനാമിക ജെയ്‌സ്വാൾ ഹർജി സമർപ്പിച്ചത്‌. മുൻ ജഡ്‌ജി എ എം സാപ്രുവിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ അംഗങ്ങളായ ഒ പി ഭട്ട്‌, കെ വി കാമത്ത്‌, സോമശേഖരൻ സുന്ദരേശൻ എന്നിവർക്ക്‌ വിശ്വാസ്യത ഇല്ലെന്നാണ്‌ ചൂണ്ടിക്കാട്ടുന്നത്.

എസ്‌ബിഐ മുൻ ചെയർമാനായ ഒ പി ഭട്ട്‌ നിലവിൽ ഗ്രീൻകോ കമ്പനി ചെയർമാനാണ്‌. 2022 മാർച്ചുമുതൽ അദാനിഗ്രൂപ്പ്‌ കമ്പനികളുമായി ഗ്രീൻകോ സഹകരിക്കുന്നുണ്ട്‌. ഒ പി ഭട്ട്‌ എസ്‌ബിഐ ചെയർമാനായിരുന്ന 2006– -2011 കാലയളവിൽ വിജയ്‌മല്യക്ക്‌ വായ്‌പകൾ അനുവദിക്കാൻ അനധികൃത ഇടപെടലുകൾ നടത്തിയെന്ന ആരോപണങ്ങളിൽ അദ്ദേഹത്തെ സിബിഐ ചോദ്യം ചെയ്‌തിരുന്നു.

1996 മുതൽ 2009 വരെ ഐസിഐസിഐ ബാങ്ക്‌ ചെയർമാനായിരുന്ന കെ വി കാമത്തിന്റെ പേര്‌ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട്‌ സിബിഐ രജിസ്റ്റർ ചെയ്‌ത എഫ്‌ഐആറിലുണ്ട്‌. സോമശേഖർ സുന്ദരേശൻ സെബിബോർഡ്‌ മുമ്പാകെയുള്ള നിരവധി കേസുകളിൽ അദാനി കമ്പനികൾക്കുവേണ്ടി ഹാജരായിട്ടുണ്ട്‌–- ഹർജിയിൽ ചൂണ്ടിക്കാട്ടി. അദാനിഗ്രൂപ്പിന്റെ ചട്ടലംഘനങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്ന സെബിയുടെ കോർപറേറ്റ്‌ ഗവേണൻസ്‌ സമിതിയിൽ അംഗമായ ‘സിറിൾ അമർചന്ദ്‌ മംഗൾദാസ്‌’ മാനേജിങ്‌ പാർട്‌ണർ സിറിൾ ഷറോഫിന്റെ മകൾ പരിധിയെ വിവാഹം ചെയ്‌തിട്ടുള്ളത്‌ ഗൗതം അദാനിയുടെ മകൻ കരൺ അദാനിയാണ്‌. ഇവരുടെ അന്വേഷണത്തിൽ പക്ഷപാതം ഉണ്ടാകാനുള്ള സാധ്യതകളുണ്ടെന്നും ഹർജിയിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top