29 May Monday

ബിജെപി ജെഡിയു ബന്ധം വഷളായി ; ഉത്തർപ്രദേശിൽ ജെഡിയു തനിച്ച്‌ മത്സരിക്കും

പ്രത്യേക ലേഖകൻUpdated: Tuesday Jan 18, 2022


ന്യൂഡൽഹി
അഞ്ച്‌ സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബിജെപി–- ജെഡിയു ബന്ധം വഷളാകുന്നു. ഉത്തർപ്രദേശിൽ ജെഡിയു തനിച്ച്‌ മത്സരിക്കുമെന്ന്‌ പാർടി ദേശീയ വക്താവ്‌ കെ സി ത്യാഗി പറഞ്ഞു.

ജെഡിയു 31 സ്ഥാനാർഥികളുടെ പട്ടിക ബിജെപിക്ക്‌ നൽകിയിരുന്നു. ജെഡിയുവിന്റെ കേന്ദ്രമന്ത്രി ആർ സി പി സിങ്‌ ബിജെപി നേതാക്കളെ കണ്ട്‌ കുറച്ച്‌ സീറ്റ്‌ നൽകണമെന്ന്‌ അഭ്യർഥിച്ചു. എന്നാൽ, ബിജെപി ഇവരെ ഒരിടത്തുപോലും പരിഗണിച്ചില്ല. ബിഹാറിൽ നാടകകൃത്ത്‌ ദയപ്രകാശ്‌ സിൻഹ അശോക രാജാവിനെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ ഇരുപാർടികളും തമ്മിൽ ഏറ്റുമുട്ടലിലാണ്‌. അശോക രാജാവിനെ അപകീർത്തിപ്പെടുത്തിയ ദയപ്രകാശ്‌ സിൻഹയ്‌ക്ക്‌ നൽകിയ പത്മശ്രീ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ജെഡിയു ദേശീയ അധ്യക്ഷൻ രാജീവ്‌ രഞ്‌ജനും പാർലമെന്ററി ബോർഡ്‌ ചെയർമാൻ ഉപേന്ദ്ര കുഷ്‌വാഹയും രംഗത്തുവന്നു.

പ്രധാനമന്ത്രി  നരേന്ദ്ര മോദിയെ ടാഗ്‌ ചെയ്‌ത്‌ ഇവർ ട്വീറ്റ്‌ ചെയ്‌തു. ബിഹാറിലെ 76 ലക്ഷം പ്രവർത്തകരുടെ ക്ഷമയെ പരീക്ഷിക്കരുതെന്നായിരുന്നു ഇതിനോടുള്ള  ബിജെപി സംസ്ഥാന അധ്യക്ഷൻ സഞ്‌ജയ്‌ ജയ്‌സ്വാളിന്റെ പ്രതികരണം. സഖ്യത്തിനുള്ളിൽ പരിധികളുണ്ട്‌. രാജ്യത്തെ പ്രധാനമന്ത്രിയോട്‌ ട്വിറ്റർ– -ട്വിറ്റർ കളിക്കരുതെന്നും ജയ്‌സ്വാൾ ഫെയ്‌സ്‌ബുക്കിൽ പ്രതികരിച്ചു.

എസ്‌പി സഖ്യത്തിന്‌ ബികെയു പിന്തുണ
നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർടി സഖ്യത്തെ പിന്തുണയ്‌ക്കുമെന്ന്‌ ഭാരതീയ കിസാൻ യൂണിയൻ(ബികെയു) അധ്യക്ഷൻ നരേഷ്‌ ടിക്കായത്ത്‌ പറഞ്ഞു. എല്ലാ മണ്ഡലത്തിലും എസ്‌പി സഖ്യ സ്ഥാനാർഥികൾക്ക്‌ വോട്ട്‌ ചെയ്യണം. പശ്‌ചിമ ഉത്തർപ്രദേശിലെ ഫലം കർഷകർക്ക്‌ അഭിമാനപ്രശ്‌നമാണ്‌. കർഷകരുടെ കരുത്ത്‌ തെളിയിക്കാൻ എല്ലാ മാർഗവും സ്വീകരിക്കണമെന്നും നരേഷ്‌ പറഞ്ഞു.

മേഖലയിൽ പ്രാദേശികയോഗങ്ങളിൽ നരേഷ്‌ പങ്കെടുത്തു. 18 ജില്ലയിൽ  ബികെയു പിന്തുണ എസ്‌പി സഖ്യത്തിന്‌ നിർണായക മേൽക്കൈ നൽകും. 2014 മുതലുള്ള തെരഞ്ഞെടുപ്പുകളിൽ ബിജെപിയാണ്‌ ഇവിടെ ജയിക്കുന്നത്‌. കർഷക പ്രക്ഷോഭ സംഘാടകൻ രാകേഷ്‌ ടിക്കായത്തിന്റെ സഹോദരനാണ്‌ നരേഷ്‌.

കോവിഡ്‌ മാനദണ്ഡ ലംഘനം : ബിജെപിക്കെതിരെ നടപടിയില്ലെന്ന്‌
ഉത്തർപ്രദേശിൽ കോവിഡ്‌ മാനദണ്ഡം ലംഘിച്ച്‌ പ്രചാരണപരിപാടി സംഘടിപ്പിക്കുന്ന ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ്‌ കമീഷൻ നടപടിയെടുക്കുന്നില്ലെന്ന്‌  സമാജ്‌വാദി പാർടി അധ്യക്ഷൻ അഖിലേഷ്‌ യാദവ്‌. സമാജ്‌വാദി പാർടിക്കെതിരെ ഏകപക്ഷീയമായി നടപടി സ്വീകരിക്കുന്നതായും പരാതി.

ഹസൻപുരിലെ ബിജെപി സ്ഥാനാർഥി മഹേന്ദ്രസിങ് ഖദക്ക്‌ വംശിയുടെ സ്വീകരണത്തിൽ മാനദണ്ഡം ലംഘിച്ച്‌ നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ്‌ അഖിലേഷിന്റെ വിമർശം ആരും മാസ്‌ക്‌ ധരിക്കുകയോ സാമൂഹ്യഅകലം പാലിക്കുകയോ ചെയ്‌തിരുന്നില്ല.

ബിജെപിക്കെതിരെ 
പരീക്കറുടെ മകൻ
​ഗോവയില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന മനോഹർ പരീക്കറുടെ മണ്ഡലത്തിലെ സ്ഥാനാർഥിനിർണയത്തിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശവുമായി മകൻ ഉത്‌പൽ പരീക്കർ. പരീക്കർ 25 വർഷം പ്രതിനിധാനം ചെയ്‌ത പനജി മണ്ഡലത്തിൽ മുൻമന്ത്രി അറ്റാൻസിയോ ബാബുഷ്‌ മൊൺസരേത്തിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ്‌ ഉത്‌പൽ രംഗത്തെത്തിയത്‌. ക്രിമിനൽ പശ്‌ചാത്തലമുള്ള ഒരാളെ സ്ഥാനാർഥിയാക്കുന്നത്‌ അംഗീകരിക്കാനാകില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയം ഇത്തരത്തിൽ അധഃപതിക്കുന്നത്‌ കണ്ടുനിൽക്കാനാകില്ല. വേണ്ടിവന്നാൽ സ്വതന്ത്രനായി മത്സരിക്കുമെന്നും ഉത്‌പൽ അറിയിച്ചു. ഉത്‌പൽ മത്സരിച്ചാൽ എല്ലാ ബിജെപിയിതര കക്ഷികളും പിന്തുണയ്‌ക്കണമെന്ന്‌ ശിവസേന വക്താവ്‌ സഞ്‌ജയ്‌ റാവത്ത്‌ ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡ്‌ മഹിള 
കോൺഗ്രസ്‌ അധ്യക്ഷ 
ബിജെപിയിൽ
ഉത്തരാഖണ്ഡ്‌ മഹിള കോൺഗ്രസ്‌ അധ്യക്ഷ സരിത ആര്യ ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി പുഷ്‌കർ ധാമിയുടെ സാന്നിധ്യത്തിൽ ഡെറാഡൂണിൽ നടന്ന ചടങ്ങിലാണ്‌ അംഗത്വം എടുത്തത്‌. നൈനിറ്റാൾ സീറ്റിൽ മത്സരിച്ചേക്കും.നൈനിറ്റാൾ മുൻഎംഎൽഎയായ സരിത 2017ൽ ഇവിടെ പരാജയപ്പെട്ടു. ബിജെപിയിൽ ചേരുമെന്ന്‌ ഉറപ്പായതോടെ ഇവരെ പാർടിയിൽനിന്ന്‌ പുറത്താക്കിയതായി പിസിസി പ്രസ്‌താവന  ഇറക്കി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top